What God is like you, who takes away iniquity and passes over the sin of the remnant of your inheritance?
(Micah 7:18)✝️
ദൈവത്തിന്റെ ക്ഷമ സ്വീകരിച്ചുകൊണ്ട് പാപങ്ങൾ ദൈവത്തോട് ഏറ്റു പറയുമ്പോൾ ദൈവം നമ്മുടെ പാപത്തെ ക്ഷമിക്കുന്നു. നമ്മുടെ പാപത്തെ മറികടക്കുന്ന പിതാവിന്റെ സ്നേഹം നാം സ്വീകരിക്കുന്നത് പാപങ്ങൾ ഏറ്റു പറയുമ്പോൾ ആണ്. ദൈവത്തോട് പാപം ഏറ്റു പറഞ്ഞാൽ ദൈവം അതു ക്ഷമിക്കുകയും മറന്നു കളയുകയും ചെയ്യുന്നു. ക്ഷമിച്ചു കഴിയുമ്പോള്‍ നമ്മുടെ പാപങ്ങള്‍ അവിടുന്നു മറക്കുന്നു. ദൈവം നമുക്ക് അത്രയും നല്ലവനാണ്. തിരുവചനം അടിസ്ഥാനപ്പെടുത്തി പാപത്തിന്റെ ക്ഷമയെ മൂന്നായി തരം തിരിക്കാം.
ഒന്നാമതായി, കാണാതായ ആടിനെപ്പോലെ വഴിതെറ്റിപോയിട്ട് തൊണ്ണൂറ്റ് ഒൻപത് ആടിനെയും ഉപേക്ഷിച്ച് കാണാതായ ആടിനെ തേടി പോയി കണ്ടു പിടിക്കുന്ന കർത്താവ്. അതുപോലെ പലവിധ ജീവിത സാഹചര്യങ്ങൾ കൊണ്ട് എങ്ങനെയോ വഴി തെറ്റി പോയ മനുഷ്യരെ തേടി പോയി കണ്ടു പിടിച്ചു, പാപങ്ങൾ ക്ഷമിക്കുന്നവനാണ് കർത്താവ്. രണ്ടാമതായി ധൂർത്ത പുത്രനെപ്പോലെ, ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും അത് എല്ലാം ഉപേക്ഷിച്ച് ലോകത്തിന്റെ മോഹങ്ങളിൽ ഭ്രമിച്ച് സ്വന്തം പിതാവിനെ ഉപേക്ഷിച്ച് പോയി. എന്നാൽ, ധൂർത്ത പുത്രന്റെ ഉപമയിൽ പിതാവ് തേടി പോയി കണ്ടു പിടിച്ചില്ല, മാനസാന്തരത്തോടെ പാപങ്ങൾ എല്ലാം ഉപേക്ഷിച്ച് തിരികെ വന്നാൽ പിതാവ് സ്വീകരിക്കാം എന്നു പറഞ്ഞു. അതുപോലെ നാം പാപങ്ങൾ എല്ലാം ഉപേക്ഷിച്ച് തിരികെ മാനസാന്തരത്തോടെ കർത്താവിന്റെ അടുക്കലേയ്ക്ക് തിരികെ വന്നാൽ അവൻ നമ്മെ സ്വീകരിക്കും.
മൂന്നാമതായി, ദൈവവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആദത്തിനെയും, ഹവ്വായെയും പാപത്തിന്റെ ഫലമായി ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി. ദൈവം അവരോട് സ്നേഹത്തോടെ ഇടപെട്ടിട്ടും,ചെയ്യരുത് എന്ന് പറഞ്ഞിട്ടും അവർ പാപം ചെയ്തു. അതിന്റെ ഫലമായി ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കുകയും അവരുടെ പാപങ്ങൾ ക്ഷമിച്ച് ഭൂമിയിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. നാം ഓരോരുത്തർക്കും പാപത്തിൽ നിന്ന് അകന്നു മാറി വിശുദ്ധിയിൽ ജീവിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.