മംഗളവാർത്തക്കാലം
ആരാധനാക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗള വാർത്തക്കാലം. ഡിസംബർ 25ന് ആഘോഷിക്കുന്ന നമ്മുടെ കർത്താവിന്റെ ജനനത്തിരുനാളാണ് ഈ കാലത്തിന്റെ കേന്ദ്രം. പിറവിക്കുമുമ്പ് നാല് ആഴ്ചകളും പിറവിക്കുശേഷം രണ്ട് ആഴ്ചകളും സാധാരണയായി ഈ കാലത്തിൽ ഉണ്ടാവാറുണ്ട്. ഈ കാലത്തിലെ ഞായറാഴ്ച്ചകളിൽ ആറ് സുപ്രധാന മിശിഹാസംഭവങ്ങൾ സഭ അനുസ്മരിക്കുന്നു. ഈ സംഭവങ്ങൾക്ക് മാറ്റമില്ലാത്തതിനാൽ അപ്രകാരമുള്ള ഓർമകളായി ഓരോ ആഴ്ചയും അറിയപ്പെടുന്നു.
1. മംഗളവാർത്ത ഒന്നാം ഞായർ
(സക്കറിയായോടുള്ള അറിയിപ്പിന്റെ ഞായർ)
ഈ ആഴ്ചയിലെ സുവിശേഷം സക്കറിയാപുരോഹിതനോടുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പിനെ അനുസ്മരിക്കുന്ന ദിവസമാണ്. നമ്മുടെ കർത്താവിന് വഴിയൊരുക്കാനെത്തിയ യോഹന്നാൻ മാംദാനയുടെ ജനനത്തിന്റെ അറിയിപ്പ് മക്കളില്ലാത്ത ആ വ്യദ്ധദമ്പതികൾക്ക് ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു. യോഹന്നാന്റെ ജനനത്തിന്റെ അറിയിപ്പിന്റെ ഞായറാഴ്ചയെന്നും മംഗളവാർത്തയുടെ ആദ്യ ഞായർ അറിയപ്പെടുന്നു. രക്ഷാകര ചരിത്രത്തിൽ സഭ യോഹന്നാന് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ് ആദ്യ ഞായറാഴ്ചയിലെ ഈ അനുസ്മരണം.
2. മംഗളവാർത്ത രണ്ടാം ഞായർ
(മറിയത്തോടുള്ള അറിയിപ്പിന്റെ ഞായർ മംഗളവാർത്ത തിരുനാൾ)
യോഹന്നാന്റെ ജനത്തിനുശേഷം വരുന്നത് നമ്മുടെ കർത്താവിന്റെ ജനനത്തെ കുറിച്ചുള്ള മറിയത്തോടുള്ള മംഗളവാർത്തയുടെ അനുസ്മരണമാണ്. മറിയത്തിന്റെ സമ്മതം എങ്ങനെ മനുഷ്യരാശിയെ രക്ഷയിലേക്ക് നയിച്ചു എന്ന് സഭ ചിന്തിക്കുന്ന ആഴ്ചയാണിത്. രക്ഷയ്ക്ക് അനുസരണ എത്രയോ ആവശ്യമാണെന്ന് സഭ ഓർമിപ്പിക്കുകയാണ് ഈ തിരുനാളിലൂടെ.
3. മംഗളവാർത്ത മൂന്നാം ഞായർ
(യോഹന്നാന്റെ ജനനത്തിന്റെ ഞായർ)
സ്ത്രീകളിൽനിന്നും ജനിച്ചവനിൽ വലിയവനായ യോഹന്നാന്റെ ജനനത്തെ സഭ അനുസ്മരിക്കുകയാണ് മൂന്നാമത്തെ ആഴ്ചയിൽ.നമ്മുടെനകർത്താവിന്റെ പരസ്യ ജീവിതത്തിന്റെ തുടക്കമാണ് യോഹന്നാനിൽനിന്നുള്ള മാമ്മോദീസാ. അനുതാപത്തിന്റെ മാമ്മോദീസാ നൽകികൊണ്ട് തന്റെ ശിഷ്യരെ ഈശോയുടെ പക്കലേക്ക് അയക്കുന്ന യോഹന്നാൻ വിശ്വാസികൾക്ക് എന്നും ഈശോയിലേക്കുള്ള ചൂണ്ടുപലകയാണ്.
4. മംഗളവാർത്ത നാലാം ഞായർ / പിറവിത്തിരുന്നാൾ
(നമ്മുടെ കർത്താവിന്റെ ജനനത്തിന്റെ ഞായർ)
കന്യകയിൽനിന്നുള്ള ജനനം സഭ ആദ്യം അനുസ്മരിക്കുന്നത് ഡിസംബർ 25നു മുമ്പുള്ള ഞായറാഴ്ചയാണ്. സഭയുടെ കാഴ്ചപ്പാടിൽ സാമ്പത്ത് ഞായറാണ് വലിയ ദിനം. പിറവിയോടുള്ള അടുത്തുള്ള ഞായറാഴ്ച നമ്മുടെ കർത്താവിന്റെ ജനനം അന്‌സ്മരിക്കുന്നതുമൂലം ഞായറാചയെ സഭ എത്രമാത്രം വിലമതിക്കുന്നു എന്ന് നോക്കികാണേണ്ടതുണ്ട്.
5. മംഗളവാർത്ത അഞ്ചാം ഞായർ
(മ്ഗൂശേന്മാരുടെ സന്ദർശനം )
മിശിഹായെ പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു ജനതയുടെ മുഴുവന്റെയും സ്വപ്‌നസാക്ഷാൽക്കാരമായാണ് കിഴക്കുനിന്നുള്ള വിദ്വാന്മാരുടെ സന്ദർശനത്തെ സഭ മനസിലാക്കുക. നമ്മുടെ കർത്താവിന്റെ രാജത്വവും നിത്യപൗരോഹിത്യവും സൗഖ്യശുശ്രൂഷയും ലോകത്തിന് മുമ്പിൽ പ്രവചിച്ച് കാഴ്ചവസ്തുക്കളിലൂടെ വെളിപ്പെടുത്തിയ വിദ്വാന്മാരെ ഓർക്കുകയാണ് സഭ.
6. മംഗളവാർത്ത ആറാം ഞായർ / പിറവി രണ്ടാം ഞായർ
(കാഴ്ചവെയ്പിന്റെ ഞായർ)
മൂശയുടെ നിയമപ്രകാരമുള്ള നമ്മുടെ കർത്താവിന്റെ വീണ്ടെടുപ്പാണ് മംഗളവാർത്താ കാലത്തെ അവസാന ഞായറാഴ്ച അനുസ്മരിക്കുന്നത്. നിയമത്തിന്റെയും പ്രവാചകന്മാരെയും പൂർത്തീകരിക്കുന്ന ഈശോയുടെ വിധേയത്വമാണ് ഈ ആഴ്ച്ചയിലെ പ്രമേയം. ശിമയോൻ കൈകളിലെടുത്ത് മാനവരാശിക്കായി നൽപ്പെട്ടിരിക്കുന്ന രക്ഷയുടെ മഹാരഹസ്യങ്ങളെ കാണുന്നതും ഹന്നാ കാത്തിരുന്നുകണ്ട രക്ഷയും ബലിപീഠത്തിൽ ഇരിക്കുന്ന രക്ഷയും (സജ്ജമാക്കപ്പെട്ട ശരീരവും കലർത്തപ്പെട്ട കാസായും) ഒന്നാണെന്ന് സഭ പഠിപ്പിക്കുകയാണ് ഈ ഞായറാഴ്ചയിലൂടെ.