ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയും മേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും രാജത്വവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ, പിശാചിന്റെയും അവനു അടിമയായ ലോകത്തിന്റെയും കണ്ണിൽ ശത്രുക്കളാണ്. അതുകൊണ്ടാണ്, ഈ ലോകം എതിർക്കുമ്പോൾ ആനന്ദിക്കുവാൻ ഈശോ തന്റെ ശിഷ്യരോടു പറയുന്നത്. നമ്മൾ ക്രിസ്തുവിന്റെ പാതയിലൂടെയാണോ നടക്കുന്നത് എന്നു തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം, ലോകത്തിന്റെ എതിർപ്പാണ്. എല്ലാവരാലും എപ്പോഴും അംഗീകരിക്കപ്പെടുകയും അനുകൂലിക്കപ്പെടുകയും ചെയ്യുന്നവരാണ് നാമെങ്കിൽ, നമ്മുടെ പാത ലോകത്തിനാണ് അനുരൂപം, ദൈവത്തിനല്ല.

ദൈവരാജ്യം ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പീഡകളെക്കുറിച്ച് യാതൊരു മറയുമില്ലാതെ ഈശോ നിരവധി തവണ തന്റെ വചനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ പലപ്പോഴും ക്രിസ്തുവിനെ അനുഗമിക്കുന്നവർ മറ്റുള്ളവരിൽ നിന്ന് പീഡനം ഏൽക്കുകയും, ലോകം അവർക്കെതിരെ അപവാദങ്ങൾ ചെലുത്തുകയും ചെയ്യാറുണ്ട്. എന്നാൽ ലോകം ദൈവമക്കൾക്കെതിരെ പോരാടുമ്പോൾ അവർ ക്ഷമിക്കുകയും, മറിച്ച് പീഡിപ്പിക്കുന്നവരെ സ്നേഹിക്കുകയും ചെയ്യുന്നു. കാരണം അവർ ദൈവത്തിന്റെ മക്കളാണ്

ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയാണ് ദൈവത്തിന്റെ മക്കളായ നാം ഓരോരുത്തരും. ശരീരത്തിൽ ഏറ്റവും കരുതലായി സൂക്ഷിക്കുന്നത്, കണ്ണിലെ കൃഷ്ണമണിയാണ് കാരണം ചെറിയ ഒരു കരട് വീണാൽ പോലും ക്ഷതമേൽക്കുന്നതാണ് കണ്ണിലെ കൃഷ്ണമണി. കണ്ണിലെ കൃഷ്ണമണി കാത്തു രക്ഷിക്കാൻ കൺപോള പോലെ ഒരു കവചവും ഉണ്ട്. കുടുബത്തിലും, സമൂഹത്തിലും, ജോലി സ്ഥലത്തും, നാം മറ്റുള്ളവരുടെ മുൻപിൽ പീഡിപ്പിക്കുമ്പോൾ ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയെയാണ് പീഡിപ്പിക്കുന്നത്. അതുകൊണ്ടാണ് നാം പീഡിപ്പിക്കപ്പെടുമ്പോൾ നാം യുദ്ധം ചെയ്യണ്ട, കർത്താവ് നമ്മൾക്കുവേണ്ടി യുദ്ധം ചെയ്യും എന്നു പറയുന്നത്. നാം ഓരോരുത്തരെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു രക്ഷിക്കുന്ന ദൈവത്തിന് നന്ദി പറയാം





