എന്റെ ഇടവക വികാരി , സ്ഥലം മാറി പോകുന്ന പ്രിയപ്പെട്ട മനുവച്ചന് നന്ദിപൂർവ്വം……കത്തോലിക്കാ ദേവാലയങ്ങളിലെ വികാരി അച്ചൻമാരുടെ സ്ഥലമാറ്റങ്ങളെന്നത് കാലാനുസൃതമായി നടത്തിപ്പോരുന്നൊരു സാധാരണ നടപടിക്രമം മാത്രമാണ്. സമർപ്പണ ജീവിതത്തിന്റെ അനിവാര്യവും എന്നാൽ യാതൊരുവിധ ലാഭേഛയോ കൂടാതെ വൈദീകർ-പുതിയ മേച്ചിൽ സ്ഥലങ്ങളിലേക്ക് കർത്തൃ ശുശ്രൂഷയ്ക്കായി പോകുന്നു.
ഇത്തരത്തിലാണ് നാളിതുവരേയും ഞാൻ വൈദീകരുടെ സ്ഥലം മാറ്റങ്ങളെ വീക്ഷിച്ചിട്ടുള്ളത്. ഇത്തവണ എന്റെ വികാരി അച്ചനായ ബഹുമാനപ്പെട്ട .മനുവച്ചൻ ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുമ്പോൾ , കാര്യങ്ങളെ ദൈവീകമായ കൃത്യ വിധി എന്നതിനൊപ്പം തന്നെ മാനുഷീകമായ പ്രാവർത്തിക തലത്തിലും വിലയിരുത്തണമെന്ന് തോന്നി.
പ്രകൃതിയും കാലവും നിലം തൊടീക്കാതിരുന്ന കടുത്തപരീക്ഷണങ്ങളുടെ മൂന്ന് ശുശ്രൂഷാ വർഷങ്ങൾ.. അതായിരുന്നു അച്ചന്റെ തുണ്ടത്തുംകടവിലെ സേവനകാലം. ഭക്തി രംഗത്തു മാത്രമല്ല, വിശ്വാസം പൂണ്യമായി മാറുന്ന പ്രാവർത്തികതകളുടെ തലത്തിലുംനേതൃത്വപാടവം തെളിയിച്ചിട്ടാണ് മനുവച്ചൻ പുതിയ ഇടവകയിലേക്ക് സ്ഥലം മാറി പോകുന്നത്.
2018 എന്ന പ്രളയ വർഷത്തിലാണ് മനുവച്ചൻ എന്റെ ഇടവക ദേവാലയമായ തുണ്ടത്തുംകടവ് ഉണ്ണിമിശിഹാ ദേവാലയത്തിൽ വികാരിയായി എത്തുന്നത്. എന്തു ചെയ്യണമെന്നറിയാതെനാടും നാട്ടുകാരും തരിച്ചിരുന്ന നേരം.പുതിയതായി കടന്നുവന്നതിന്റെ യാതൊരു പരിഭ്രമമോ നിസംഗതയോ ഉണ്ടായില്ല. നിവാരണത്തിന്റെ മുന്നണി പോരാളിയായി നിന്നുകൊണ്ട് അച്ചൻ രക്ഷാദൗത്യങ്ങൾ മുന്നിൽ നിന്നു നയിച്ചു.വിദ്യാർത്ഥികൾക്കടക്കം ആവശ്യമുള്ള അടിസ്ഥാന സാമഗ്രികൾ വിതരണം ചെയ്തു. വീട് നഷ്ടപ്പെട്ടവർക്ക് പുതിയതായി വീട് വച്ച് നൽകാനും ഭാഗീകമായി തകർന്ന വീടുകൾ പുനർ നിർമ്മിക്കാനും മുൻകൈയ്യെടുത്തു.. പ്രളയക്കെടുതിയിൽ പണിയായുധങ്ങൾ നഷ്ടപ്പെട്ടവർക്കും ജീവിതോപാധികൾ നശിച്ചവർക്കും ആവുന്നത്ര സഹായമാണ് അച്ചന്റെ നേതൃത്വത്തിൽ ചെയ്തത്വിശന്നു കഴിയുന്നവരെക്കുറിച്ചുള്ള സ്നേഹദായകമായ കരുതലിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.. ..
കഴിഞ്ഞ വർഷം കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിന് തൊട്ടു മുമ്പാണ് , നമ്മുടെ നാടിന്റെ വിളക്കായ ഇൻഫന്റ് ജീസസ് എൽ.പി.സ്ക്കൂളിന്റെ ശതാബ്ദി ആഘോഷം നടത്തിയത്. ഒരു ഗ്രാമോത്സവത്തിന് സമാനമായ ആഘോഷ പരിപാടികളാണ് ആ ചരിത്ര നിമിഷങ്ങളുടെ ധന്യതയ്ക്കായ് അച്ചന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടത്.2020 – ലും 2021-ലും മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോൾ , ആരോഗ്യ പ്രവർത്തകർ നിർദേശിച്ച സുരക്ഷാ മാർഗ്ഗങ്ങൾ ഏറ്റവും കാര്യക്ഷമതയോടെ അച്ചന്റെ നേതൃത്വത്തിൽ പ്രാവർത്തികമാക്കി. ദേവാലയത്തിലെ തിരുക്കർമ്മങ്ങളെല്ലാം തന്നെ ഏറ്റവുംകണിശതയാർന്ന സുരക്ഷിതത്വ നിർദേശങ്ങളെ അടിസ്ഥാനമാക്കി നിർവഹിച്ചു. നവ മാധ്യമങ്ങളിലൂടെ അതെല്ലാം കൃത്യമായി വിശ്വാസ സമൂഹത്തിലെത്തിക്കാനും അച്ചന് സാധിച്ചു. ഇടവക ജനത്തിന്റെ വിശ്വാസപരവും ആദ്ധ്യാത്മീകവുമായ ആവശ്യങ്ങൾ നിവർത്തിക്കാൻ അച്ചൻ ബദ്ധശ്രദ്ധനായിരുന്നു..
. ക്രൈസ്തവ വിശ്വാസ ദർശനങ്ങളുടെയും കത്തോലിക്കാ സഭാ പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ,യേശുവിന്റെ പ്രേഷിതവേലക്കായി സ്വയം സമർപ്പണം ചെയ്തവരുടെ ഏതെങ്കിലും പ്രവർത്തികളെ പ്രതി അവരെ അനുമോദിക്കുകയോ പ്രകീർത്തിക്കയോ ചെയ്യേണ്ടതില്ല.കാരണം അതവരുടെ കടമയും ഉത്തരവാദിത്വവുമാണ്. എന്നിരുന്നാലും ഈ ആധുനിക കാലത്തെ പ്രത്യേക സാഹചര്യത്തിൽ,അച്ചന് ഹൃദയപൂർവ്വം നന്ദിയർപ്പിക്കുന്നു.ബഹുമാനപ്പെട്ട മനുവച്ചന്റെ തുടർന്നുള്ള പൗരോഹിത്യ ജീവിതത്തിലും വ്യക്തി ജീവിതത്തിലും കൂടുതൽ അനുഗ്രഹങ്ങളും കരുതലും നൽകി തുണ്ടത്തുംകടവിന്റെ നാഥനായ ഉണ്ണീശോ അച്ചനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു
Boban Varapuzha
ഇടവകയിലെ നന്മകൾ മംഗളവാർത്തയിൽ നൽകുവാൻ ആഗ്രഹിക്കുന്നവർ എഴുതിഅയക്കുക . വാട്സപ്പ് നമ്പർ 9446329343