ആര്‍ക്കാണ് ഇടവകയുടെ സ്വത്ത് ക്രയവിക്രയം (വില്‍ക്കലും വാങ്ങലും) നടത്താന്‍ നിയമപരമായി അനുവാദമുള്ളത്?
നിയമത്തില്‍ മറ്റെന്തെങ്കിലും രീതി നിശ്ചയിച്ചിട്ടില്ലെങ്കില്‍ ഒരു നയ്യാമിക വ്യക്തിയുടെ സ്വത്ത് കെകാര്യം ചെയ്യുക എന്ന ഉത്തരവാദിത്വം ആ സ്വത്തുക്കളുടെ സാധാരണ ഭരണം ആരുടെ കയ്യിലാണോ അദ്ദേഹത്തിന്‍റേതാണ് എന്നാണ് പൗരസ്ത്യസഭകള്‍ക്കുള്ള കാനന്‍ നിയമസംഹിത നിഷ്കര്‍ഷിക്കുന്നത്. {Unless the law provides otherwise, the administration of the ecclesiastical goods of a juridic person is the responsibility of the one who immediately governs it (CCEO, c/ 1023)}.
ഇടവകയെന്ന ട്രസ്റ്റിന്‍റെ അഥവാ സൊസെറ്റിയുടെ ജനറല്‍ ബോഡി യോഗമായ പള്ളിയോഗത്തിന്‍റെ അല്ലെങ്കില്‍ തത്തുല്യ സമിതിയായ പ്രതിനിധിയോഗത്തിന്‍റെ സമ്മതത്തോടെ ഇടവകവികാരിക്കും ഇടവകയിലെ കെക്കാരന്മാര്‍ക്കും ഒന്നിച്ചോ അല്ലെങ്കില്‍ വെവ്വേറെയോ ഇടവകയുടെ സ്വത്തുക്കള്‍ കെകാര്യം ചെയ്യാന്‍ അധികാരമുണ്ട്. അക്കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സഭയുടെ പൊതുനിയമങ്ങളും ഇന്ത്യയുടെ സിവില്‍ നിയമങ്ങളും അതാത് രൂപതകളുടെ നിയമങ്ങളും നിയമാവലി ഉള്ള സ്ഥാപനങ്ങളാണെങ്കില്‍ അവയും മറ്റുമാണ്. ഇടവകവികാരിയുടെയും കൈക്കാരന്മാരുടേയും ഇക്കാര്യത്തിലുള്ള അധികാരം നിയന്ത്രിക്കുന്നത് കാനന്‍ നിയമവും പള്ളിയോഗത്തിന്‍റെ നിയമാവലിയും ഓരോ രൂപതയുടേയും നിയമാവലിയും ആണ്. സമിതികളുടെ സമ്മതം നിശ്ചയിക്കുന്നത് ഭൂരിപക്ഷാഭിപ്രായപ്രകാരമാണ്. സാധാരണഗതിയില്‍ വോട്ടെടുപ്പൊന്നും ഈ സമിതികളില്‍ ഉണ്ടാകാറില്ല. വേണമെങ്കില്‍ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷാഭിപ്രായം തേടുകയും ചെയ്യാം.
പള്ളിയോഗത്തെ സംബന്ധിച്ച് ശ്രദ്ധേയമായ കാര്യം അതിന്‍റെ സമ്മേളനങ്ങള്‍ക്ക് ക്വോറം ഇല്ല എന്നതാണ്. അതുകൊണ്ട് അതില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരുടെ അഭിപ്രായം പൊതുയോഗത്തിന്‍റെ സമ്മതമായി കണക്കാക്കും. അത് ഇടവകയിലെ എല്ലാ അംഗങ്ങള്‍ക്കും ബാധകമാകുകയു ചെയ്യും. കുടുംബനാഥന്മാരോ അവരുടെ അഭാവത്തില്‍ കുടുംബനാഥമാരോ അല്ലെങ്കില്‍ സ്ഥിരമായ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രായപൂര്‍ത്തിയായ ഒരു കുടുംബാംഗമോ ആയിരിക്കും പള്ളിയോഗത്തിന്‍റെ അംഗങ്ങള്‍. ഉദാഹരണമായി നൂറ് കുടുംബങ്ങള്‍ ഉള്ള ഒരിടവകയിലെ പള്ളിയോഗത്തില്‍ നൂറ് അംഗങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ ഇരുപത് പേര്‍ പങ്കെടുക്കുന്ന ഒരു പൊതുയോഗത്തില്‍ പതിനൊന്ന് പേര്‍ ചേര്‍ന്ന് ഒരു തീരുമാനം എടുത്താല്‍ നിയമദൃഷ്ട്യാ അത് സാധുവാണ്. നിയമത്തില്‍ മറ്റൊന്നും മറിച്ച് പറയുന്നില്ലെങ്കില്‍ ഖണ്ഡിതഭൂരിപക്ഷമുണ്ടെങ്കില്‍ തീരുമാനങ്ങള്‍ സാധുവാകും. യോഗത്തില്‍ പങ്കെടുക്കുന്നവരുടെ പകുതിയില്‍ കൂടുതല്‍ പേര്‍ ഒരു തീരുമാനത്തിന് സമ്മതം കൊടുക്കുമ്പോള്‍ ഖണ്ഡിതഭൂരിപക്ഷം ഉണ്ട് എന്ന് പറയുന്നു.
