ഭയപ്പെടണം

ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു. ഇപ്പോൾ ആ കെട്ടിടം അവർ മാറ്റങ്ങൾ വരുത്തി ഇത്തരം ധ്യാന ഗ്രൂപ്പുകൾക്കും മറ്റും ഉപയോഗപ്പെടുത്തുകയാണ്. 50-60 വർഷം മുമ്പ് ആ മഠത്തിൽ 500 -ഓളം സന്ന്യാസിനികൾ പാർത്തിരുന്നു. അതേ ക്യാമ്പസിൽത്തന്നെ നോവിഷ്യേറ്റ് മഠത്തിന്റെ മറ്റൊരു കെട്ടിടം കൂടി ഉണ്ടായിരുന്നു. അവിടെ വേറെ 400-ഓളം പേർ. മൊത്തം 900-ത്തിലധികം പേർ! എന്നിട്ടോ, ഇപ്പോൾ പ്രായമായ കുറെ പേർ മാത്രം. അവരാകട്ടെ, പ്രധാന കെട്ടിടത്തിൽ നിന്ന് മാറി മറ്റൊരു ചെറിയ കെട്ടിടത്തിലാണ് താമസം. കുറെ കാലത്തേക്ക് പുതുതായി ആരും ചേർന്നില്ല. അങ്ങനെ പുതിയ ആളുകൾക്ക് അനുശീലനം നൽകാൻ തക്ക പ്രായത്തിലുള്ള അംഗങ്ങൾ ഇല്ലാതെ വന്നപ്പോൾ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കുന്നത് അവർ നിർത്തലാക്കി. ഇതുപോലുള്ള നൂറുകണക്കിന് ഉദാഹരണങ്ങൾ ഉണ്ടാവും.

വിശ്വാസ ജീവിതത്തിൽ നിന്ന് മനുഷ്യർ അകന്നു പോയതിന് ആളുകൾ പല കാരണങ്ങൾ പറയുമായിരിക്കാം. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച, സമൂഹത്തിലെ സെക്കുലറൈസേഷൻ, സമൂഹത്തിൽ വളർന്നുവന്ന ഇൻഡിവിജ്വലിസം, ഇന്റർനെറ്റ് വ്യാപകമായതോടെ ലൈംഗിക മേഖലയിൽ വന്നുചേർന്ന കടിഞ്ഞാൺ ഇല്ലായ്മ എന്നൊക്കെ ഒരു നൂറ് കാരണങ്ങൾ നമുക്ക് പറയാം. എന്നാൽ, ഇന്നും ബഹുഭൂരിപക്ഷം വരുന്ന യുവജനങ്ങളും ദൈവത്തിൽ അല്ലെങ്കിൽ സർവ്വനിയന്താവായ ഒരു പരാശക്തിയിൽ വിശ്വസിക്കുന്നവരാണ് എന്നതുകൊണ്ടുതന്നെ ആദ്യം പറഞ്ഞ രണ്ടു കാരണങ്ങളും കാരണങ്ങളല്ലാതാവുന്നു. സോഷ്യൽ മീഡിയ ചെറുപ്പക്കാരിലെ ലൈംഗിക തൃഷ്ണയെ മന്ദിഭവിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നൊരു നിരീക്ഷണം കേൾക്കുന്നുണ്ട്. അതുപോലെ നീലച്ചിത്രങ്ങൾ പോർണോഗ്രഫി എന്നീ വ്യവസായങ്ങൾ അധോഗതിയിലാണ് എന്നതും നാം നിരീക്ഷിക്കണം. അങ്ങനെ നോക്കുമ്പോൾ അവസാനം പറഞ്ഞ കാരണങ്ങളും യഥാർത്ഥ കാരണങ്ങളല്ല എന്നാണ് ഞാൻ കരുതുന്നത്. പിന്നെ എന്താണ് കാരണം?

ഇന്നലെ കുറിച്ചത് പോലുള്ള പ്രഹരത്തിന്റെ കുറവ്.

രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് മരുഭൂമികളെ കേന്ദ്രീകരിച്ചുള്ള സന്ന്യാസത്തിലേക്ക് പോയത്. സാഹചര്യമെന്തായിരുന്നു?

റോമാ സാമ്രാജ്യത്തിലെ മതപീഡനം.

പിന്നീട് അഞ്ചും ആറും നൂറ്റാണ്ടുകളിൽ ഒത്തിരി പേർ മാേണസ്റ്ററികളിൽ ജീവിതം സമർപ്പിച്ചു.

പശ്ചാത്തലമോ?

സഭയിൽ വിശ്വാസികൾ സൈന്യത്തിൽ ചേരുവാനും യുദ്ധങ്ങളിൽ പങ്കെടുക്കാനും തുടങ്ങിയ സാഹചര്യം. വിശ്വാസവൈപരീത്യം.

പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിൽ (discalced-mendicant) നിഷ്പാദുക – പരിവ്രാജക സന്ന്യാസ സമൂഹ (കർമ്മലീത്ത, ഫ്രാൻസിസ്കൻ, ഡോമിനിക്കൻ) മുന്നേറ്റങ്ങളിൽ പതിനായിരങ്ങൾ ആകൃഷ്ടരായി.

സാഹചര്യമോ?

പരമ്പരാഗത സന്യാസത്തിലെ അപചയവും വിശ്വാസ ജീവിതത്തിലും സഭാ നേതൃത്വത്തിലും വന്നുചേർന്ന ആഡംബര പ്രമത്തതയും.

