കർത്താവിന്റ ഔദാര്യത്തിനു പരിധി ഇല്ല. ഔദാര്യത്തിനു എന്ന വാക്കിന് പകരം കർത്താവിന്റ സ്നേഹത്തിന് പരിധി ഇല്ല എന്നു പറയുന്നതാണ് അത്യുത്തമം. ദൈവമക്കളായ നാമോരോരുത്തരും കർത്താവ് നമ്മളോട് കാണിക്കുന്നത് ഔദാര്യമല്ല. ദൈവമക്കൾ ആയ നമ്മളോടുള്ള സ്നേഹമാണ്. ബൈബിളിലെ മൂലഭാഷയായ ഹീബ്രുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ gracious (ഗ്രേഷ്യസ്) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രേഷ്യസ് എന്ന വാക്കിൻറെ അർത്ഥം സ്നേഹം നിറഞ്ഞ അഥവാ ഉദാരമതിയായ എന്നാണ്. നമ്മുടെ ദൈവം നമ്മെ അനുഗ്രഹിക്കാൻ ഉദാരമതിയായ ദൈവമാണ്. അല്ലെങ്കിൽ കർത്താവു നമ്മളാട് കരുണ കാണിക്കാൻ കാത്തിരിക്കുന്നു എന്നു പറയാം.

കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരുടെമേല് കർത്താവിന്റ കാരുണ്യം നിരന്തരം ചൊരിയുന്നു. ജീവിതത്തിൽ നമുക്ക് ഉണ്ടാവുന്ന നേട്ടങ്ങളും അനുഗ്രഹങ്ങളും എല്ലാം ദൈവത്തിൻറെ ഔദാര്യം ആണ്. പലപ്പോഴും കർത്താവിൻറെ ഔദാര്യം നാം ജീവിതത്തിൽ തിരിച്ചറിയുന്നില്ല പലപ്പോഴും നാം ചിന്തിക്കുന്നു അത് നമ്മുടെ ജീവിതത്തിന്റ നേട്ടത്തിന്റ ഭാഗമാണെന്ന്. ഓരോ സുപ്രഭാതവും ദൈവത്തിൻറെ നമ്മളോടുള്ള അനുഗ്രഹവും ഔദാര്യമാണ്. ദൈവത്തിന്റ നമ്മളോടുള്ള ഏറ്റവും വലിയ ഔദാര്യം ആയിരുന്നു നമ്മുടെ പാപത്തിൽ നിന്നുള്ള രക്ഷ. ദൈവം തന്റെ പുത്രനെ നമുക്കു വേണ്ടി ക്രൂശുമരണം അനുഭവിക്കാനും മരിക്കാനും അയച്ചത് നമ്മളെ പാപത്തിൽ നിന്ന് രക്ഷിക്കാൻ ആയിരുന്നു. ചരിത്രത്തിലേക്കും ഏറ്റവും വലിയ സ്നേഹപ്രവൃത്തി അഥവാ ഔദാര്യം അതാണെന്ന് നമുക്ക് ഉറപ്പായി പറയാൻ കഴിയും.

യേശുവിന്റെ നാളിൽ ഭക്ഷ്യവസ്തു എന്ന നിലയിൽ വിറ്റിരുന്ന ഏറ്റവും വിലകുറഞ്ഞ പക്ഷി കുരുവി ആയിരുന്നു. നിസ്സാര മൂല്യമുള്ള ഒരു നാണയം കൊണ്ട് രണ്ടു കുരുവികളെ വാങ്ങാൻ കിട്ടുമായിരുന്നു. യേശു ഇങ്ങനെ പറഞ്ഞു: ‘അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.’ യേശു ഇവിടെ പറയാൻ ആഗ്രഹിച്ച ആശയം ഇതായിരുന്നു: ദൈവം ഒറ്റയൊരു കുരുവിക് ഇത്രയധികം വില കൽപ്പിക്കുന്നെങ്കിൽ അതിനെക്കാൾ എത്രയധികം മൂല്യമുള്ളവനാണ് ഒരു മനുഷ്യൻ. ദൈവം നമ്മുടെ ജീവിതത്തിൽ കാണിക്കുന്ന ഔദാര്യത്തിലും സ്നേഹത്തിനും ആയി നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.





