Mar_George_Cardinal_Alencherry 2

ഏപ്രിൽ 19:കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് 79-ാം ജന്മദിനം

നിര്‍മ്മലവും ശ്രേഷ്ഠവും ധീരോദാത്തവുമായ ക്രൈസ്തവജീവിതത്തിന്‍റെ ഉടമയെ മാത്രമേ സഭാപിതാവ് എന്നു വിളിക്കാനാവൂ.അദ്ദേഹം വരച്ചുകാട്ടുന്ന ക്രിസ്തുചിത്രം പൂര്‍ണ്ണമായിരിക്കണം. ജീവിതത്തില്‍ ആസ്വദിച്ചറിഞ്ഞ ദിവ്യസന്ദേശം അവികലമായി കൈമാറണം.സഭാപിതാവ് സത്യവിശ്വാസത്തിന്‍റെ വക്താവാണ്, എന്നുപറഞ്ഞാല്‍ സത്യവിശ്വാസത്തോടുള്ള അദമ്യമായ ഭക്തി,സത്യസഭയോടുള്ള വിശ്വസ്തമായ ഒന്നുചേരല്‍ ഉണ്ടാകണം.തീർച്ചയായും ഇത്തരത്തിലുള്ള ഗുണസവിശേഷതകൾ ഉള്ള പിതാവാണ് സീറോ മലബാർ സഭയുടെ വലിയ മെത്രാപ്പോലീത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരി.കർദിനാൾ എന്ന നിലയിൽ വത്തിക്കാനിലെ കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ട്രിൻ ഓഫ് ഫെയ്ത്ത്, കോൺഗ്രിഗേഷൻ ഫോർ ദി ഈസ്റ്റേൺ ചർച്ചസ്, ഇൻ്റർനാഷണൽ കൗൺസിൽ ഫോർ കാറ്റെസിസ് എന്നിവയിലെ അംഗമായും മാർ ആലഞ്ചേരി തുടരുന്നു.

കത്തോലിക്കാ തിരുസഭാ തലവൻ ഫ്രാന്‍സീസ് മാർപാപ്പാ മെത്രാനെക്കുറിച്ച്‌ പറയുന്നത് ഇങ്ങനെയാണ്:   “പര്‍വ്വതാരോഹകനെ പോലെ ഉയരങ്ങള്‍ തേടേണ്ടവനല്ല, ശക്തരിലും ഉന്നതരിലും അഭയം പ്രാപിക്കേണ്ടവനല്ല, പ്രത്യുത ജനങ്ങളുടെ കൂടെ ആയിരിക്കേണ്ടവനാണ് മെത്രാന്‍”.കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഏറ്റവും യോജിച്ച പ്രസ്താവനയാണിത്.സീറോ മലബാർ സഭയിൽ സഹനത്തിന്റെയും ത്യാഗത്തിന്റെയും,താഴ്മയുടെയും മാതൃകയായി എണ്ണപ്പെടുന്ന സഭാപിതാവ്.സഭൈക്യം അദ്ദേഹത്തിന്‍റെ മുന്‍ഗണനകളില്‍ ഒന്നാണ്.

ഒരു സഭാ പിതാവ് പ്രാര്‍ത്ഥനയുടെ മനുഷ്യനായിരിക്കുകയും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന അവബോധം താഴ്മയോടെ പുലര്‍ത്തുകയും ജനങ്ങളോടുകൂടെ ആയിരിക്കുകയും ചെയ്യണമെന്ന ചട്ടങ്ങൾ അക്ഷരം പ്രതി സ്വജീവിതത്തിൽ പകർത്തുന്ന പിതാവാണ് മാർ ആലഞ്ചേരി.മെത്രാനുണ്ടായിരിക്കേണ്ട മൗലികഭാവങ്ങളില്‍ പ്രഥമ സ്ഥാനം പ്രാര്‍ത്ഥനയ്ക്കാണെന്ന് ജീവിതത്തിൽ കാണിക്കുന്ന ശ്രേഷ്ഠപിതാവ്.പിതാവിന്റെ ദൃഢനിശ്ചയങ്ങളും നിലപാടുകളും സഭയെ ഉന്നതങ്ങളിലേക്ക് വളർത്തി.

സന്യാസതുല്യനും,ക്രിസ്തു കേന്ദ്രീകൃതനും, തൻ്റെ വ്യക്തിപരമായ ശീലങ്ങളിൽ അച്ചടക്കമുള്ള പിതാവാണ് മാർ ആലഞ്ചേരി.എപ്പോഴും സന്തോഷവാൻ, ജ്ഞാനി, തൻ്റെ ജനങ്ങളുടെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തിൽ സജീവമായി ഇടപെടുകയും സമർപ്പിതനും കാര്യക്ഷമതയുള്ള അജപാലകനുമാണ്.അദ്ദേഹം വിശ്രമിക്കുന്നില്ല.ഇന്നും നിർഭയനായി ജനങ്ങളുടെ ഇടയിൽ കർത്താവിന്റെ സുവിശേഷം പറയുന്നു.സഭയുടെ മഹാപ്രധാനാചാര്യന്‍ എന്നതിലുപരി കറയില്ലാതെ ജനങ്ങളെ സ്നേഹിക്കുന്ന പിതാവാണ്.എവിടെ ചെന്നാലും ജാതിമത ഭേദമെന്യേ വലിയ ആൾക്കൂട്ടം തന്നെ ഓടിയെത്തും സ്വീകരിക്കാൻ.ജനഹൃദയങ്ങളിൽ പിതാവിൻ്റെ സ്ഥാനം എന്താണെന്ന് മനസിലാക്കാൻ അതുമാത്രം മതി.

പ്രിയങ്കരനായ വലിയ പിതാവിന് ജന്മദിനാശംസകൾ. 

ടോണി ചിറ്റിലപ്പിള്ളി