പത്താം ക്‌ളാസ്സ്കാരുടെ യാത്രയയപ്പ് വേള വേർപിരിയലിന്റെ സങ്കട പ്രകടന സന്ദർഭമാണെന്നാണ് പൊതു വിചാരം .
പണ്ടത്തെ ഓട്ടോഗ്രാഫ് എഴുത്തൊക്കെ ഓർമ്മ വരുന്നു .ഇതൊക്കെ പറഞ്ഞാൽ അത് അമ്മാവൻ കോംപ്ലെക്സോ തന്ത വൈബോവായി പരിഹസിക്കപ്പെടും. എന്നാലും കുറ്റസമ്മതം പോലെ ചിലത് പറയാതെ വയ്യാ

പതിനഞ്ചു വയസ്സുകാരുടെ കൂട്ടായ്‌മയിൽ ആട്ടവും പാട്ടും വേണം .താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ വിവധ സ്‌കൂളുകളിലെ കുട്ടികൾ ഒത്തു ചേർന്ന് ചെയ്ത വേർപിരിയൽ ചടങ്ങിൽ അതുണ്ടായിരുന്നു .എന്നാൽ പിന്നീട് നടന്ന തല്ല് മാലയും കൊല്ലലുമൊക്കെ മൂപ്പെത്താത്ത ആ കൊച്ചു തലച്ചോറുകളിലും മനസ്സുകളിലുമൊക്കെ
അക്രമത്തിന്റെ വൈറസുകൾ എത്ര ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് .കോപ നിയന്ത്രണത്തിന്റെ കടിഞ്ഞാണുകൾ ദുര്ബലമാകുന്നുവെന്നതിന്റെ സാക്ഷ്യമാണ് .ഇതൊക്കെ തന്നെയാണ് ഒരു സ്‌കൂളിൽ നടന്ന റാഗിങ്ങിലും കണ്ടത്. .തൃശ്ശൂരിൽ പതിനാല് വയസ്സുകാരനെ ചോദ്യം ചെയ്തപ്പോൾ ഒറ്റ കുത്തിന് ഒരു യുവാവിനെ വധിച്ച
സംഭവത്തിലും തെളിഞ്ഞത് .വൈകാരിക നിയന്ത്രണവും ,ഇച്ഛാഭംഗങ്ങളെ കൈകാര്യം ചെയ്യലും ,നോ ആദരവോടെ സ്വീകരിക്കലുമുൾപ്പെടെയുള്ള ജീവിത നിപുണതകളുടെ കാര്യത്തിൽ കുട്ടികൾ പിന്നോക്കം പോവുകയാണോ ?പര ക്ലേശ വിവേകവും ,സഹജീവി സ്നേഹവും ശുഷ്കമാവുകയാണോ ?ഇത്തരം ആഘോഷ വേളകളിൽ ലഹരി പദാർത്ഥങ്ങളുടെ നുഴഞ്ഞു കയറ്റമുണ്ടോ ?ഇവരുടെ വീടുകളിൽ അശാന്തിയുടെ പശ്ചാത്തലമുണ്ടോ ?വളർത്തൽ വൈകല്യങ്ങളുണ്ടോ ?ഈ സംഭവത്തെ ഒരു കേസ് സ്‌റ്റഡി ആക്കി പൊതുവിൽ ഈ പ്രായത്തിലുള്ളവർ ചെന്ന് പെടുന്ന പെരുമാറ്റ വൈകല്യങ്ങൾ തടയാനൊരു മാർഗ്ഗ രേഖ ഉണ്ടാക്കണം .

കുട്ടികളുടെ ഇത്തരം ഗുണ്ടാ പെരുമാറ്റങ്ങൾ വീടുകളിൽ ഉണ്ടാകുന്നുണ്ടെന്ന് വരുന്ന കേസുകളുടെ വെളിച്ചത്തിൽ ഉറപ്പായി പറയാം .ഈ ശൈലിയിലുള്ള പ്രതികരണങ്ങൾ കൗമാരങ്ങളിൽ സാധാരണമായി കഴിഞ്ഞു .ടീനേജ് സഹജ രീതികൾ മൂലം കൂട്ടായ്‍മകളിൽ അത് വർദ്ധിക്കുന്നു .അക്രമവും വയലൻസും നാട്ടാചാരവും വിനോദവുമായി അടയാളപ്പെടുത്തുന്ന കാലത്തിൽ അവർ ആ വഴി പോകുന്നു .സിനിമകളും വെബ്‌സീരീസുകളും മാത്രമല്ല പ്രതികൾ .

അക്രമ മാതൃകകളെ തള്ളി പറയാതെ യുവാക്കളെ കൊണ്ട് സ്വന്തം നേട്ടങ്ങൾക്കായി പൊതു സമരങ്ങളിൽ ഗുണ്ടായിസം ചെയ്യിപ്പിക്കുകയും അതിനെ രക്ഷാ പ്രവർത്തനമായി വാഴ്ത്തുകയും ചെയ്യുന്ന മുതിർന്ന നേതാക്കളും ഉത്തരവാദികളല്ലേ ?പൊതു കാഴ്ചകളിൽ നിറയുന്ന പ്രതിഷേധങ്ങളിലെ സ്ഥായി ഭാവം അക്രമമല്ലേ?കുട്ടികൾക്ക് എന്ത് നല്ല മാതൃകകളാണ് സമൂഹം നൽകുന്നത് ?ഈ പിള്ളേർ അവർക്ക് ചുറ്റുമുളള ലോകത്തിലെ പലതും പകർത്തുന്ന പ്രകൃതമുള്ളവരാണ്. .വെറും കോപ്പി ക്യാറ്റുകൾ .അവർ ഇരകളാണ് .പ്രതികൾ നമ്മളാണ് .നേർവഴി കാട്ടാത്ത മുതിർന്നവരുടെ സമൂഹം. നമ്മുടെ പരാജയമാണ് ഇത് .തല താഴ്ത്താം.

(ഡോ .സി .ജെ .ജോൺ )
കേരള കൗമുദിയിൽ നിന്ന്

All reactions: