മാർച്ച് ആറാം തീയതി ശനിയാഴ്ച, നജാഫ്, ഊർ എന്ന സ്ഥലങ്ങളാണ് മാർപാപ്പാ സന്ദർശിക്കുന്നത്. ഷിയാ മുസ്ലിം വിഭാഗത്തിന്റെ ഏറ്റവും പുണ്യ നഗരങ്ങളിലൊന്നായ നജാഫ് മധ്യ ഇറാഖിലാണ് സ്ഥിതിചെയ്യുന്നത്. ഷിയാകാരുടെ ആദ്യത്തെ ഇമാമിന്റെ ശവകുടീരം അടങ്ങിയ ഇസ്ലാമിലെ ഏറ്റവും വിശുദ്ധസ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇമാം അലി മോസ്ക്ക് ഈ നഗരമധ്യത്തിലാണ്. അനവധി പ്രവാചകന്മാരുടെയും വിശ്വാസികളുടെയും ശവകുടീരങ്ങളും നജാഫിലുണ്ട്. അവിടെ സംസ്കരിക്കപ്പെട്ടാൽ സ്വർഗ്ഗത്തിൽ പ്രവേശനം ലഭിക്കുമെന്നൊരു വിശ്വാസവും അവിടെ നിലനിൽക്കുന്നു. വലിയ ആയത്തൊള്ള സായിദ് അലി അൽ-ഹൂസ്സൈനി-സിസ്താനിയുമായി മാർപാപ്പാ സൗഹൃദകൂടിക്കാഴ്ച നടത്തുന്നത് ഇവിടെവച്ചാണ്. അതിന് ശേഷം വിമാനമാർഗ്ഗം നസ്സീറിയായിലേയ്ക്കാണ് മാർപാപ്പാ യാത്രയാകുന്നത്. അവിടെയെത്തുന്ന മാർപാപ്പാ, ഊർ താഴ്വാരത്തുവച്ച് വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തുകയും മതാന്തര സമ്മേളനത്തിൽ പ്രഭാഷണം നൽകുകയും ചെയ്യും.

ഊർ

തെക്കൻ മെസപ്പെട്ടോമിയയിൽ സുനീർ മേഖലയിലെ ഒരു നഗരമായിരുന്നു ഊർ. ഏകദൈവത്തിൽ വിശ്വസിക്കുന്ന യഹൂദ, ക്രൈസ്തവ, മുസ്ലീം പാരമ്പര്യങ്ങൾ പൂർവ്വ പിതാവായി കരുതുന്ന അബ്രാഹാം, ദൈവത്തിന്റെ കൽപ്പനയനുസരിച്ച് കാനാ൯ ദേശത്തേക്ക് പുറപ്പെട്ടത് ഊർ ദേശത്ത് നിന്നാണ്. ഇവിടെ നടക്കുന്ന മതാന്തര സമ്മേളനത്തിൽ പ്രഭാഷണം നൽകിയ ശേഷം ബാഗ്ദാദിലേക്ക് വിമാനം വഴി യാത്രതിരിക്കുന്ന മാർപാപ്പാ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കൽദായ കത്തീഡ്രൽ ദേവാലയത്തിൽ ജനങ്ങൾക്കൊപ്പം ദിവ്യബലി അർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്യും. മാർച്ച് ഏഴാം തീയതി ഞായറാഴ്ച ഏർബിൽ, മൊസൂൾ, ക്വരകോഷ് എന്നീ പുരാതന പട്ടണങ്ങളിലാണ് പാപ്പയുടെ കാര്യപരിപാടികൾ നടക്കുന്നത്.

ഏർബിൽ

കുർദിഷ് ഭാഷയിൽ ഷ്യൂലർ എന്നും അറബിയിൽ അർബൽ എന്നും അറിയപ്പെടുന്ന ഈ നഗരം ഇറാക്കി കുർദിസ്ഥാൻ സ്വയംഭരണ പ്രദേശത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. പർവ്വതനിരകൾക്ക് താഴെയുള്ള സമതലത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലുള്ള ഭൂരിഭാഗം ഇറാക്കി കുർദിസ്ഥാൻ നിവാസികൾ പരുക്കൻ പാറക്കെട്ടിലാണ് താമസിക്കുന്നത്. പണ്ടുമുതലേ കുർദിസ്ഥാൻ നിവാസികളുടെ പരമ്പരാഗത ആവാസകേന്ദ്രമാണിത്. മാർച്ച് ഏഴാം തീയതി രാവിലെ ഏർബിലേക്ക് വിമാനത്തിൽ യാത്രയാരംഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പായ്ക്ക് വിമാനത്താവളത്തിൽവെച്ച് മതനേതാക്കളും, ഇറാക്കി കുർദിസ്ഥാൻ സ്വതന്ത്ര പ്രവിശ്യയുടെ പ്രസിഡണ്ടും സ്വീകരണം നൽകും. സ്വീകരണത്തിന് ശേഷം അവരുമായി മാർപാപ്പയുടെ സ്വകാര്യ കൂടിക്കാഴ്ച. തുടർന്ന് പരിശുദ്ധപിതാവ് ഹെലിക്കോപ്റ്ററിൽ മൊസൂളിലേയ്ക്ക് യാത്രയാകും.

