രാത്രിയും പകലും സന്ധിക്കുന്നആദ്യ ദിനത്തിന്റെ ഉഷസ്സ്. ഇരുളിനും പ്രകാശത്തിനും മധ്യേ, അവ്യക്തമായ കാഴ്ചകളെ അവഗണിച്ചു കൊണ്ട് ഹൃദയചോദനകളെ പിഞ്ചെല്ലി ഒരുവൾ ഒറ്റയ്ക്ക് ഒരു ഭയവുമില്ലാതെ യേശുവിൻ്റെ ശവകുടീരത്തിലേക്ക് പോകുന്നു. ആ സ്നേഹാന്വേഷണത്തിൽ നിന്നാണ് ഈസ്റ്റർ ദിനം ആരംഭിക്കുന്നത്.

പ്രണയ ഹൃദയമുള്ള ഒരുവളുടെ അതിരാവിലെയുള്ള കാതരമായ തേടലിൽ നിന്നും. അവളുടെ പേരാണ് മഗ്ദലേന മറിയം.

അതിരാവിലെ അവൾ വീടുവിട്ടു ഇറങ്ങിയിരിക്കുന്നു. ഒന്നുമില്ല കരങ്ങളിൽ. തീവ്രമായി സ്നേഹിച്ചവനെ ഒരുനോക്ക് കാണുന്നതിനായിരിക്കണം നിദ്രാരഹിതമായ രാത്രി തീരുന്നതിനു മുൻപേ അവൾ കല്ലറയിൽ എത്തിയത്. ഒഴിഞ്ഞ കരങ്ങളുള്ളവരെ ശൂന്യരെന്ന് വിളിക്കരുത്. തീക്ഷ്ണമായ സ്നേഹത്താൽ കത്തി ജ്വലിക്കുന്നവരായിരിക്കാം അവർ. അങ്ങനെയുള്ളവർ മരണത്തിനു മുമ്പിൽ തോൽക്കില്ല. അവർ അവരുടെ പ്രാണേതാക്കളെ മരണത്തിന് വിട്ടുകൊടുക്കുകയുമില്ല. മരണമൊരു ദഹനബലിയായി അവരുടെ പ്രിയരെ ഹവിസ്സായി ഉയർത്തുമ്പോൾ എല്ലാ ബലികളുടെയും ഉടയവനായ ദൈവത്തിന് അവരുടെ സ്നേഹത്തിനു മുമ്പിൽ നിസ്സംഗനായി നിൽക്കാൻ സാധിക്കില്ല. അങ്ങനെ വരുമ്പോൾ കല്ലറയുടെ വാതിലുകൾ തനിയെ തുറക്കപ്പെടും. സ്നേഹം അതിനെ തുറക്കും. അങ്ങനെയാണ് അവൻ്റെ ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി മഗ്ദലന മറിയം കാണുന്നത്.

യേശുവും മഗ്ദലേന മറിയവും

വിരഹത്തിന്റെ വേദനയും സ്നേഹത്തിന്റെ മധുരവുമുള്ള മിശ്രരൂപകമാണ് മഗ്ദലേന.പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാൽ ബൈബിളിലെ ശക്തയായ സ്ത്രീ. സ്നേഹത്തിൻ്റെ ശിഷ്യയാണ് അവൾ.ദൈവത്തെ അന്വേഷിക്കുന്ന ഒരാത്മാവിന്റെ രൂപകാലങ്കാരം. ഉത്തമഗീതത്തിലെ മണവാട്ടിയുടെ വരികൾ ഓർമ്മ വരുന്നു; “ഞാനുറങ്ങി; പക്ഷേ എന്റെ ഹൃദയം ഉണർന്നിരുന്നു” (5:2).

