ഐസിപിഎ പ്ലീനറി സമ്മേളനം ചെന്നൈയിൽ

കൊച്ചി : ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്‍റെ 57 -ാം പ്ലീനറി സമ്മേളനം ഒൻപതു മുതൽ 12 വരെ ചെന്നൈയിൽ നടക്കും. പ്രസിഡന്‍റ് ഇഗ്‌നേഷ്യസ് ഗോൺസാൽവസിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മദ്രാസ്-മൈലാപ്പൂർ ആർച്ച്ബിഷപ്പും സിബിസിഐ ഉപാധ്യക്ഷനുമായ ഡോ. ജോർജ് അന്തോണിസ്വാമി ഉദ്ഘാടനം ചെയ്യും.


തമിഴ്നാട് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എസ്. പീറ്റർ അൽഫോൻസ്, സിബിസിഐ സോഷ്യൽ കമ്മ്യൂണിക്കേഷൻ വിഭാഗം ചെയർമാൻ ബിഷപ് ഡോ. ഹെൻറി ഡിസൂസ, മുൻ ചെയർമാൻ ബിഷപ് ഡോ. സാൽവദോർ ലോബോ, സലേഷ്യൻ സഭയുടെ പ്രൊവിഷ്യൽ ഫാ. കെ.എം. ജോസ് തുടങ്ങിയവർ പ്രസംഗിക്കും.


പത്തിന് നടക്കുന്ന ദേശീയ സെമിനാർ ഏഷ്യാനെറ്റ് സ്ഥാപകനും ഏഷ്യൻ കോളജ് ഓഫ് ജേർണലിസം ചെയർമാനുമായ ഡോ. ശശികുമാർ നയിക്കും . “മാധ്യമപ്രവർത്തകർ: പ്രവാചകത്വമാർന്ന വിവരസംവേദനത്തിനു വിളിക്കപ്പെട്ടവർ ” എന്നതാണ് വിഷയം. മാധ്യമ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. ഡോ. ബെർണാഡ് ഡി. സ്വാമി മോഡറേറ്ററാകും. അവാർഡ് സമർപ്പണ സമ്മേളനത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് കെ. ചന്ദ്രു മുഖ്യാതിഥിയായി പങ്കെടുക്കും. ചെന്നൈ ലയോള കോളജ് പ്രിൻസിപ്പൽ ഡോ.കെ. തോമസ് ഉദ്ഘാടനം ചെയ്യും.


ധീരവും മൂല്യാധിഷ്ടിതവുമായ മാധ്യമപ്രവർത്തനത്തിന് ഐസിപിഎ നൽകുന്ന ഫാ. ലൂയിസ് കരേനോ അവാർഡ് മനുഷ്യാവകാശ പ്രവർത്തകനും ഗ്രന്ഥകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡോ. ജോൺ ദയാലിനു സമ്മാനിക്കും.

ഹിന്ദി സാഹിത്യത്തിനുള്ള സ്വാമി ദേവാനന്ദ് ചക്കുങ്ങൽ അവാർഡ് സിസ്റ്റർ ഗംഗാ റാവത്തും, പട്ടികജാതി, വർഗ മേഖലകളിൽ നിന്നുള്ള മികച്ച റിപ്പോർട്ടിംഗിനുള്ള അവാർഡ് ഈശോസഭാംഗം ഫാ.ഇരുദയ ജ്യോതിയും ഏറ്റുവാങ്ങും. ബിഷപ് ഡോ. ഹെൻറി ഡിസൂസ പുസ്തക പ്രകാശനം നടത്തും. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ കഥ പറയുന്ന ചലച്ചിത്രത്തിന്‍റെ അവതരണം ഡോ.ഷൈസൺ ഔസേപ്പും കാന്ധമാൽ ഇരകളുടെ ധീരോദാത്തമായ വിശ്വാസസാക്ഷ്യം രേഖപ്പെടുത്തുന്ന ഡോക്യൂമെന്‍ററിയുടെ അവതരണം ആന്‍റോ അക്കരയും നടത്തും.

ഇഗ്‌നേഷ്യസ് ഗോൺസാൽവസ്


അമേരിക്കൻ ജസ്യൂട്ട് മിഷനറി ഫാ. ജോൺ ബാരറ്റിന്‍റെ നേതൃത്വത്തിൽ1963 ൽ തുടങ്ങിയ ഐസിപിഎ, മാധ്യമ മേഖലയിൽ ദീർഘവർഷങ്ങളായുള്ള പ്രഫഷണൽ സംഘടനകളിൽ ഒന്നാണ്.

ദീപിക , കേരളം ടൈംസ് ,തൊഴിലാളി എന്നീ ദിനപത്രങ്ങളും സഞ്ജീവം (പാറ്റ്ന ), എക്‌സാമിനർ (മുംബൈ), ദി ന്യു ലീഡർ (ചെന്നൈ), ഹെറാൾഡ് (കൊൽക്കത്ത), റാക്നോ (മംഗളുരു) എന്നീ പ്രസിദ്ധീകരണങ്ങളായിരുന്നു സ്ഥാപക അംഗങ്ങൾ. സംഘടനയുടെ വജ്ര ജൂബിലിയാണ് അടുത്തവർഷമെന്നു പ്രസിഡന്‍റ് ഇഗ്‌നേഷ്യസ് ഗോൺസാൽവസും സെക്രട്ടറി ഫാ. സുരേഷ് മാത്യുവും പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്