മൊസൂൾ

വടക്കൻ ഇറാഖിലെ ഒരു പ്രധാന നഗരമാണ് മൊസൂൾ. മാർബിൾ, എണ്ണ എന്നിവയാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം. അഞ്ച് മുസ്ലിം പ്രവാചകന്മാരുടെ ശവകുടീരങ്ങളുടെ സാന്നിധ്യം മൂലം പ്രവാചകന്മാരുടെ നഗരം എന്നും, രണ്ടുറവകളുടെ മാതാവ് എന്നും, അൽ അറബിയൻ എന്നും അറിയപ്പെടുന്നു. ഇവിടെനിന്നു ഒരു ലക്ഷത്തി ഇരുപതിനായിരം ക്രൈസ്തവർ ഉൾപ്പെടെ അരലക്ഷത്തോളം ആളുകൾ യുദ്ധങ്ങൽൾ മൂലം പലായനം ചെയ്തതായി കണക്കാക്കപ്പെടുന്നു. മൊസൂളിലെത്തുന്ന മാർപാപ്പാ യുദ്ധത്തിൽ വധിക്കപ്പെട്ടവർക്കായി ഹോഷ് അൽ-ബേയാ ദേവാലയങ്കണത്തിൽവച്ച് പ്രത്യേക പ്രാർത്ഥന അർപ്പിക്കും. തുടർന്ന് മൊസൂളിൽനിന്നും ഹെലിക്കോപ്റ്ററിൽ ക്വരകോഷിലേയ്ക്ക് യാത്രചെയ്യും.

ക്വരകോഷ്

വടക്കൻ ഇറാക്കിലുള്ള ഒരു അസ്സിറിയ൯ നഗരമാണ് ക്വരകോഷ്. അമ്പതിനായിരത്തിലധികം നിവാസികളുള്ള രാജ്യത്തെ പ്രധാന ക്രിസ്ത്യൻ നഗരമാണിത്. 90% ക്രൈസ്തവരും ഇവിടെയാണ് താമസിക്കുന്നത്. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തിൽ ഇവിടെയുണ്ടായിരുന്ന ക്രൈസ്തവരുടെ വീടുകളും, ദേവാലയങ്ങളും, ഗ്രന്ഥശാലയും, മറ്റു പ്രധാന കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു. ഇറാക്കി കുർദിസ്ഥാനിൽ അഭയം തേടി പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾ തിടുക്കത്തിൽ വീടു വിടേണ്ടി വന്നു. രണ്ടു വർഷത്തിനു ശേഷം 2016ൽ ജിഹാദ് അധിനിവേശത്തിൽ നിന്നും നഗരം മോചിപ്പിക്കപ്പെട്ടു. അമലോൽഭവ മാതാവിന്റെ നാമത്തിലുള്ള ഒരു കത്തീഡ്രൽ ദേവാലയം ഇവിടെയുണ്ട്. ജനങ്ങളുടെ പ്രധാന ജീവിത മാർഗ്ഗം കൃഷിയാണ്. ഫ്രാൻസിസ് പാപ്പാ ക്വരകോഷിലേ അമലോത്ഭവമാതാവിന്റെ ദേവാലയത്തിൽവച്ച് വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയും പ്രഭാഷണവും നടത്തും. അതിനെ തുടർന്ന് ത്രികാല പ്രാർത്ഥനയും, സന്ദേശവും നൽകുന്ന മാർപാപ്പാ രാവിലത്തെ കാര്യപരിപാടികൾ പൂർത്തിയാക്കിയതിനു ശേഷം ഏർബിലിലെ ഫ്രാസോ ഹരീരി മൈതാനത്തിൽ സമൂഹ ദിവ്യബലി അർപ്പിക്കും. ദിവ്യബലിക്കുശേഷം മാർപാപ്പാ ബാഗ്ദാദിലേക്ക് മടങ്ങും.

മാർച്ച് എട്ടാം തീയതി തിങ്കളാഴ്ച രാവിലെ ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഔദ്യോഗിക യാത്രയയപ്പിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ റോമിലെ ചംബീനോ വിമാനത്താവളത്തിൽ ഇറങ്ങി വത്തിക്കാനിലേക്ക് മടങ്ങും.സമാധാനത്തിന്റെ ചിഹ്നമായ ഒലിവുശാഖയുമേന്തി പറക്കുന്ന പ്രാവിനെയും, “നിങ്ങളെല്ലാം സഹോദരന്മാരാണ്” എന്ന തിരുവചനത്തെ ആപ്തവാക്യമാക്കിയും സമാധാനത്തിനും സാർവ്വസാഹോദര്യ സഹവാസത്തിനുമായി പ്രയത്നിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മുപ്പത്തിമൂന്നാമത്തെ അപ്പോസ്തോലിക സന്ദര്‍ശനം ഫലദായകമാകാ൯ പ്രാര്‍ത്ഥിക്കാം.

നിങ്ങൾ വിട്ടുപോയത്