പാപിനി എന്നും ദുരാത്മാക്കൾ ബാധിച്ചവൾ എന്നും ഒക്കെ പല രീതിയിൽ അവളുടെ ജീവിതം വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും ആരായിരുന്നു അവൾ സത്യത്തിൽ?ആരാണ് അവൾ? വെറും ഒരു സ്ത്രീയെന്ന മട്ടിൽ തരംതാഴ്ത്തപ്പെടേണ്ടവളല്ല അവൾ. സ്ത്രീയും പുരുഷനും എന്നതിലുപരി ക്രിസ്തുവിൻ്റെ ശിഷ്യയാണ് അവൾ. ഒരുപക്ഷേ പരിശുദ്ധ അമ്മയെ പോലെ അവന്റെ ഉള്ളം അറിഞ്ഞ മറ്റൊരുവൾ. യേശുവിനോടുള്ള സ്നേഹം കൊണ്ടു നിറഞ്ഞ അവൾ ചുറ്റുമുള്ളതൊന്നും കാണുന്നില്ല. ആരെയും ഗൗനിക്കുന്നുമില്ല. തൻ്റെ പ്രിയപ്പെട്ടവന്റെ കാലടി പിന്തുടരുമ്പോൾ അവൾക്കൊന്നും തടസ്സമാകുന്നില്ല, അല്ലെങ്കിൽ തടസ്സമാകാൻ അവൾ സമ്മതിക്കുന്നില്ല.

Garth Davis (ഗാർത് ഡേവിസ്) എന്ന ഓസ്ട്രേലിയൻ സിനിമ സംവിധായകൻ്റെ മേരി മഗ്ദലിൻ എന്നൊരു പ്രശസ്ത സിനിമയുണ്ട്. റൂണി മാരാ എന്ന അമേരിക്കൻ സിനിമ താരം മനോഹരമാക്കിയ റോളാണത്. സിനിമ തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്. കടലിൻ്റെ അഗാധതയിലേക്ക് താഴ്ന്നിട്ട് ഉയർന്നു വരുന്ന മറിയം. ഈശോയുടെ ആഴം കണ്ടവൾ. ക്രിസ്തുവെന്ന സമുദ്രത്തിന്റെ ആഴം അറിഞ്ഞവൾ. അതൊരു പുതു ജനനമാണ്. ക്രിസ്തുവിലുള്ള ജനനം. ഒരു ഉത്ഥാനം.

ഷാരോണിൻ തുഷാരം പോലെ ഒരുവൾ മഗ്ദലേന എന്ന വാക്ക് വരുന്നത് ഗദോൾ എന്ന ഹീബ്രു വാക്കിൽ നിന്നാണ്. അതിന്റെ അർത്ഥം മഹനീയം, മഹത്വം എന്നൊക്കെയാണ്. അങ്ങനെയാണെങ്കിൽ യേശുവിന്റെ ശിഷ്യരിൽ മഹത്വമുള്ള വ്യക്തിയായിരുന്നു മറിയം എന്നും അർത്ഥമില്ലേ? അവൾ ഒരു പരസ്യ പാപിനിയായിരുന്നോ?

ലൂക്കാ സുവിശേഷകൻ പറയുന്നുണ്ട് അവൾ ഏഴു പിശാചുക്കൾ ബാധിച്ചവൾ ആയിരുന്നുവെന്ന്. ഇതിനെ പലരും വ്യാഖ്യാനിക്കുന്നത് അവൾ ഒരു ഗണികയായിരുന്നുവെന്നാണ്. പക്ഷെ ഏഴു പിശാചുക്കൾ എന്ന സങ്കൽപ്പം യഹൂദ പാരമ്പര്യത്തിൽ വിവാഹ സങ്കൽപ്പങ്ങളോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. പറഞ്ഞു വരുന്നത് മറിയം അവിവാഹിതയായിരുന്നു എന്നാണ്. തോബിത്തിന്റെ പുസ്തകത്തിലെ സാറായെ പോലെ ഏഴ് പിശാചുക്കളുമായി ബന്ധപ്പെടുത്തി മാത്രമേ മറിയത്തെയും വായിക്കാൻ സാധിക്കു. വിവാഹം കഴിക്കാത്ത സ്ത്രീകൾ അഥവാ വിവാഹിതരാകാൻ സാധിക്കാത്ത സ്ത്രീകൾ പിശാചിൻ്റെ ബന്ധനത്തിലാണെന്ന് യഹൂദർ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. തോബിത്തിൻ്റെ പുസ്തകത്തിലും ഇതേ കഥ തന്നെയാണല്ലോ.

