യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രവർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗികൾക്ക് സൗഖ്യം നല്കുക എന്നത്. മരണത്തെ ജയിച്ച യേശുക്രിസ്തു ഇന്നും ജീവിക്കുന്നവനായി നമ്മുടെ ഇടയിലുണ്ട്. പരിശുദ്ധാൽമാവിന്റെ ശക്തിയാൽ യേശുവിന്റെ സാന്നിദ്ധ്യം നമ്മുടെ ഉള്ളിൽ ജീവിക്കുന്നു. നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്ന ഈ യേശുവിന് നമ്മെ രോഗങ്ങളിൽനിന്നും മറ്റു വ്യാധികളിൽനിന്നും, മാനസിക സമ്മർദങ്ങളിൽ നിന്നും മോചിപ്പിക്കാൻ ഇന്നും സാധിക്കുകയില്ലേ?

യേശു തന്റെ അടുത്തുവന്ന എല്ലാ രോഗികൾക്കും സൗഖ്യം നല്കി എന്നാണു തിരുവചനം വിവരിക്കുന്നത്. ഏതാനും ചിലരിൽ നിന്നല്ല, തന്റെ അടുത്തുവന്ന എല്ലാവരിൽനിന്നും യേശു രോഗങ്ങൾ എടുത്തുമാറ്റി. പക്ഷെ, ഇന്ന് നാം സ്ഥിരമായി കാണുന്ന ഒരു സ്ഥിതിവിശേഷം സൗഖ്യത്തിനായി യേശുവിനെ സമീപിക്കുന്ന എല്ലാവരും സുഖപ്പെടുന്നില്ല എന്നതാണ്. ചിലർക്കൊക്കെ അത്ഭുതകരമായ സൗഖ്യം ലഭിക്കുമ്പോൾ, അതിലെറെപ്പേർ രോഗാവസ്ഥയിൽ നിരാശരായി മടങ്ങുന്നു. എന്തുകൊണ്ടാണ് ഇന്നത്തെ ലോകത്തിൽ, തന്നെ സമീപിക്കുന്ന എല്ലാവരിൽ നിന്നും രോഗങ്ങൾ എടുത്തുമാറ്റാൻ എന്തുകൊണ്ടാണ് യേശുവിന് കഴിയാത്തത്? ഈ ചോദ്യത്തിന് വളരെ ലളിതമായ ഉത്തരം, ഒട്ടേറെപ്പേർക്കു തങ്ങളുടെ രോഗങ്ങളുമായി യേശുവിനെ സമീപിക്കാൻ സാധിക്കുന്നില്ല എന്നതാണ്.

രോഗശാന്തിക്കായി യേശുവിനെ സമീപിക്കുന്ന എല്ലാവരും ചെയ്യേണ്ട രണ്ടു കാര്യങ്ങളുണ്ട്: ആദ്യമായി നാമാരോടെങ്കിലും വിദ്വേഷം മനസ്സിൽവെച്ച് പുലർത്തുന്നുണ്ടെങ്കിൽ, അതുപേക്ഷിച്ചു അവരോട് വ്യവസ്ഥകളില്ലാതെ ക്ഷമിക്കാൻ തയ്യാറാകണം. രണ്ടാമതായി, പാപത്തെയും പാപമാർഗ്ഗങ്ങളെയും വിട്ടുപേക്ഷിക്കുവാൻ ആത്മാർഥമായി ശ്രമിക്കണം. ഈ രണ്ടു കാര്യങ്ങൾ ചെയ്യാതെ ഒരാൾക്കും കർത്താവിനെ സമീപിക്കാൻ സാധിക്കുകയില്ല. അവിടുത്തെ സമീപിക്കാത്തിടത്തോളം കാലം രോഗങ്ങളിൽനിന്നും മോചനവുമില്ല. നാം ഒരോരുത്തർക്കും രോഗങ്ങൾ മാത്രമല്ല മനസിന്റെ മുറിവുകൾ പോലും വെച്ചു കെട്ടുന്ന കർത്താവിലേയ്ക്ക് ധൈര്യമായി കടന്ന് ചെല്ലാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.






