”Return, to the Lord your God,
(Hosea 14:1)
തിരുവചനം നോക്കിയാൽ ദൈവത്തിൽ നിന്നു അകന്നു പോയ ആദ്യത്തെ വ്യക്തികളായിരുന്നു ആദവും, ഹവ്വയും. ഏദൻതോട്ടത്തിൽ ആദവും, ഹവ്വയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു. സാത്താന് വളരെവേഗം ഹവ്വയെ തന്റെ കെണിയിൽ വീഴ്ത്താൻ കഴിഞ്ഞു. തിന്നരുത് എന്ന് ദൈവം പറഞ്ഞ വൃക്ഷഫലം സാത്താന്റെ വാക്ക് കേട്ട് ദൈവത്തെപ്പോലെ ആകാൻ വേണ്ടി ഏദൻതോട്ടത്തിന്റെ നടവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഹവ്വ പറിച്ച് കഴിച്ചു. പക്ഷേ സംഭവിച്ചത് എന്താണ്? തങ്ങൾ നഗ്നരാണന്ന് അറിഞ്ഞ് അവർ അത്തിയിലകൊണ്ട് അരയാട ഉണ്ടാക്കി ധരിച്ചു. ദൈവത്തിന്റെ വാക്കുകേട്ട് അനുസരിച്ച് കഴിഞ്ഞപ്പോഴും അവർ നഗ്നരായിരുന്നു. പക്ഷേ അന്നവർക്ക് അവരുടെ നഗ്നത തിരിച്ചറിയാൻ കഴിഞ്ഞില്ല.
ദൈവത്തിൽ നിന്ന് പിൻമാറിയപ്പോൾ അവർക്ക് തങ്ങളുടെ നഗ്നതയെ തിരിച്ചറിയാൻ പറ്റി. ദൈവത്തോടൊപ്പം ആയിരുന്നപ്പോൾ അവർക്ക് തങ്ങളുടെ കുറവുകളെ തിരിച്ചറിയാൻ സാധിച്ചില്ല, ദൈവത്തിൽ നിന്ന് എപ്പോ പിൻമാറിയോ ആ സമയം മുതൽ അവർക്ക് തങ്ങളുടെ കുറവുകളെ കുറിച്ച് ഭയപ്പെടാൻ തുടങ്ങി. നമ്മുടെ ജീവിതത്തിലേക്ക് ഒന്നു നോക്കൂ. ദൈവത്തോടൊപ്പം നടക്കുമ്പോൾ നമ്മുടെ കുറവുകളെക്കുറിച്ച് ഭയപ്പെടേണ്ട കാര്യം നമുക്കില്ല. കാരണം ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നേ. (ലൂക്കോസ് 1:49).
ഇസ്രായേലിന്റെ ആദ്യരാജാവായി ദൈവം തിരഞ്ഞെടുത്ത് സാവൂളിനെ ആയിരുന്നുവെല്ലോ. പക്ഷേ സാവൂൾ ദൈവത്തിൽ നിന്ന് മാറിപ്പോകാൻ തുടങ്ങിയപ്പോൾ രാജസിംഹാസനത്തിൽ നിന്ന് സാവൂളിനെ മാറ്റി ദാവീദിനെ രാജാവാക്കിയതും ദൈവമാണ്.ദൈവത്തിലേക്ക് അടുക്കുക എന്നുവച്ചാൽ ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും ദൈവസന്നിധിയിലേക്ക് ഹൃദയവും മനസും ഉയർത്തി ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കുക എന്നതാണ്. ദൈവത്തോട് അടുക്കുന്നവർക്ക് അനുഗ്രഹവും ദൈവത്തിൽ നിന്നും അകന്നു പോകുന്നവർക്ക് ശാപമാണ് വചനം പറയുന്നത്. നാം ഓരോരുത്തർക്കും കർത്താവിലേയ്ക്ക് തിരിച്ചു ചെല്ലാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.