പതിനാറും പതിനേഴും നൂറ്റാണ്ടുകളിലും ഉണ്ടായി സന്ന്യാസജീവിത നവോത്ഥാനം.

സാഹചര്യമോ?

മാർട്ടിൻ ലൂഥറിനും കാൽവിനും പിന്നാലെ നിരവധി പ്രൊട്ടസ്റ്റന്റ് സമൂഹങ്ങൾ സഭയെ കുറ്റപ്പെടുത്താനും ആക്രമിക്കാനും തുടങ്ങിയത്.

ഇരുപതാം നൂറ്റാണ്ടിലാണ് വലിയതോതിലുള്ള സന്ന്യാസ ജീവിത പ്രവേശനം ഉണ്ടാകുന്നത്.

സാഹചര്യമോ?

1914 മുതൽ 1918 വരെ ഉണ്ടായ ഒന്നാം ലോക യുദ്ധവും 1939 മുതൽ 1945 വരെ ഉണ്ടായ രണ്ടാം ലോക യുദ്ധവും. (1920 മുതൽ 1960 വരെയായിരുന്നു എന്നു പറയാം സ്ത്രീ പുരുഷ ഭേദമെന്യേ പാശ്ചാത്യ ലോകത്താകമാനം സന്ന്യാസാശ്രമങ്ങൾ തഴച്ചുവളർന്നത്).

സമൂഹത്തിലെ വിശ്വാസ പ്രതിസന്ധിയും മനുഷ്യരുടെ വേദനയും കഷ്ടപ്പാടുമാണ് കുറേ മനുഷ്യരെ തങ്ങൾക്കു തന്നെ അഭിമുഖം നിർത്തുന്നതും ദൈവത്തിനും മനുഷ്യർക്കുമായി സ്വജീവിതം സമർപ്പിക്കാൻ പ്രചോദിപ്പിക്കുന്നതും. അത്രയും ചെയ്തില്ലെങ്കിൽപ്പോലും വിശ്വാസി സമൂഹം പൊതുവേ കരുണയിൽ വളരാൻ അത്തരം പ്രതിസന്ധി ഘട്ടങ്ങൾ കാരണമാകും.

ഏറ്റവും അവസാനമായി കോവിഡ്-19 എന്ന ചെറിയ പ്രതിസന്ധി പോലും വിശ്വാസത്തിൽ പുതിയ ശ്വാസം നിറയ്ക്കുന്നുണ്ട്. കഥയറിയാതെ ആട്ടം കണ്ടിരുന്നവർ സ്ഥലം വിടാനും ആട്ടത്തിൽ താല്പര്യമില്ലാതിരുന്നവർ കഥ മനസ്സിലാക്കി ആട്ടത്തിനെത്താനും തുടങ്ങുന്നു.

മറ്റുമതസമൂഹങ്ങൾ ക്രൈസ്തവരായ ഞങ്ങളെ ഉന്നമിടുന്നു; നിങ്ങളുടെ നാടകങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ ഞങ്ങളുടെ വിശ്വാസത്തെ മുറിവേല്പിക്കുന്നു; ഞങ്ങളുടെ വിശ്വാസം വ്രണപ്പെടുന്നു; നിരീശ്വരവാദം വളരുന്നു; സഭ ഇല്ലാതാവുകയാണ് എന്നൊന്നും കരയാനും പരിതപിക്കാനും ഞാൻ ആളല്ല.

കാരണം, സഹനത്തിലും മരണത്തിലുമാണ് ഉത്ഥാനം എന്നാണ് ക്രിസ്തുവിൽ ഞാൻ കാണുന്നത്.

പ്രതിസന്ധികളാണ് മാറ്റത്തിനും ആഴപ്പെടലിനും നിദാനം എന്നാണ് ചരിത്രത്തിൽ ഞാൻ കാണുന്നത്.

‘ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ’ എന്നാണ് വേദത്തിൽ ഞാൻ കാണുന്നത്.

ഭയപ്പെടണം.

തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിട്ടുള്ള പുതിയ തലമുറയിൽ പരസ്നേഹത്തിൻ്റെയും നന്മയുടെയും വിശ്വാസത്തിൻ്റെയും കനൽ നിക്ഷേപിക്കാത്ത മാതാപിതാക്കളെ, വൈദികരെ, സന്ന്യസ്തരെ, സഭയെ, സമൂഹത്തെ ഭയപ്പെടണം.

സമ്പത്ത് ആർജ്ജിക്കണം; പദവികളും അധികാരവും വേണം; അവനവൻ്റെ കാര്യം നോക്കിപ്പോകണം എന്നു പഠിപ്പിക്കുന്ന സംസ്കാരത്തെ ഭയപ്പെടണം.

സ്വന്തം ഉണ്മയിലേക്കും വ്യഥിതമായ സമൂഹത്തിലേക്കും ഒരു നിമിഷമെങ്കിലും തിരിഞ്ഞു നിലക്കാനുള്ള സാഹചര്യം ഒരുക്കാതെ, ജീവിതം സുഖിക്കാനുള്ളതാണ് എന്നുപറയുന്ന തത്ത്വശാസ്ത്രത്തെ ഭയപ്പെടണം.

ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !

ജോർജ് വലിയപാടത്ത്

(Capuchin Friar)

നിങ്ങൾ വിട്ടുപോയത്