Covered you in the shadow of my hand,
(Isaiah 51:16) ✝️
നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിന്റെ കരങ്ങളിലാണ് നമ്മളുടെ ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടയെല്ലാം പരിപാലനം. കർത്താവിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. ദൈവത്തിന്റെ മക്കളായ നാം ഒരോരുത്തരും എന്ത് ചെയ്താലും, ദൈവത്തിന്റെ സംരക്ഷണം ഉണ്ടാകും എന്നു വിചാരിക്കരുത്. നാം ചെയ്യുന്ന ഒരോ പ്രവർത്തിയും, ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ച് ആയിരിക്കണം എന്നതാണ് പ്രധാനം. തിരുവചനത്തിൽ പറയുന്നു, ദൈവത്തില് നിന്നു ജനിച്ചവരായ, നാം ഓരോരുത്തരെയും, ദൈവപുത്രന് സംരക്ഷിക്കുന്നു. ദുഷ്ടന് അവനെ തൊടുകയുമില്ല.
കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും സന്തോഷങ്ങളും മൊത്തം സഹനങ്ങളും തകർച്ചകളും തമ്മിൽ ഒരു താരതമ്യപഠനവും നല്ലതാണ്. അപ്പോൾ, അതിശയിപ്പിക്കുന്ന ഒരു കാര്യം നമുക്ക് മനസിലാകും: നേട്ടങ്ങളും വിജയങ്ങളും അനുഗ്രഹങ്ങളുമായിരുന്നു സഹനങ്ങളെക്കാൾ കൂടുതൽ. എല്ലാവരുടെയും തന്നെ കാര്യത്തിൽ അങ്ങനെയാണ്.
ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ അവന്റെ നിഴലിൽ കീഴിലാണ് നാം വസിക്കുന്നത്. ദൈവത്തിന്റ കൈപിടിച്ച് നടക്കുക വലിയൊരു ഭാഗ്യമാണ്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ വിശ്വാസികൾക്കും ഇതൊക്കെയും സാധ്യമാണോ?. മരണത്തിൻറെ താഴ്വരയിൽകൂടി പോയാലും നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവമാണ് നമ്മുടെ കൂടെയുള്ളത് . സാഹചര്യങ്ങളെ നോക്കാതെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ വിശ്വാസത്തോടെ കൂടിയും ദൈവത്തോട് ചേർന്ന് നിൽക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