ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. കർത്താവ് നമ്മളെ വിളിച്ചിരിക്കുന്നത് ദൈവിക നീതി ഭൂമിയിൽ സ്ഥാപിക്കാനാണ്. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ് ദൈവത്തിന്റെ നീതി. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരുവിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ നീതി മറ്റുള്ളവർക്ക് കരുണയാലും, സ്നേഹത്താലും, മറ്റുള്ളവർക്ക് പകർന്ന് നൽകാനാണ് നാം ഓരോരുത്തരെയും ദൈവം വിളിച്ചിരിക്കുന്നത്. ആധുനിക കാലഘട്ടത്തിലും ദൈവം നമ്മെ കൈപിടിച്ച് വഴി നടത്തുന്നത് നാം അറിയാറുണ്ടോ? മനുഷ്യൻ പലപ്പോഴും ലോകത്തെ നോക്കി സഞ്ചരിക്കുമ്പോൾ ദൈവം ക്ഷമയോടെ വഴി നടത്തുന്നത് അറിയാറില്ല. പഴയ നിയമ കാലഘട്ടത്തിൽ ഇസ്രായേൽ ജനതയെ ഈജിപ്ത്തിൽ നിന്ന് കാനാൻ ദേശത്തിലേയ്ക്ക് നയിച്ചത് ഒരു മേഘ സ്തംഭമായിരുന്നു. പുറപ്പാട്‌ 13 : 21 ൽ പറയുന്നു, അവര്‍ക്കു രാവും പകലും യാത്ര ചെയ്യാനാവുംവിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്‌തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്‌കാന്‍ ഒരു അഗ്‌നിസ്‌തംഭത്തിലും കര്‍ത്താവ്‌ അവര്‍ക്കു മുന്‍പേ പോയിരുന്നു. അഗ്നിമേഘസ്‌തംഭം അവരെ നയിച്ചത്‌ ഏറ്റവും ദൂരം കുറഞ്ഞ വഴിയിലൂടെ ആയിരുന്നില്ല. എന്നു കരുതി, അതു കാണിച്ച വഴിയേ പോകാൻ വിസമ്മതിച്ചാൽ അവർക്ക്‌ കാനാൻ ദേശത്ത്‌ എത്തിച്ചേരാൻ കഴിയില്ലായിരുന്നു.

ദൈവം തന്റെ ജനത്തോടൊപ്പമുണ്ട്‌ എന്നതിന്റെ സൂചനയായിരുന്നു ആ അഗ്നിമേഘസ്‌തംഭം. കർത്താവ് ഇന്നും തന്നിൽ ആശ്രയിക്കുന്നവരെ പലവിധ അടയാളങ്ങളിലൂടെ വഴി നടത്തുന്നു. പലപ്പോഴും നാം കർത്താവിന്റെ സംരക്ഷണം അറിയുന്നില്ലെന്നു മാത്രം. അനുദിനം കർത്താവ് നമ്മെ സംരക്ഷിക്കുന്നതിനായി നന്ദി പറയാം

Phone 9446329343