”Blessed is she who believed that there would be a fulfillment of what was spoken to her from the Lord. (Luke 1:45)
ജീവിത്തിലെ പ്രതിസന്ധികൾ മറികടന്നുകൊണ്ട് ലോകത്തിന്റെ മർമ്മപ്രധാന മേഖലയുടെ അമരത്ത് ഓരോ സ്ത്രീയും മുന്നേറുന്നു. ക്ഷമയുടെയും, സഹനത്തിന്റെയും, താഴ്മയുടെയും ഉദാഹരണമാണ് സ്ത്രീ. ഭാര്യയായും, അമ്മയായും, സഹോദരിയായും പുരുഷൻമാരുടെ ജീവിതത്തിൽ സ്ത്രീ പ്രധാന പങ്ക് വഹിക്കുന്നു. ലോകത്തിൽ സ്ത്രീ പ്രശംസ അർഹിക്കുന്നത് സ്ത്രീയുടെ സൗന്ദര്യത്തിൽ അടിസ്ഥാനപ്പെടുത്തിയാണ്, എന്നാൽ ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം.
ഗലീലിയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു യുവതിയുടെ “ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!” എന്ന വാക്കുകളിലൂടെ സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അതിർ വരമ്പുകൾ തുടച്ചു നീക്കപ്പെട്ടു; ദൈവഹിതത്തിനു പൂർണ്ണമായും കീഴ് വഴങ്ങി തന്റെ വിളി ഉൾക്കൊള്ളാൻ മറിയം തയ്യാറായപ്പോഴാണ് രക്ഷാകരപദ്ധതി ഭൂമിയിൽ പ്രാവർത്തികം ആകാൻ തുടങ്ങിയത്. യേശുവിന്റെ മാതാവാകാൻ മറിയത്തെ വിളിച്ചതുപോലെ സ്ത്രീകളായ ഒരോ സഹോദരിമാരെയും കർത്താവ് തന്റെ ആൽമീയ രക്ഷാകര പദ്ധതിയിലേയ്ക്ക് വിളിക്കുന്നുണ്ട്.
ദൈവത്തിന്റെ ഒരോ വിളിക്കും പൂർണ്ണഹൃദയത്തോടെ ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! എന്ന് മറിയം പറഞ്ഞത് പോലെ ദൈവത്തിന്റെ വിളിക്ക് ഓരോ സഹോദരിമാർക്കും പറയുവാൻ സാധിക്കണം. യേശു തന്റെ ക്രൂശുമരണത്തിന് ശേഷം ഉയിർത്തെഴുന്നേറ്റത് തന്റെ പ്രിയപ്പെട്ട ശിഷ്യഗണത്തിന് മുൻപിൽ ആയിരുന്നില്ല, മഗ്ദലനാക്കാരിയായ മറിയത്തിന്റെ മുൻപിൽ ആയിരുന്നു. സ്ത്രീകളെന്ന നിലയിൽ സഹോദരിമാരുടെ അഭിമാനം ദൈവഭക്തിയിൽ ആയിരിക്കട്ടെ. ഓരോ സ്ത്രീയും കടന്നുവന്ന വഴികളും അതിജീവിച്ച പ്രയാസങ്ങളും ഓർത്തുകൊണ്ട്, ഹൃദയത്തിൽ നിന്നും വനിതാദിനം ആശംസിക്കുന്നു. മറിയത്തെപ്പോലെ ഒരോ സഹോദരിമാരുടെ ജീവിതത്തിലും കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.