അണ്ണാവിമാർ ഇന്ന് കൊച്ചിയിൽ ഇല്ല. എന്നാൽ, പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പഴകിയ കൊച്ചിയുടെ പാട്ടിനെക്കുറിച്ചുള്ള വർത്തമാനങ്ങളിൽ അണ്ണാവിമാരുണ്ട്.
അവർ കൊച്ചിയിൽ പാട്ടുപാടിനടന്നു. അണ്ണാവിമാരിൽ ഏറ്റവും അറിയപ്പെട്ടത് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ചിന്നത്തമ്പി അണ്ണാവി.
ചവിട്ടുനാടകത്തിൻ്റെ ആദിഗുരുവായി കണക്കാക്കുന്നു ചിന്നത്തമ്പി അണ്ണാവിയെ. ലോകത്ത് കേരളത്തിൽ മാത്രമുള്ള ചവിട്ടുനാടകം പതിനാറാം നൂറ്റാണ്ടിൽ രൂപപ്പെട്ടുവെന്ന് ചരിത്രപക്ഷം.
1503- 1663 കാലത്ത് ഇന്ന് ഫോർട്ടുകൊച്ചിയെന്ന് അറിയപ്പെടുന്ന പ്രദേശത്ത് പോർച്ചുഗീസുകോട്ട ഉണ്ടായിരുന്നു. കത്തോലിക്കരായ പോർച്ചുഗീസുകാർ ക്രിസ്തുമതം പ്രചരിപ്പിച്ചു. അതിനായിമിഷ്ണറിമാർ രൂപപ്പെടുത്തിയ ചവിട്ടുനാടകം ആദ്യന്തം പാട്ടുകളാണ്.
നടീനടൻമാർ പാടി ചുവടുവച്ച് അഭിനയിക്കുന്നു. ആദ്യ ചവിട്ടുനാടകങ്ങളിൽ ഒന്നായ ‘ബ്രിശ്ശീന നാടക’ത്തിൻ്റെ കർത്താവ് ചിന്നത്തമ്പി അണ്ണാവിയാണെന്ന് കണക്കാക്കുന്നു.
കൊച്ചിയിൽവച്ചായിരുന്നു ബ്രിശ്ശീനനാടകരചനയെന്ന് കഥ. നാടകരചന സംബന്ധിച്ച കഥ ഇങ്ങനെ: കേരളത്തിൻ്റെ തീരദേശത്ത് കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പ്രദേശങ്ങളിൽ അലഞ്ഞുനടന്ന് കലാപ്രവർത്തനത്തിലേർപ്പെട്ടു ചിന്നത്തമ്പി അണ്ണാവി.
കൊച്ചിയിലും കൊടുങ്ങല്ലൂരും ധാരാളം സമയം തങ്ങി. ദൈവഭക്തനായിരുന്നു. മദ്യപിക്കും. ഒരുപറ്റം ആരാധകരും ശിഷ്യൻമാരുമുണ്ടായിരുന്നു അദ്ദേഹത്തിന്.
ഒരുദിവസം മട്ടാഞ്ചേരിയിൽ ഒരു കുരിശടിയിൽ വിശ്രമിക്കെ ബ്രിശ്ശീന(സെൻ്റ് ബ്രിജിറ്റ്)യെപ്പറ്റി തുടർച്ചയായി പാടി ചിന്നത്തമ്പി അണ്ണാവി.
പാട്ട് ശിഷ്യൻമാർ പകർത്തിയെഴുതി. അതാണ് പിന്നീട് ബ്രിശ്ശീനനാടകമായത് !ചവിട്ടുനാടക പ്രവർത്തകർ രേഖപ്പെടുത്തിയിട്ടുള്ള ചിന്നത്തമ്പി അണ്ണാവിയുടെ ‘ നാൽപ്പതടി പാട്ടി’ൻ്റെ രൂപപ്പെടലുമായി ബന്ധപ്പെട്ട വിശ്വാസകഥ കൊച്ചി പശ്ചാത്തലത്തിലാണ്.
കഥ: വിശുദ്ധ കന്യകാമറിയത്തോട് വലിയ ഭക്തിയായിരുന്നു ചിന്നത്തമ്പി അണ്ണാവിക്ക്. ഒരുദിവസം കൊച്ചിയിൽ ഉണ്ണിയേശുവിനെ കൈകളിലെടുത്ത വിശുദ്ധ കന്യകാമറിയത്തിൻ്റെ ശിൽപ്പത്തിനു മുമ്പിൽ പ്രാർത്ഥിക്കുകയായിരുന്നു അദ്ദേഹം.
ഉറക്കെ പാട്ട് പാടിക്കൊണ്ടുള്ള പ്രാർത്ഥന. അലഞ്ഞുനടന്നതിനാൽ ചിന്നത്തമ്പി അണ്ണാവിയുടെ വസ്ത്രം മുഷിഞ്ഞതായിരുന്നു. മദ്യപിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്തെ കൃസ്ത്യൻ വൈദികൻ ഇഷ്ടകേട് പ്രകടിപ്പിച്ചു ചിന്നത്തമ്പി അണ്ണാവിയോട്. ആ സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടു.
ഇതിൽ ദുഃഖിതനായ ചിന്നത്തമ്പി അണ്ണാവി വിശുദ്ധ കന്യകാമറിയത്തിൻ്റെ ശിൽപ്പത്തിനു മുമ്പിൽ മുട്ടുകുത്തി വിലപിച്ച് പാട്ട് തുടർന്നു: ‘തെയയൈ, ചെയ്താളും തായയൈ… ‘ എന്ന് ആരംഭിക്കുന്ന, തമിഴ്ചുവയുള്ള പാട്ട്. ഈ പാട്ട് പിന്നീട് നാൽപ്പതടി പാട്ടെന്ന് അറിയപ്പെട്ടു.
