കൊൽക്കത്ത: പാവപ്പെട്ട കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ ശുശ്രൂഷയിൽ നൽകിയ സവിശേഷമായ സംഭാവനകളെപ്രതി ഭാരതം പത്മശ്രീ നൽകി ആദരിച്ച ഐറിഷ് കന്യാസ്ത്രീ സിസ്റ്റർ സിറിളിന് യാത്രാമൊഴിയേകി കൊൽക്കത്ത. ഏതാണ്ട് ആറര പതിറ്റാണ്ടുകാലം കൊൽക്കത്തയിലെ വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച ലൊരേറ്റോ സഭാംഗമായ സിസ്റ്റർ സിറിളിന്റെ വിയോഗം ഇക്കഴിഞ്ഞ ജൂൺ 25നായിരുന്നു.
സിൽദായിലെ ലൊറെറ്റോ സ്കൂൾ മുൻ പ്രിൻസിപ്പലുമായിരുന്നു 86 വയസുകാരിയായ സിസ്റ്റർ.വാർദ്ധക്യ സഹജമായ പ്രശ്നങ്ങളാൽ കഴിഞ്ഞ അഞ്ചു വർഷമായി വിശ്രമജീവിതത്തിലായിരുന്നു. ലാറെറ്റോ സ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഉപദേശക സമിതികളിലും സജീവ സാന്നിധ്യമായിരുന്നു. മിഡിൽറ്റൺറോയിലെ സെന്റ് തോമസ് ദൈവാലയത്തിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു മൃതസംസ്ക്കാര തിരുക്കർമങ്ങൾ. സിസ്റ്ററിന്റെ പ്രധാന കർമരംഗമായിരുന്ന സിൽദായിലെ സെന്റ് ജോൺസ് സെമിത്തേരിയിലാണ് അന്ത്യവിശ്രമസ്ഥാനം ഒരുക്കിയിരിക്കുന്നത്.
ജന്മം കൊണ്ട് ഐറിഷുകാരിയും കർമംകൊണ്ട് ഭാരതീയയുമായി മാറിയ സിസ്റ്റർ 1956ലാണ് കൊൽക്കത്തയിൽ എത്തിയത്. സന്യാസവ്രതം സ്വീകരിച്ചതിന്റെ അഞ്ചാം വർഷത്തിൽ ഭാരതത്തിൽ പ്രേഷിത പ്രവർത്തനം ആരംഭിച്ച സിസ്റ്റർ, കൊൽക്കത്ത നഗരത്തെ തന്റെ ഭവനമായി സ്വീകരിക്കുകയായിരുന്നു. എന്റലിയുലെ കന്യാസ്ത്രീകളുടെ വൃദ്ധസദനത്തിലായിരുന്നു സിസ്റ്ററിന്റെ താമസം.
ഗ്രാമങ്ങളിലും നഗരങ്ങളിലും അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തികശേഷിയോ ഇല്ലാത്ത നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കാനുള്ള നൂതനമായ ആശയങ്ങളും പദ്ധതികളുമാണ് സിസ്റ്ററിനെ ശ്രദ്ധേയയാക്കിയത്.
ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സ്കൂൾ സമയത്തിന് ശേഷം പഠിപ്പിക്കുന്ന ‘മഴവിൽ പദ്ധതി’ അതിലൊന്നായിരുന്നു. 2007ലാണ് രാജ്യം പത്മശ്രീ അവാർഡ് നൽകി ആദരിച്ചത്.