David strengthened himself in the Lord his God. (1 Samuel 30:6 )

ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ശരണം പ്രാപിക്കുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ (ദൈവവചനങ്ങൾ) നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.സ്വന്തം കഴിവുകളെക്കാളും, കരബലത്തേക്കാളും, ബുദ്ധിശക്തിയേക്കാളും, ഉറച്ച ബോധ്യങ്ങളോടെയും, ആത്മാർത്ഥമായ ഹൃദയത്തോടെയും, ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹവാത്സല്യത്തിൽ അഭയം തേടുക എന്നുള്ളതാണ്. അഹങ്കാരവും, ധാർഷ്ട്യവും ആധ്യാത്മിക ജീവിതത്തോട് ചേർന്നുപോകില്ല എന്ന വ്യക്തമായ ഒരു തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ദാവീദ് സംസാരിക്കുന്നത്.

പ്രസ്തുത വചനത്തിൽ ദാവീദ് പൂർണ്ണമായി കർത്താവിൽ ശരണം വെയ്ക്കുകയാണ്. ദാവീദിന്റെ ജീവിതത്തിൽ തന്റേതായ കഴിവുകളും തന്ത്രങ്ങളും എല്ലായിടത്തും എല്ലാക്കാലത്തും വിജയം നൽകാൻ പര്യാപ്തമായിരുന്നില്ല എന്നാൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചെയ്യുമ്പോഴും ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഒരുവൻ കൂടുതൽ അനുഗ്രഹങ്ങൾക്ക് പാത്രമാകും എന്ന് തിരുവചനത്തിലൂടെ ദാവീദ് പ്രതിപാദിക്കുന്നു. ജീവിതത്തിൽ അവനവന്റെ കഴിവുകളുടെ പരിധികൾ തിരിച്ചറിയുന്ന മനുഷ്യനു മാത്രമേ, തന്റെ പരിധികൾക്കും കഴിവുകൾക്കും അപ്പുറം തന്നെ എത്തിക്കുവാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിൽ ആശ്രയം വയ്ക്കുവാൻ സാധിക്കൂ. വെറുതെ പലപ്പോഴും തകർച്ചയുടെ വക്കിൽ കൂടി പോകുമ്പോഴാണ് നാം ദൈവത്തിന് ശരണം വയ്ക്കുന്നത് എന്നാൽ ജീവിതത്തിന്റെ ഏതവസ്ഥയിലും സന്തോഷത്തിലും ദുഃഖത്തിലും കർത്താവിൽ പൂർണ്ണമായി ശരണം വയ്ക്കുക.
ജീവിത സാഹചര്യങ്ങളിൽ നാം ആയിരിക്കുന്ന അവസ്ഥയിൽ യേശുവിനെ സമീപിക്കുമ്പോൾ കർത്താവിന്റെ കൃപ അനുഭവിക്കുവാൻ സാധിക്കും. ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഹൃദയത്തിൽ ഗ്രഹിക്കാൻ സാധിക്കാത്തതാണ് നമ്മുടെ എല്ലാ ആകുലതകളുടെയും അടിസ്ഥാനം. കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുകയും, അനുഗ്രഹിക്കുകയും ചെയ്യുന്നു. കർത്താവിൽ നാം ആശ്രയിച്ചിട്ടും നാം അനാഥതത്വത്തിന്റെയും, ഒറ്റപ്പെടലിന്റെയും അവസ്ഥയിൽ കൂടി കടന്നു പോകണ്ട അവസ്ഥ ഉണ്ടാകാം. എന്നാൽ കർത്താവിൽ ആശ്രയിക്കുന്നവർ ഏത് പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോയാലും, കർത്താവിന്റെ പദ്ധതി നാശത്തിനുള്ള പദ്ധതി അല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണെന്ന് പൂർണ്ണമായി വിശ്വസിക്കുവാൻ സാധിക്കും.

കർത്താവിൽ നാം ആശ്രിയിക്കുമ്പോൾ കർത്താവ് നമ്മുടെ കൂടത്തിൽ നടക്കും, നമ്മുടെ കരം പിടിച്ചു അവിടുന്ന് പോകേണ്ട വഴി അവിടുന്ന് കാണിച്ചു തരും. യേശുക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനും അവസാനം വരെ സഹിക്കാനുമുള്ള കൃപയും ശക്തിയും നേടാൻ നമ്മെ സഹായിക്കുന്നു. നാം ഓരോരുത്തർക്കും ദൈവത്തിൽ ആശ്രയിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.







