യേശു എന്ന പേരിന്റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്. പലരും പല പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്, കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ പലതും. യേശു നമ്മുടെ ജീവിത പ്രശ്ങ്ങളിൽ നിന്നു മാത്രം അല്ല, പാപങ്ങളിൽ നിന്നും രക്ഷിക്കുന്നു . തിരുവചനം നോക്കിയാൽ ദാനിയേലും, ദാവീദും, ശിഷ്യമാരും അങ്ങനെ വിവിധ പ്രവാചകന്മാർ കർത്താവിൻറെ ആത്മീയവും ഭൗതികവുമായ രക്ഷാ അനുഭവിച്ചതായി കാണുവാൻ സാധിക്കും.
രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്: പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു അടുപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പീഡകളല്ല നമ്മെ രക്ഷിക്കുന്നത്. പൂര്ണമായും സൗജന്യവും നിരുപാധികവുമായ ദൈവസ്നേഹമാണ് നമ്മെ രക്ഷിക്കുന്നത്. സൃഷ്ടിച്ച ദൈവം തന്നെയാണു രക്ഷിക്കുന്ന ദൈവവും. രക്ഷിക്കപ്പെട്ട വ്യക്തിയെ അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ചു ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവു സഹായിക്കുന്നു.
യേശുവിന്റെ സഹനം, മരണം, രക്തം വഴിയാണ് സർവമനുഷ്യർക്കും രക്ഷയെങ്കിൽ,അതേ മരണവും രക്തവുംവഴി നമുക്കും രക്ഷ ഉണ്ട് എന്ന് നമുക്ക് ഓർക്കാം. തന്റെ സഹനം, രക്തം ചിന്തൽ, മരണം എന്നിവവഴി നമ്മെ രക്ഷിക്കുന്ന യേശുവിനെ നമുക്ക് ആരാധിക്കാം. യേശുവിന് നന്ദി പറയാം. യേശുവിനെ സ്നേഹിക്കാം. യേശു പാപങ്ങൾ ക്ഷമിച്ച് നമ്മെ രക്ഷിക്കുവാനായി യേശുവിന് നമ്മെത്തന്നെ സമർപ്പിക്കാം. നമ്മുടെ പാപങ്ങളെ കണ്ടെത്താം. അവയോർത്ത് അനുതപിക്കാം. അവ ദൈവസന്നിധിയിൽ ഏറ്റുപറയാം. പാപങ്ങൾ ക്ഷമിക്കപ്പെട്ടവൻ ഭാഗ്യവാൻ എന്ന വചനം നമുക്ക് ഓർക്കാം. നാം ഓരോരുത്തരെയും രക്ഷയാൽ ദൈവം വഴി നടത്തട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.