ദൈവത്തിന്റെ ഗുണങ്ങളെല്ലാം അതിവിശിഷ്ടവും സമ്പൂർണവും ആകർഷകവുമാണ്. എന്നാൽ അവയിൽ ഏറ്റവും ആകർഷകമായത് സ്നേഹവും, അലിവുമാണ്. പുരാതനകാലത്തെ ദൈവജനമായ എഫ്രയീമിനെക്കുറിച്ച് ദൈവം ഇങ്ങനെ ചോദിച്ചു: “എഫ്രയീം എന്റെ പ്രിയമകനല്ലേ, എന്റെ പൊന്നോമന? അതുകൊണ്ടാണ് എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നത്. എനിക്ക് അവനോടു നിശ്ചയമായും അലിവ് തോന്നും. ഇന്നത്തെ തന്റെ മക്കളെക്കുറിച്ചും ദൈവത്തിന് ഇതേ ചിന്തയാണുള്ളത്. ദൈവം സർവശക്തനായ സ്രഷ്ടാവ് മാത്രമല്ല നമ്മുടെ വിശ്വസ്തപിതാവും സുഹൃത്തും കൂടിയാണ്. ഇത്തരം ഒരു വ്യക്തിയിൽനിന്ന് ലഭിക്കുന്ന ഏതൊരു സമ്മാനവും ശ്രേഷ്ഠമല്ലേ?
ചില സമ്മാനങ്ങൾ നമുക്കു വിലപ്പെട്ടതാണ്. കാരണം അതു തരുന്നത് നമ്മളോടുള്ള ആത്മാർഥമായ സ്നേഹം കൊണ്ടാണ്, അല്ലാതെ എന്തെങ്കിലും ഒരു കടപ്പാടിന്റെ പുറത്തല്ല. ശരിക്കും നിസ്സ്വാർഥനായ ഒരാൾ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് സമ്മാനം കൊടുക്കുന്നത്.ദൈവം സ്വന്തം മകനെ നമുക്കായി നൽകിയത് നമ്മളോടുള്ള സ്നേഹംകൊണ്ടും, അലിവു കൊണ്ടുമാണ്. നമ്മുടെ രക്ഷയ്ക്കായി “നമുക്കു വേണ്ടി പ്രാണനെ വെച്ചുതരുവാൻ’’ (1 യോഹന്നാൻ 3:16) വേണ്ടി തന്റെ പുത്രനെ അയച്ചുകൊണ്ട് അവൻ തന്റെ മനസ്സലിവു പ്രകടമാക്കി. ഈ ഒരു പ്രവൃത്തി കൊണ്ട് നമുക്കു ദൈവത്തിനു നമ്മോടുള്ള സ്നേഹം അനുഭവിക്കാൻ മാത്രമല്ല, ക്രൂശിലേക്കു നോക്കി അത് കാണാനും കഴിയും.
നാം പാപത്താൽ ബലഹീനരായിരിക്കുകയും ജീവിതത്തിന്റെ മുറിപ്പാടുകൾ നിമിത്തം നാം സ്നേഹിക്കപ്പെടാത്തവരാണെന്ന് തോന്നുകയും ചെയ്യുമ്പോൾ, നമ്മോടുള്ള നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹത്തിനു വേണ്ടിയും, അലിവിനു വേണ്ടിയും കാതോർക്കാം. ഇന്നും ദൈവം അലിവോടെ നിങ്ങളുടെ പേര് ചൊല്ലി വിളിക്കുന്നു. ഹൃദയത്തിൽ നിന്ന് സങ്കടങ്ങളെയും ദുരാശകളെയും എടുത്തു കളയുക. കരയേണ്ട നിന്നെ രക്ഷിക്കാൻ ഞാൻ വന്ന് കഴിഞ്ഞു ഇങ്ങനെ പറയുന്ന ദൈവത്തിന്റെ കരങ്ങളിൽ പിടിച്ച് മുന്നോട്ട് നീങ്ങാം. ആർക്കും നിങ്ങളെ തകർക്കാനാവില്ല. നമ്മളോട് അനുദിനം അലിവ് കാണിക്കുന്ന ദൈവത്തിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.