ഈ വിശ്വാസകഥയ്ക്ക് ഒരു അനുബന്ധമുണ്ട് : വിലപിച്ചുകൊണ്ടുള്ള ചിന്നത്തമ്പി അണ്ണാവിയുടെ പാട്ടുകേട്ട് വിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ ചിന്നത്തമ്പി അണ്ണാവിയുടെ കൈകളിൽ ഏൽപ്പിച്ചു.
ആളുകളുമായി തർക്കിക്കുന്ന പ്രകൃതക്കാരനായിരുന്നു ചിന്നത്തമ്പി അണ്ണാവി. തമിഴനായിരുന്ന ചിത്തത്തമ്പി തമിഴ്നാട്ടിൽ ഒരു തർക്കത്തിൽ പരാജയപ്പെട്ട നാണക്കേടോടെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തി തുടർന്ന് 17 കൊല്ലം കേരളത്തിൽ ജീവിച്ചുവെന്നാണ് വിശ്വാസം.
ഒരിക്കൽ മട്ടാഞ്ചേരിയിൽ കൽക്കുരിശിനു സമീപം ഇരിക്കുകയായിരുന്ന ചിന്നത്തമ്പി അണ്ണാവി സമീപം ഇരിക്കുകയായിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുമായി തർക്കത്തിലേർപ്പെട്ടു.
ചെറുപ്പക്കാർ ചിന്നത്തമ്പി അണ്ണാവിയെ ‘ഭ്രാന്തൻ’ എന്ന് വിളിച്ചു. തുടർന്ന് കൽക്കുരിശിനെ നോക്കി മനംനൊന്ത് ചിന്നത്തമ്പി അണ്ണാവി പാടി -“ശേശു മുത്തയ്യാ മുത്തു മുത്തയ്യാ …” എന്ന് ആരംഭിക്കുന്ന പാട്ട്.
ഈ വിശ്വാസകഥക്കും ഒരു അനുബന്ധമുണ്ട് : പാട്ടുകേട്ട് ഹൃദയമലിഞ്ഞ് കൽക്കുരിശ് മുന്നോട്ടാഞ്ഞ് ചിന്നത്തമ്പി അണ്ണാവിയെ ആലിംഗനംചെയ്യാനാഞ്ഞു.
തുടർന്ന്, വളഞ്ഞ കുരിശിനെ ആളുകൾ കൂനൻകുരിശ് എന്ന് വിളിച്ചു. കലയും വിശ്വാസവും ചേർന്ന ചിന്നത്തമ്പി അണ്ണാവിയുടെ കഥകൾ ചവിട്ടുനാടകക്കാർ തലമുറകളായി പറഞ്ഞുവരുന്നു.
ക്രിസ്തുമത പ്രവർത്തനത്തിന് അണ്ണാവിമാർ വീടുവീടാന്തരം കയറിയിറങ്ങി പാട്ട് പാടുമായിരുന്നു , പ്രത്യേകിച്ച് ഈസ്റ്ററിനു മുമ്പുള്ള നോമ്പുനാളുകളിൽ. ക്രിസ്തുവിൻ്റെ പീഢാനുഭവങ്ങളെക്കുറിച്ചുള്ള പാട്ടുകളാണ് പാടുക.
ഭിക്ഷുക്കളേപോലെയായിരുന്നു അവർ. നഗ്നപാദരായി നടന്ന് വീടുകളിലെത്തിഭക്തിരസം തുളുമ്പുന്ന തമിഴ് പാട്ടുകൾ പാടുമ്പോൾ ദാനമായി ലഭിക്കുന്ന ഭക്ഷണം കഴിച്ചു.
അതിനാൽ അണ്ണാവിമാർ പാടിയ പാട്ടുകൾ ‘പിച്ചപ്പാട്ടുകൾ’ എന്നും അണ്ണാവിമാർ ‘പിച്ചപ്പാട്ടുകാർ ‘ എന്നും അറിയപ്പെട്ടു. 1599ലെ ഉദയംപേരൂർ സുനഹദോസിൽ കൊച്ചിയിൽനിന്നുള്ള സംഘം നാടകം അവതരിപ്പിച്ചെന്ന് ചരിത്ര പഠനങ്ങൾ രേഖപ്പെടുത്തുന്നു.
ഇത് ചവിട്ടുനാടകമായിരുന്നെന്നും നിഗമനം. നടീനടൻമാർ ചവിട്ടുനാടകത്തിൽ സ്റ്റേജിൽ പാടി ചുവടുവച്ച് അഭിനയിക്കുന്നതിനൊപ്പം പിന്നണിയിൽ പാട്ടുസംഘമുണ്ട്.
പാട്ടുപകരണങ്ങളുടെ അകമ്പടിയോടെയുള്ള പാട്ട്. വായ്പാട്ടുകാരെ കൂടാതെ സൈഡ് ഡ്രം, ബേസ് ഡ്രം, ക്ലാരിനെറ്റ് എന്നീ പാട്ടുപകരണങ്ങൾ ഇതിൻ്റെ ഭാഗമാണ്.
കേരളതീരദേശത്തിൻ്റെ ജനകീയ കലയായിരുന്ന ചവിട്ടുനാടകത്തിലൂടെ പശ്ചാത്യ പാട്ടുപകരണങ്ങൾ കേരളീയർക്ക് പണ്ടേ പരിചിതങ്ങളായി.
Bony Thomas