“I have heard your prayer and your plea, which you have made before me. (1 Kings 9:3) ✝️
പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്.
പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണു പ്രാര്‍ത്ഥന. പിതാവായ ദൈവത്തോടു യേശുക്രിസ്തുവിന്റെ നാമത്തില്‍ കഴിക്കുന്ന അപേക്ഷയായിട്ടാണു പുതിയനിയമത്തില്‍ പ്രാര്‍ത്ഥന നിര്‍വ്വചിക്കപ്പെട്ടിരുന്നതെങ്കിലും പഴയനിയമകാലത്തും പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയായി മനസിലാക്കിയിരുന്നു.
പ്രാർഥനകൾ മനഃപാഠമാക്കി ആവർത്തിച്ചു ചൊല്ലുന്നത് ദൈവത്തെ പ്രസാദിപ്പിക്കില്ല. പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത് എന്ന് യേശു പറഞ്ഞു. (മത്തായി 6:7) നമ്മുടെ സ്വർഗീയ പിതാവിനോട് നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ. മതപരമായ ആചാരങ്ങൾ കണിശമായി പിൻപറ്റുന്ന ഒരു അഹങ്കാരിയുടെ പ്രാർഥനയെക്കാൾ ദൈവത്തിനു സ്വീകാര്യം തെറ്റുതിരുത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു പാപിയുടേതാണെന്ന് ഒരിക്കൽ യേശു തന്റെ അനുഗാമികളോടു വചനത്തിലൂടെ വ്യക്തമാക്കി. (ലൂക്കാ 18:10-14) അതുകൊണ്ട് ദൈവം നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ അവൻ പറയുന്നത് നാം താഴ്മയോടെ അനുസരിക്കണം.
പ്രാർഥിക്കാനായി യേശു സമയം മാറ്റിവെക്കുകയും ശിഷ്യന്മാരോട്, “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” എന്നു പറയുകയും ചെയ്തു. (ലൂക്കാ 18:1) നമ്മെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടെക്കൂടെ പ്രാർഥനയാൽ “ചോദിച്ചു കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും” എന്ന് യേശു പറഞ്ഞു. പ്രാർഥനയ്ക്ക് പെട്ടെന്ന് ഉത്തരം നൽകാൻ കർത്താവിന് മടിയാണെന്ന് ഇതിന് അർഥമില്ല. തന്നെ ഒരു പിതാവായി കണ്ട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ അപേക്ഷകൾ നിവർത്തിക്കാൻ അവൻ ഉത്സുകനാണ് എന്ന് തിരുവചനം പറയുന്നു. നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ ദൈവസന്നിധിയിൽ എത്തട്ടെ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.