യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ലോകം മുഴുവന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍വെച്ചു നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. യേശുവിന്റെ സന്ദേശം സാർവത്രിക ലോകത്തിന് വേണ്ടിയുള്ളതാണ്. അനുകമ്പ, പരസ്പര ബഹുമാനം, ഓരോ മനുഷ്യന്റെയും അന്തസ്സ് എന്നിവ ഭാരതത്തിന്റെ മൂല്യങ്ങളെ ശക്തമായി പ്രതിധ്വനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള സമൂഹങ്ങൾ ഭിന്നതകളും സംഘർഷങ്ങളും നേരിടുന്ന ഈ കാലത്ത് ക്രിസ്തീയ മൂല്യങ്ങൾ പ്രത്യേകിച്ചും പ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. ഔപചാരിക പരിപാടിക്ക് മുമ്പ്, ഉപരാഷ്ട്രപതി മറ്റ് വിശിഷ്ട വ്യക്തികളോടൊപ്പം പുല്‍ക്കൂട് സന്ദർശിക്കുകയും ഉണ്ണിയേശുവിന് ആദരവ് അർപ്പിക്കുകയും ചെയ്തു.

പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് വിശിഷ്‌ടാതിഥിയായിരുന്നു. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഇന്ത്യയിലെ വത്തിക്കാൻ നുൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേല്ലി, സീറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

നിങ്ങൾ വിട്ടുപോയത്