തോബിത്തിന്റെ പുസ്തകത്തിലെ സാറ വിവാഹം കഴിച്ചിട്ടും പിശാച് ഒരു വിവാഹ ജീവിതം തുടരാൻ അവളെ അനുവദിക്കുന്നില്ല. ആ പിശാചിനെ പുകച്ച് പുറത്തുചാടിച്ചപ്പോൾ മാത്രമാണ് അവൾക്ക് ഭർത്താവായി തോബിയാസിനെ സ്വീകരിക്കുവാൻ കഴിഞ്ഞത്.എന്നാൽ ഇവിടെ മറിയം വിവാഹിതയാകുന്നില്ല. അവൾ ആത്മാവിൽ സ്നേഹിക്കുന്നത് യേശുവിനെയാണ്. അതിനാൽ യേശുവിനെ സ്വീകരിക്കുന്ന മാത്രയിൽ സകല ബന്ധനങ്ങളിൽ നിന്നും അവൾ മുക്തയാകുന്നു.

മഹാകവി വള്ളത്തോളിന്റെ ഖണ്ഡകാവ്യമായ ‘മഗ്ദലേന മറിയ’ത്തിൽ അവളെ ഒരു പാപിനിയായിട്ടാണ് ചിത്രീകരിക്കുന്നത്.”ചെയ്യരുതാത്തതു ചെയ്തവളെങ്കിലും ഈയെന്നെത്തള്ളൊല്ലേ തമ്പുരാനേ” എന്ന മഗ്ദലന മറിയത്തിൻ്റെ യാചന കേൾക്കുന്ന യേശു “അപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം” എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു പാപവിമുക്തയാക്കി “പൊയ്ക്കൊൾക പെൺകുഞ്ഞേ….ദുഃഖം വെടിഞ്ഞു നീ” എന്നു പറഞ്ഞു യാത്രയാക്കുന്നതായും കവി ചിത്രീകരിച്ചിരിക്കുന്നുണ്ട്.

റോസി തമ്പി ടീച്ചറിൻ്റെ ‘റബ്ബോനി’ എന്ന പുസ്തകത്തിൽ വളരെ പോസിറ്റീവ് ആയിട്ടാണ് മറിയത്തെ ചിത്രീകരിക്കുന്നത്.”അവൻ്റെ വാക്കുകൾ അവൾക്ക് പരിചയായി. നീ ആകുലപ്പെടുന്നതെന്തിന്? നീ പൂർണ്ണതയാണ്. നിന്നിൽ പിടയ്ക്കുന്ന പ്രാണന്റെ സൗന്ദര്യമാണ് സത്യം. നീ ഹൃദയം കൊണ്ട് മിണ്ടുന്നവൾ.അവൻ അവളെ ഉണർത്തി”.

കുരിശിൻ ചുവട്ടിലെ ശിഷ്യ

മഗ്ദലേനയുടെ ജീവിതത്തെ യോഹന്നാൻ്റെ സുവിശേഷത്തിൽ കുരിശിൻ കീഴിൽനിന്ന് ഉത്ഥാനത്തിലേക്കുള്ള ഒരു യാത്രയായാണ് ചിത്രീകരിച്ചിരിക്കുന്നത്. യേശു സ്നേഹിച്ച ശിഷ്യനോടൊപ്പം യേശുവിനെ സ്നേഹിച്ചുകൊണ്ട് അവളും അമ്മയോടൊപ്പം നിന്നു. അതൊരു സൗഹൃദ സാന്നിധ്യമായിരുന്നു. അതൊരു സ്ത്രീസഹജമായ ധൈര്യമായിരുന്നു. അതൊരു ചേർത്തു നിർത്തലും കൂടിയായിരുന്നു. കുരിശിൽ കിടക്കുന്നവനെ ഉള്ളിന്റെ ഉള്ളിൽ കൊണ്ടു നടന്നവളുടെ ആത്മബലിയായിരുന്നു അത്. നോക്കുക, കുരിശിൻ ചുവട്ടിൽ യേശു സ്നേഹിച്ച ശിഷ്യൻ ഉണ്ടായിരുന്നു. അമ്മയുണ്ടായിരുന്നു. ഒരു ഭാര്യയുണ്ടായിരുന്നു. ഒരു സഹോദരി ഉണ്ടായിരുന്നു. അവന്റെ സുഹൃത്തായ മഗ്ദലേന മറിയവും ഉണ്ടായിരുന്നു. സ്ത്രീത്വത്തിന്റെ പൂർണ്ണതയാണ് കുരിശിൻ ചുവട്ടിൽ നിറഞ്ഞു നിന്നിരുന്നത്. സ്നേഹിക്കുന്നവർക്ക് മാത്രമേ കുരിശിൻ കീഴിൽ എത്താൻ സാധിച്ചിട്ടുള്ളൂ.

