യൂത്ത്, ടീൻസ്, കുട്ടികളുടെ ഗ്രൂപ്പുകളിൽ ഉപയോഗിക്കാൻ പറ്റുന്ന, എളുപ്പത്തിൽ പഠിക്കാനും, പഠിപ്പിക്കാനുമാവുന്ന ആക്ഷൻ സോങ്ങുകൾ അന്വേഷിച്ചിട്ടുള്ളവരാണോ നിങ്ങൾ? കെയ്റോസ് മീഡിയ നിങ്ങൾക്കായിതാ 6 ആക്ഷൻ സോങ്ങുകളുടെ ഒരു ശേഖരം തയ്യാറാക്കിയിരിക്കുന്നു.

ഇതിൽ 4-5-6 പാട്ടുകൾ പൊതു ഗ്രൂപ്പുകളിൽ പോലും ഉപയോഗിക്കുന്നതാണ്. KAIROS STUDIO എന്ന, ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ, കെയ്റോസ് മീഡിയയുടെ യൂട്യൂബ് ചാനലിലാണ്, മനോഹരമായി ചിത്രീകരിക്കപ്പെട്ട വീഡിയോകൾ ലഭ്യമായിരിക്കുന്നത്.

മിഷേൽ സിജോ, മാരിലിൻ സിജോ, എയ്ഞ്ചൽ ലോബേർട്ട്, അന്നാ ലോബേർട്ട് എന്നീ പെൺകുട്ടികളാണ് പാട്ടുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഷെറിൾ സിജോയാണ് ഗായിക. കാമറ സോണി വർഗീസ്, ആനിമേഷൻ ബിനോയി സൈമൺ, എഡിറ്റിങ്ങും ഡയറക്ഷനും ക്രിസ്റ്റഫർ ജോസ്, പ്രോഗ്രാമിങ്ങ് ലിയോ ആന്റണി എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. ഇരിങ്ങാലക്കുടയിലെ ദർശന മീഡിയയിലാണ് ചിത്രീകരണം നടത്തിയത്. റെക്കോർഡിങ്ങ് എം.ഡി ഓഡിയോ ഹബ് അയ്യന്തോൾ.

ത്രിശ്ശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പ്രകാശന കർമ്മം നടത്തി. രൂപതാ കാറ്റക്കിസം ഡയറക്ടർ ഫാ. ഫ്രാൻസിസ് ആളൂർ ആശംസകൾ നേർന്നു.

കുട്ടികൾക്കും, ടീനേജേഴ്സിനും തനിയെയും കൂട്ടായും പഠിക്കുന്നതിനും കാറ്റക്കിസം ക്ലാസുകളിൽ ഉപയോഗിക്കുന്നതിനും സഹായകമായ വിധത്തിലാണ് ആക്ഷൻ സോങ്ങുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇനിയും ഇത്തരത്തിൽ പ്രയോജനപ്രദമായ നിരവധി പാട്ടുകൾ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് കെയ്റോസ് മീഡിയ പ്രവർത്തകർ.