ഇന്ന് ലോക മാതൃദിനം.

ജീവിതകാലം മുഴുവൻ മക്കൾക്കായി ഉഴിഞ്ഞുവെച്ച എല്ലാ അമ്മമാർക്കും അവരെ സ്‌നേഹിക്കുന്ന മക്കൾക്കും മാതൃദിന ആശംസകൾ…


മോഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സ്വന്തം മക്കളിലേക്ക് ചുരുക്കി, അടുപ്പിൻ പുകയേറ്റ് ഒരു ജീവിതകാലം മുഴുവൻ ഹോമിച്ചുതീർക്കുന്ന അമ്മയുടെ മുഖത്തെ കരുവാളിപ്പ് സ്‌നേഹമായി പ്രതിഫലിക്കുമ്പോൾ ഇന്നിന്റെ മക്കൾ പലപ്പോഴും അവരെ തിരിച്ചറിയുന്നില്ല.

സ്‌നേഹത്തിന്റെ അവസാനവാക്കായ അമ്മയെ. ഒരു സ്ത്രീ പരിപൂർണയാകുന്നത് അവൾ അമ്മയാകുമ്പോഴാണ്.


ജന്മം നൽകിയ മാതാപിതാക്കൾക്ക് വിലയില്ലാതായ അവരെ ഓർക്കാൻ മാതൃദിനവും പിതൃദിനവും ഒക്കെ വേണ്ടിവരുന്ന ഈ ഉത്തരാധുനിക കാലത്ത് അമ്മയുടെ മാഹാത്മ്യം വരികളിലേക്ക് ആവാഹിക്കുക പ്രയാസമാണ്.


ഒറ്റവാക്കിലൊതുക്കാനാകാത്ത ലോകമാണ് അമ്മ. പൊക്കിൾക്കൊടിയിൽ തുടങ്ങുന്ന ആ സ്‌നേഹത്തിന്റെ രക്തബന്ധം ഒരു മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നു.

കണ്ണുള്ളവർ അത് കാണുന്നു അല്ലാത്തവർ കണ്ണടച്ചിരുട്ടാക്കി വൃദ്ധസദനങ്ങളുടെ വാതിലുകൾ മുട്ടുന്നു. അമ്മമാരെ കൺകണ്ട ദൈവമായി കണ്ടിരുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റെത്. എന്നാലിന്നോ…?

നാം നമ്മിലേക്ക് വിരൽചൂണ്ടി ചോദിക്കേണ്ടിയിരിക്കുന്നു. കേരളത്തിലിന്ന് മുഴങ്ങിക്കേൾക്കുന്നത് അമ്മമാരുടെ അലമുറയിട്ടുള്ള നിലവിളിയാണ്.


സ്വന്തം അമ്മയെ ഓർക്കാത്ത മുഖമില്ലാത്ത കുറേയെറെ മനുഷ്യക്കോലങ്ങളിലേക്ക് മാതൃത്വത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ട ഗതികേടിലെത്തിനിൽക്കുന്നു.

മക്കൾക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ…

നിങ്ങൾ വിട്ടുപോയത്