ഉത്ഥിതൻ്റെ അപ്പസ്തോല

Le Sueur, Eustache; Christ on the Cross with the Magdalen, the Virgin Mary and Saint John the Evangelist; The National Gallery, London; http://www.artuk.org/artworks/christ-on-the-cross-with-the-magdalen-the-virgin-mary-and-saint-john-the-evangelist-114465

വളരെ ലളിതമാണ് ഉത്ഥാനത്തിന്റെ ആദ്യ അടയാളം. അതൊരു മഹത്വപൂർണ്ണമായ പ്രത്യക്ഷപ്പെടൽ അല്ല. ശുദ്ധമായ അരുണോദയത്തിലെ ഒഴിഞ്ഞ കല്ലറയാണ്. ഈ ലാളിത്യമാണ് മനസ്സിലാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത്. സുഗന്ധകൂട്ടുമായി കല്ലറയ്ക്കരികിൽ വന്ന മറിയത്തിനും ഒന്നും മനസ്സിലാകുന്നില്ല. അവൾ പത്രോസിന്റെ അടുത്തേക്ക് ഓടുകയാണ്. തന്റെ ഗുരുനാഥൻ ഉയിർത്തു എന്ന് പ്രഘോഷിക്കാനല്ല, ആരോ അവന്റെ ശരീരത്തെ കല്ലറയിൽ നിന്നും മാറ്റിയിരിക്കുന്നു എന്ന സങ്കട വാർത്തയുമായിട്ടാണ്. ഒരു വേദന കൂടി പങ്കുവയ്ക്കാനാണ് അവൾ ഓടുന്നത്. ശത്രുക്കൾ കർത്താവിനെ കല്ലറയിൽ നിന്നും മാറ്റിയിരിക്കുന്നു. അവനുവേണ്ടി ഒന്നു കരയുവാൻ ആ ശരീരം പോലും ഇനി ഇല്ലല്ലോ. ഇതാണ് അവളുടെ സങ്കടം. ഇതാണ് അവളുടെ ആകുലത മുഴുവനും.

ഒഴിഞ്ഞ കല്ലറ കണ്ട് ശിഷ്യന്മാർ തിരികേ പോയി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവൾ അവിടെ തന്നെ നിന്നു. സ്നേഹം അവളെ അവിടെത്തന്നെ നിർത്തുന്നു. ഒരു തൂവാല കണ്ട് അവൻ ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വാസിക്കാൻ മനസ്സ് സന്നദ്ധമാണെങ്കിലും അവളുടെ ഹൃദയം അവനെ തൊടുവാൻ കൊതിക്കുകയാണ്. അങ്ങനെയാണ് എല്ലാവരെക്കാളും മുമ്പ് അവളുടെ മുന്നിൽ ഉത്ഥിതൻ പ്രത്യക്ഷനാകുന്നത്. അതൊരു റബ്ബോനി അനുഭവം ആയിരുന്നു. ഒന്നു തൊടാനുള്ള ആഗ്രഹത്തിൻ്റെ പൂർണ്ണത. അവന്റെ മുറിവുകളിലൂടെ കടന്നുപോയവളാണ് അവൾ. കല്ലറയിലേക്ക് കുനിഞ്ഞു നോക്കിയതിനുശേഷം തിരിഞ്ഞു നോക്കിയപ്പോഴാണ് അവൾ അവനെ കണ്ടതെന്ന് സുവിശേഷം പറയുന്നുണ്ട്. അവളുടെ ആ തിരിഞ്ഞുനോട്ടം ഒരു തിരിച്ചു വരവ് തന്നെയാണ്. സാന്ദ്ര ഷ്നൈഡർ പറയുന്നതുപോലെ ആ തിരിഞ്ഞുനോട്ടം മഗ്ദലേനയുടെ ഉത്ഥാനം കൂടിയായിരുന്നു. അവിടെ നിന്നാണ് അവൾ സ്നേഹത്തിന്റെ അതീതതലത്തെ തിരിച്ചറിയുകയും ചെയ്തത്.