പള്ളിയോഗമോ അല്ലെങ്കില്‍ പ്രതിനിധിയോഗമോ എടുക്കുന്ന തീരുമാനങ്ങള്‍ നിലവിലുള്ള സഭാനിയമങ്ങള്‍ അനുസരിച്ച് രൂപതാദ്ധ്യക്ഷന്‍റെ അംഗീകാരത്തിന് വിധേയമാണ്. അംഗീകാരം കിട്ടിയാലേ ആ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പറ്റുകയുള്ളു. അത് സിവില്‍ നിയമവും അംഗീകരിക്കുന്നുണ്ട്. അംഗീകാരം കൊടുക്കുന്നതിന് മുമ്പായി പൊതുയോഗത്തില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് രൂപതാദ്ധ്യക്ഷന്‍ ചോദിക്കും. യോഗപുസ്തകത്തില്‍ ഒപ്പിട്ടിരിക്കുന്നവരുടെ ലിസ്റ്റാണ് ചോദിക്കുന്നത്. അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന തീരുമാനങ്ങള്‍ നിയമാനുസൃതം എടുത്തതാണ് എന്നുറപ്പിക്കുന്നതിനാണ് അപ്രകാരം ചെയ്യുന്നത്. അതുപോലെ തന്നെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന തീരുമാനങ്ങള്‍ എടുത്ത പൊതുയോഗസമ്മേളനം നിയമാനുസൃതം വിളിച്ചു ചേര്‍ത്തവയാണെന്നും പങ്കെടുത്തവര്‍ അതിന് അവകാശമുള്ളവര്‍ മാത്രമാണെന്നും ഉറപ്പു വരുത്തിയ ശേഷമാണ് അംഗീകാരം കൊടുക്കുന്നത്.
സാധാരണഗതിയില്‍ നിയമാനുസൃതം എടുത്ത തീരുമാനങ്ങളെ ഏകപക്ഷീയമായി അംഗീകരിക്കാതിരിക്കാന്‍ രൂപതാദ്ധ്യക്ഷന് സാദ്ധ്യമല്ല. അതേ സമയം തീരെ കുറച്ച് അംഗങ്ങളുടെ പങ്കാളിത്തത്തോടെ എടുക്കപ്പെടുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളെ അംഗീകരിക്കാന്‍ പ്രയാസം നേരിടും. അതുപോലെ തന്നെ നിയമാനുസൃതമല്ലാതെ എടുക്കുന്ന തീരുമാനങ്ങളും അംഗീകരിക്കപ്പെടാതെ പോകാം. ഈ സാഹചര്യം ഒഴിവാകണമെങ്കില്‍ പൊതുയോഗത്തില്‍ അല്ലെങ്കില്‍ പ്രതിനിധിയോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമുള്ള എല്ലാവരും പങ്കെടുക്കുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യണം. യോഗം നിയമാനുസൃതമാണെങ്കിലേ അവര്‍ അങ്ങനെ ചെയ്യാവൂ.
പങ്കെടുക്കേണ്ടവര്‍ യോഗത്തില്‍ പങ്കെടുക്കാതെ പിന്നീട് പരാതികള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും ന്യായമായ പരാതികള്‍ ഉണ്ടെങ്കില്‍ അക്കാര്യം ആദ്യം പൊതുയോഗത്തിന് തന്നെ സമര്‍പ്പിക്കുകയും അവരുടെ തീരുമാനത്തില്‍ തൃപ്തി വരുന്നില്ലെങ്കില്‍ മാത്രം രൂപതാദ്ധ്യക്ഷനെ സമീപിക്കുകയും ചെയ്യാം. അത്തരം കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നത് രൂപതാദ്ധ്യക്ഷന്‍ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ്. ഇക്കാര്യങ്ങളെല്ലാം കാനന്‍ നിയമസംഹിതയിലും പൗരസ്ത്യവ്യക്തിഗതസഭകളുടെ പ്രത്യേക നിയമങ്ങളിലും രൂപതകളുടെ നിയമാവലികളിലും കൊടുത്തിരിക്കുന്നത് എല്ലാവരും പ്രത്യേകിച്ച് അല്മായവിശ്വാസികളും പഠിച്ചിരിക്കേണ്ടത് സഭാഭരണം സുഗമമാക്കാന്‍ അത്യന്താപേക്ഷിതമാണ്. അതല്ലെങ്കില്‍ ശക്തിയും സ്വാധീനവും മറ്റും ഉള്ളവര്‍ കാര്യങ്ങളെ നിയന്ത്രിച്ചെന്ന് വരും.
Authored by : Bishop Jose Porunnedom On 29-May-2021
Catholic Malayalam.