ലോകത്തിലുള്ളവയെല്ലാം കണ്ട് ആനന്ദിക്കുമ്പോഴും അവയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരുണയും ദയയും സ്നേഹവും കണ്ടെത്താൻ കഴിയാത്ത അത്മീയാന്ധകാരം മൂലം ഹൃദയത്തിലെ ദൈവവിശ്വാസം അണഞ്ഞുപോയ ധാരാളം പേർ നമ്മുടെ ഇടയിലുണ്ട്. രണ്ടായിരം വർഷം മുൻപ് ബത്ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്നുവീണ ശിശു എല്ലാ മഹത്വത്തിന്റെയും ഉടയവനായ ദൈവത്തിന്റെ ഏകജാതനാണ് എന്നു വിശ്വസിച്ചവർ വളരെ ചുരുക്കമായിരുന്നു. ആ ശിശു വളർന്ന് പാലസ്തീനായിലെങ്ങും അറിയപ്പെടുന്ന ഒരു അത്ഭുതപ്രവർത്തകനായി മാറിയപ്പോഴും, ആ ജനം അതിനു മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത അധികാരത്തോടെ അവരെ പഠിപ്പിച്ചപ്പോഴും അവനാണ് മിശ്ശിഹായെന്നു വിശ്വസിച്ചവർ ചുരുക്കമായിരുന്നു.

മൂന്നുവർഷം ഒരുമിച്ചു വിയർപ്പൊഴുക്കി, ഒരുമിച്ചു ഭക്ഷിച്ച്‌, ഒരുമിച്ചുറങ്ങിയ തന്റെ പ്രിയ ശിഷ്യർപോലും ശാപത്തിന്റെ അടയാളമായ കുരിശിൽ തറയ്ക്കപ്പെട്ട അവരുടെ ഗുരു ദൈവമാണെന്നു വിശ്വസിക്കാൻ ക്ലേശിച്ചു. ലൗകീക ദൃഷ്ടിയിൽ ഈശോ ദാരിദ്ര്യത്തിലേക്ക് പിറന്നു വീണ മറ്റൊരു ശിശു മാത്രമാണ്; എന്നാൽ, വിശ്വാസിയായ ശിമയോൻ ആ ശിശുവിൽ കർത്താവിന്റെ അഭിഷിക്തനെ കണ്ടു. ജ്ഞാനികളായ ഫരിസേയരും നിയമജ്ഞരും യേശുവിൽ മാർഗതടസ്സം കണ്ടു; എന്നാൽ, വിശ്വാസികളായ അന്ധന്മാർ അവനിൽ സ്വാതത്ര്യം കണ്ടെത്തി. അപരാധിയായി വിധിച്ച് ലോകമവനെ കുരിശിൽ തറച്ചു; എന്നാൽ, കുരിശിൽ കിടന്ന കള്ളൻ അവനിൽ സ്വർഗ്ഗത്തിലേക്കുള്ള പാത കണ്ടു.

യേശു നമുക്കൊരു ചോദ്യചിഹ്നം ആകുന്നത് ലൗകീകതയിൽ മതിമറന്നു കാഴ്ചമങ്ങിയ കണ്ണുകൾകൊണ്ട് നോക്കുമ്പോഴാണ്. അങ്ങിനെയുള്ളവർക്കുള്ള ഉത്തരം ഈശോ നൽകുന്നത്, മരിച്ചു നാലുദിവസമായ ലാസറിന്റെ കല്ലറയ്ക്കു മുൻപിൽ നിന്നുകൊണ്ടാണ്: “വിശ്വസിച്ചാൽ ദൈവമഹത്വം ദർശിക്കുമെന്നു ഞാൻ നിന്നോടു പറഞ്ഞില്ലേ?” (യോഹന്നാൻ 11:40). മനുഷ്യബുദ്ധിക്ക് അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ദൈവത്തിൽ വിശ്വസിക്കുമ്പോഴാണ് നമ്മിലെ അന്ധകാരം അകലുന്നതും നമ്മുടെ കണ്ണുകൾ ദൈവമഹത്വം ദർശിക്കുന്നതിനായി തുറക്കപ്പെടുന്നതും. നാം ഓരോരുത്തർക്കും ഏതു സാഹചര്യത്തിലും ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്