നീയാണ് എൻ്റെ സാക്ഷ്യം എന്നാണ് ഗാർത് ഡേവിസിന്റെ സിനിമയിലെ യേശു മഗ്ദലേന മറിയത്തോടു പറയുന്നത്. അവന് സാക്ഷിയാണ് അവൾ. അവൻ്റെ സ്നേഹത്തിൻ്റെ സാക്ഷി. അവൻ്റെ ജീവിതത്തിൻ്റെ സാക്ഷി. അവന്റെ വേദനകളുടെ, മരണത്തിൻ്റെ, ഉയർപ്പിന്റെ സാക്ഷി. അതെ അവളാണ് അപ്പോസ്തലന്മാരോട് ഉത്ഥിതനെ കുറിച്ച് പ്രഘോഷിച്ചത്. അവളാണ് അപ്പോസ്തലന്മാരുടെ അപ്പോസ്തല.

എന്തിനാണ് ഈശോ ഉത്ഥിതനായത്?

ഉത്തരം ഒന്നേയുള്ളൂ. സ്നേഹം മരണത്തേക്കാൾ ശക്തമാണ്. ഓർക്കുക, മരണത്തിന്റെ യഥാർത്ഥ ശത്രു ജീവനല്ല. സ്നേഹമാണ്. സ്നേഹം മരണത്തെയും തോൽപ്പിക്കുമെന്ന സത്യം ആദ്യം അനുഭവിച്ചറിഞ്ഞവർ അവന്റെ സ്നേഹം അനുഭവിച്ചവർ മാത്രമായിരുന്നു: മഗ്ദലേന, യേശു സ്നേഹിച്ച ശിഷ്യൻ, പത്രോസ്.ഇതാ, നമ്മൾ ഇവിടെ, ഈ കൊച്ചു ജീവിത പരിസരത്തിൽ, മരണം വരിക്കാതിരിക്കാൻ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒരു കാര്യം മാത്രം ഓർത്താൽ മതി. ജീവിതം സ്നേഹപൂർവ്വമാണെങ്കിൽ അതിനെ ഒരു കല്ലറയിലും തളച്ചിടാൻ സാധിക്കുകയില്ല. മരണത്തിന് അതിനുമേൽ ഒരു അധികാരവും ഉണ്ടായിരിക്കുകയുമില്ല.

മരണത്തിന്റെ കണക്കെടുപ്പിൽ നിന്നും ഒരു ശരീരം കാണാനില്ല എന്നതു മാത്രമല്ല അവന്റെ ഉത്ഥാനം മുന്നിലേക്ക് വയ്ക്കുന്ന വിഷയം. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും സ്നേഹത്തെ കല്ലറയ്ക്കുള്ളിൽ തളയ്ക്കാം എന്ന ഹീന വിചാരങ്ങൾക്കേറ്റ ആഘാതമാണ് നിശബ്ദമായി കുരിശിലേറിയവന്റെ തിരിച്ചു വരവ്. സ്നേഹത്തിനെ ഇരുളിൽ തളയ്ക്കാൻ ആർക്കു സാധിക്കും?

