നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ പാപങ്ങൾക്കും കാരണമായി നമ്മൾ പലപ്പോഴും ചൂണ്ടി കാണിക്കുന്നത് പിശാചിനെയും അവന്റെ കൂട്ടാളികളെയും ആണ്. എന്നാൽ, പലപ്പോഴും നമ്മൾ മറക്കുന്ന കാര്യം നമുക്ക് പാപം ചെയ്യാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരാനല്ലാതെ, നമ്മെക്കൊണ്ട് പാപം ചെയ്യിക്കാൻ സാത്താന് ആവില്ല എന്നതാണ്. സാത്താന്റെ പ്രവൃത്തികൾ നമ്മുടെ ചുറ്റുമാണ് നടക്കുന്നത്, ഉള്ളിലല്ല. പാപം ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കുന്നത് ഓരോ വ്യക്തിയുമാണ്. നന്മയേയും തിന്മയേയും വേർതിരിച്ചറിഞ്ഞ് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള കൃപയും സ്വാതന്ത്ര്യവും ദൈവം നമുക്കെല്ലാവർക്കും നൽകിയിട്ടുണ്ട്.
സാത്താൻ പാപം ചെയ്യാനുള്ള നമ്മുടെ അഭിലാഷത്തെ പ്രോത്സാഹിപ്പിക്കുകയും, ദൈവത്തിൽനിന്നും അകന്നു ജീവിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ നമ്മെ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തെ തളർത്തുകയും ആത്മാവിനെ നശിപ്പിക്കുകയും ചെയ്യുന്ന പാപത്തിന്റെ സ്വാധീനത്തിൽനിന്നും നമ്മുടെ ഹൃദയങ്ങളെ മോചിപ്പിക്കുന്നത് ഗാഗുൽത്തായിൽ ചിന്തിയ പാപലേശമില്ലാത്ത യേശുവിന്റ തിരുരക്തം ഒന്നുമാത്രമാണ്. പാപികളായ നമ്മെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തെ, യേശുക്രിസ്തുവിലൂടെ കണ്ടെത്തുമ്പോഴാണ് നമ്മുടെ ജീവിതത്തിലെ പാപാവസ്ഥകളെ സ്നേഹാനുഭവങ്ങളാക്കി മാറ്റാൻ നമുക്ക് സാധിക്കുന്നത്.
നമ്മിലെ പാപത്തിന്റെ സ്വാധീനം നമ്മൾ തിരിച്ചറിയുന്നതിനും അതിൽനിന്നും രക്ഷനേടി യേശുവിനെ സമീപിക്കേണ്ടതിനുമായി, ദൈവം തന്റെ സത്യത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും പ്രകാശമായ പരിശുദ്ധാൽമാവിനെ നമ്മുടെ ഹൃദയത്തിലേക്ക് സദാ ചൊരിയുന്നുണ്ട്. നമ്മുടെ ഹൃദയത്തെ പാപാന്ധകാരത്തിൽനിന്നും മോചിപ്പിച്ച്, ദൈവസ്നേഹത്തിന്റെ പ്രകാശവാഹകരാക്കി മാറ്റണമേയെന്ന് കാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കാം. ജീവിതത്തിന്റെ പലവിധ പാപ സാഹചര്യങ്ങളിലും ദൈവമക്കളായ നാം ഓരോരുത്തരെയും കാത്തു രക്ഷിക്കുന്ന ദൈവത്തിന് നന്ദിപറയാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.