ദൈവവചനം തിരസ്കരിച്ച് പാപത്തിന്റെ നൈമിഷിക സുഖങ്ങളിൽ ജീവിക്കുന്നവർ, ദൈവിക പദ്ധതികളെക്കുറിച്ച് കണ്ണുണ്ടായിട്ടും കാണുകയോ കാതുണ്ടായിട്ടും കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ ചെയ്യാത്ത തന്റെ ജനത്തിന്, ദൈവകൃപയെ തിരസ്കരിക്കുന്നതു മൂലമുള്ള വിപത്തിനെക്കുറിച്ച് ദൈവം പ്രസ്തുത വചനത്തിലൂടെ മുന്നറിയിപ്പു നൽകുന്നു. ദൈവവചനം കേട്ടിട്ടും അവിടുത്തെ അത്ഭുത പ്രവർത്തികൾ കണ്ടിട്ടും അവിടുത്തെക്കായി ഹൃദയം അഭിലഷിച്ചിട്ടും ലൗകീക സുഖങ്ങളെ വെറുത്തുപേക്ഷിക്കാൻ മടി കാണിക്കാറില്ലേ? നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തോട് ഉണ്ടാകുന്ന അവിശ്വസ്ത പരിഹരിക്കാൻ കർത്താവ് നാം ഓരോരുത്തരെയും സ്നേഹത്തോടെ വിളിക്കുന്നു, കാരണം നമ്മളുടെ ദൈവം ക്ഷമിക്കുന്ന ദൈവം ആണ്.

ദൈവം തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; വിനാശത്തിൽ നിന്നു വിടുവിച്ചു” (സങ്കീർത്തനം 107:20). ഇന്നത്തെ ലോകത്തിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് തന്റെ വചനത്തിലൂടെയാണ്. എന്നാൽ ദൈവചനത്തോട് വിശ്വാസികളുടെ ഇടയിൽപോലും ഇന്ന് ഒരു തരം നിസ്സംഗതാ മനോഭാവമാണ്. കേവലം ഒരു കഥാപുസ്തകം പോലെ വിശുദ്ധ ഗ്രന്ഥത്തെ കണക്കാക്കുന്ന വ്യക്തികളാവരുത് നമ്മൾ. നമ്മെ ദുരിതങ്ങളിൽനിന്നു മോചിപ്പിക്കാനും പുതുജീവൻ പ്രദാനം ചെയ്യാനും കഴിവുള്ള ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച് അധരം കൊണ്ട് ഏറ്റുപറയാൻ നമുക്കാവണം.

കർത്താവിനെ അനുഗമിക്കാൻ തടസ്സമായി നമ്മിലുള്ള പാപത്തിന്റെയും സംശയത്തിന്റെയും ലജ്ജയുടെയും ഭയത്തിന്റെയും കെട്ടുകളഴിക്കാൻ ദൈവാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം. നല്ലയിടയനായ ഈശോയെ, പാപത്തിന്റെ ഇരുളിൽ പെട്ട് വഴിതെറ്റി കൂട്ടം വിട്ടുപോയ എന്നെ തേടിയിറങ്ങിയ ദൈവപുത്രാ, പാപവും പാപമാർഗ്ഗങ്ങൾ ഉപേക്ഷിച്ച്, അങ്ങയുടെ തോളിലേറി സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനുള്ള കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.





