How precious is your steadfast love, O God! The children of mankind take refuge in the shadow of your wings.”
(Psalm 36:7 )
കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്. നിരന്തരമുള്ള സംരക്ഷണവും പരിപാലനവുമാണ് ദൈവത്തിൽ വിശ്വസിക്കുന്ന നാം ഓരോരുത്തർക്കും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ ചിറകുകളുടെ തണലിന്റെ കീഴിൽ ആണ് നാം അഭയം തേടിയിരിക്കുന്നത്. അത്യുന്നതന്റെ നിഴൽ പതിക്കുകയെന്നാൽ അവന്റെ അനുഗ്രഹം ലഭ്യമാകുകയെന്നു കൂടിയാണ് അർത്ഥം. തിന്മ ദൈവവിശ്വാസിയെ ആക്രമിച്ചേക്കാം, എന്നാൽ അവരുടെ ഹൃദയം ദൈവത്തിലാണ് ശരണപ്പെടുന്നത്. നിത്യനായ ദൈവമാണ് ഇന്നും എന്നും, എല്ലായിടങ്ങളിലും, എല്ലാക്കാര്യങ്ങളിലും വിശ്വാസിക്ക് തുണയായും അഭയമായും സംരക്ഷകനായും കൂടെ ഉള്ളത്.
പുതിയനിയമ കാലഘട്ടത്തിൽ പരിശുദ്ധാൽമാവ് നമ്മുടെ സംരക്ഷകനായി ദിനവും കൂടി ഉണ്ട്. നാം എന്ത്
ചെയ്യണംഎന്തു ചെയ്യേണ്ട എന്ന് പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ബലഹീനതകളും പാപാവസ്ഥകളും നമ്മേക്കാൾ നന്നായി അറിയുന്ന പിതാവായ ദൈവം, പുത്രനായ യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിലൂടെ, നമുക്കെല്ലാവർക്കും പരിപൂർണ്ണതയുടെ വഴിയിലൂടെ സഞ്ചരിച്ച് അവിടുത്തെ മകനും മകളും ആകുവാൻ ആവശ്യമായ എല്ലാ കൃപകളും ദാനമായി നൽകുന്നുണ്ട്. യേശുവിന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ ദൈവം നാമോരോരുത്തരെയും അവിടുത്തെ ചിറകിൻ കീഴിലേയ്ക്ക് വിളിക്കു വിളിക്കുന്നുണ്ട്. നമ്മുടെ ബലഹീനതകളും കുറവുകളും അജ്ഞതയും ഒന്നും ആ വിളി സ്വീകരിക്കുന്നതിനു തടസ്സമായി നിൽക്കാൻ പാടില്ല.
നമ്മെ കാക്കുന്ന ദൈവീക സംരക്ഷണയിൽ നാം നിൽക്കുമ്പോൾ കിട്ടുന്ന സമാധാനം വലുതാണ്. അതിനായി നമുക്ക് ദൈവീകചൈതന്യത്തിന്റെ തണലിൽ ആയിരിക്കാം. അവൻ പൂർണനായിരിക്കുന്നതുപോലെ നമ്മെ പൂർണനാക്കാൻ ആഗ്രഹിക്കുന്ന ദൈവപിതാവിന്റെ ചിറകിനടിയിൽ നമുക്കഭയം തേടാം. അലറുന്ന പിശാചിന്റെ കരങ്ങളിൽനിന്ന് രക്ഷനേടാൻ അവിടുത്തെ ചിറകിനടിയിലേയ്ക്ക് നമുക്ക് ഓടിക്കയറാം. ആ സംരക്ഷണയിലിരുന്ന് നമുക്ക് നമ്മുടെ അസ്വസ്ഥതകൾ, പാപഭാരങ്ങൾ ഇറക്കിവെക്കാം. പുതുചൈതന്യം പ്രാപിച്ച് നമുക്ക് മുന്നേറാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