“You have given me the shield of your salvation
(2 Samuel 22:36) ✝️
സാധാരണ അര്‍ത്ഥത്തില്‍, രക്ഷ എന്നത് അപകടങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള വിടുതല്‍ ആണ്. രക്ഷ എന്ന വാക്കിന്, ജയം, ആരോഗ്യം, സംരക്ഷണം എന്നീ അര്‍ത്ഥങ്ങളും ഉണ്ട്. ദൈവവചനത്തിൽ രക്ഷ എന്ന വാക്ക്, പാപത്തില്‍ നിന്നുമുള്ള ആത്മീയ രക്ഷയെകുറിച്ചും, ഒപ്പം ഭൗതീകമായ രക്ഷയെകുറിച്ചും കുറിച്ചും പറയുവാന്‍ ഉപയോഗിക്കുന്നുണ്ട്. ക്രിസ്തീയ വിശ്വസം അനുസരിച്ച് രക്ഷ, ദൈവത്തിന്റെ കൃപയാല്‍ സംഭവിക്കുന്ന, പാപത്തില്‍ നിന്നുള്ള ആത്മീയ മോചനം ആണ്. രക്ഷിക്കപ്പെടുന്ന വ്യക്തി പാപത്തിന്റെ അടിമത്തത്തില്‍ നിന്നു മാത്രമല്ല, അതിന്റെ പരിണിത ഫലമായ എല്ലാ ശിക്ഷകളില്‍ നിന്നും രക്ഷ പ്രാപിക്കുന്നു.
ക്രിസ്തീയ രക്ഷ, യേശുക്രിസ്തുവില്‍ ഉള്ള ജയജീവിതം ആണ്, അത് പാപത്തിനുമേലും സാത്താന്‍റെ സകല പ്രവര്‍ത്തികളുടെമേലും ഉള്ള ജയം ആണ്. അതില്‍ ആത്മീയ സൗഖ്യവും നിത്യമായ ജീവനും അടങ്ങിയിട്ടുണ്ട്. പഴയനിയമം രക്ഷയെ ആത്മീയ സൗഖ്യം എന്നതിനേക്കാള്‍ ഉപരി ഭൗതീക മോചനം ആയിട്ടാണ് കാണുന്നത്. അവിടെ രക്ഷ വ്യക്തിപരം എന്നതിനേക്കാള്‍ ഉപരി സാമൂഹികം ആണ്. പഴനിയമ കാലത്ത്, ഒരു വ്യക്തിയെ ദൈവം തിരഞ്ഞെടുക്കുന്നത്, ഇസായേൽ എന്ന ജനസമൂഹത്തിന്റെ രക്ഷയ്ക്കായിട്ടായിരുന്നു. അയാള്‍ ദൈവത്തിന്റെ പ്രതിപുരുഷനെപ്പോലെ പ്രവര്‍ത്തിച്ചു. അയാളിലൂടെ ദൈവം അൽഭുത പ്രവര്‍ത്തികള്‍ ചെയ്തു. പഴയനിയമത്തിൽ മോശയെയും, നോഹയെയും, ദാവീദിനെയും തിരഞ്ഞെടുത്തത് ജന സമൂഹത്തിൻറെ രക്ഷയ്ക്കായി ആയിരുന്നു.
പുതിയനിയമത്തില്‍ യേശു എപ്പോഴും രക്ഷയെ ദൈവരാജ്യവുമായി ബന്ധിച്ച് സംസാരിച്ചു. രക്ഷ ദൈവരാജ്യത്തിന്റെ വര്‍ദ്ധനവായിരുന്നു. ദൈവം സര്‍വ്വാധികാരിയിരിക്കുന്നതും യഥാര്‍ത്ഥവും ആയ ഒരു പ്രദേശത്തെ ആണ് ദൈവരാജ്യം സൂചിപ്പിക്കുന്നത്. അതിനാല്‍ ഇപ്പോള്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും അവനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും രക്ഷ ലഭ്യമാണ്. രക്ഷ ഒരു ആത്മീയമായ വീണ്ടും ജനനം ആണ് എന്നാണ് യേശു നിക്കോദെമൊസിനോട് പറയുന്നത്. സാത്താനിക ശക്തികളെ തകർക്കാൻ ദൈവം തന്നിരിക്കുന്ന പരിച ആണ് രക്ഷ. നാം ഒരോരുത്തർക്കും ദൈവിക രക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.