ഉപസംഹാരം

ആദ്യം നമ്മിൽ സംഭവിക്കേണ്ടത് ഒരു പുനരുത്ഥാനമാണ്. അതിന് ഉത്ഥിതനായവനും ഉത്ഥാനവുമായ യേശു ഉള്ളിലുണ്ടാകണം. യേശുവാണ് ഉള്ളിലെങ്കിൽ സ്നേഹമാണവരുടെ ജീവിതം. ആ ജീവിതത്തെ തോൽപ്പിക്കാൻ മരണത്തിന് സാധിക്കുകയില്ല. കാരണം ആ ജീവിതം നിത്യജീവിതമാണ്. ഇരുളടഞ്ഞ കല്ലറയിൽ നിന്നും, തിന്മയുടെ വീർപ്പുമുട്ടലിൽ നിന്നും, മങ്ങിയ ജീവിതസാഹചര്യങ്ങളിൽ നിന്നും, കെട്ടുപോയ ഹൃദയസ്പന്ദനങ്ങളിൽ നിന്നും, തണുത്തുറഞ്ഞ ബന്ധങ്ങളിൽ നിന്നും ആദ്യമുണ്ടാകേണ്ടത് പുനരുത്ഥാനമാണ്.

ഉത്ഥാനം മരണത്തിന് എതിരെ നിൽക്കുന്ന നന്മ മാത്രമല്ല. അത് സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളം കൂടിയാണ്. ഉത്ഥാനമില്ലായിരുന്നെങ്കിൽ നമ്മുടെ സ്നേഹവും കരുണയും ആർദ്രതയുമെല്ലാം മരണം കൊണ്ടവസാനിക്കുമായിരുന്നു. ഉത്ഥാനമാണ് സ്നേഹത്തിന് നിത്യതയോളം മാനം നൽകുന്നത്. അപ്പോൾ മരണമോ? മരണം സ്നേഹത്തിന്റെ അവസാനത്തെ പടി മാത്രമാണ്. ഉത്ഥാനമാണ് നിത്യതയിലേക്കുള്ള അതിന്റെ ചിറക്.

ആ സ്നേഹം വെറും ഇന്ദ്രിയം അല്ല. എത്ര അകലെയാണെങ്കിലും അരികിൽ അനുഭവിക്കുന്ന സാന്നിധ്യമാണത്. മരണത്തിനുപോലും തോൽപ്പിക്കാനാവാത്ത ജീവൻ്റെ ബഹിർസ്ഫുരണം.

ഉത്ഥിതനായ ക്രിസ്തു അവൾക്ക് മുന്നിൽ മേഘങ്ങളിലേക്ക് മറഞ്ഞുപോയ, സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഒരു യാഥാർത്ഥ്യം മാത്രമല്ല; അവളുടെ അന്തരാളങ്ങളിലേക്ക് അവളുടെ ആത്മാവിൻ്റെ ആഴങ്ങളിലേക്ക് ഒഴുകിയിറങ്ങിയ സ്നേഹത്തിൻ്റെ നീർക്കണമാണ്. ആ നീർക്കണം പിന്നീട് അരുവിയായി, നദിയായി, സമുദ്രമായി അവളിൽ നിറഞ്ഞു കവിഞ്ഞ് സഹജരിലേക്ക് ഒഴുകി പടരുന്നു. അതുതന്നെയാണ് മഗ്ദലേന മാനവരാശിക്ക് നൽകുന്ന സന്ദേശം. അത് തന്നെയാണ് അവളുടെ സുവിശേഷവും. അത് യേശുവിൻ്റെ സ്നേഹ സാഗരത്തിൽ അലിഞ്ഞുചേരുന്ന നീർക്കണത്തിന്റെ അനുഭൂതിയാണ്.

ഉത്ഥിതൻ്റെ ആ ചൈതന്യത്തിൽ ലയിക്കണമെങ്കിൽ നാമും മഗ്ദലേന മറിയത്തെ പോലെ സ്നേഹിക്കണം. മാംസനിബദ്ധമല്ലാത്ത സ്നേഹത്തിൻ്റെ ആഴം അറിയണം. അപ്പോൾ മാത്രമേ നമുക്ക് ഉത്ഥാനമഹിമയിലേക്ക് പ്രവേശിക്കാനാകു.

സി. മേരി ലില്ലി പഴമ്പിള്ളി CTC

വരാപ്പുഴ അതിരൂപതയുടെ ജീവദീപ്തി മാസികയിൽ പ്രസിദ്ധീകരിച്ച, ഞാൻ എഴുതിയ ഈസ്റ്റർ ലേഖനം.

നിങ്ങൾ വിട്ടുപോയത്