ദുഃഖത്തിന്റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു കർത്താവ്. നാം വിശുദ്ധിയോടെ ഹൃദയത്തിന്റെ ഉള്ളിൽ കർത്താവിനെ വിളിക്കുമ്പോൾ അവിടുന്ന് നമ്മളുടെ നിലവിളികേക്കും. ഏത് ഭീമമായ ഗർത്തത്തിൽ നിന്നും, രക്ഷപ്പെടാൻ കഴിയാത്ത കുഴഞ്ഞ ചേറ്റിൽ നിന്നും നമ്മെ രക്ഷിക്കും. ദൈവത്തിൽ വിശ്വാസമുള്ള ഒട്ടേറെപ്പേർ, പക്ഷേ, ദൈവത്തിൽ പ്രത്യാശ വയ്ക്കുന്നതിൽ പരാജയപ്പെടുന്നവരാണ്. ദൈവമുണ്ടെന്നും അവിടുന്ന് നമ്മുടെ സ്രഷ്ടാവാണെന്നും സർവ്വശക്തനാണെന്നും വിശ്വസിക്കുമ്പോഴും, നമ്മേക്കാളുപരിയായി നമ്മുടെ ജീവിതത്തെ ക്രമീകരിക്കാനും നയിക്കാനും കഴിവുള്ള ഒരു ദൈവത്തെ അംഗീകരിക്കാൻ മടിക്കുന്നവരാണ് നമ്മിൽ ധാരാളം പേർ.
ജീവിതത്തിൽ പല അവസരങ്ങളിലും ദൈവത്തിൽ പ്രത്യാശ വച്ചിട്ട് പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നീങ്ങിയില്ല എന്നതാണ് ഇതിനു കാരണമായി പലപ്പോഴും പലരും ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും വിശ്വാസത്തെയും ദൈവത്തിന്റെ ശക്തിയെയും ഒക്കെ വിലയിരുത്തുന്നത് വ്യക്തിപരമായ സാഹചര്യങ്ങളിലൂടെയാണ് എന്നതാണ്. ചില കാര്യങ്ങൾ നമ്മൾ ചെയ്യുകയും, നമുക്ക് സാധിക്കാത്ത, അല്ലെങ്കിൽ ശ്രമിച്ചു പരാജയപ്പെട്ട, കാര്യങ്ങൾ ദൈവം ചെയ്യുകയും ചെയ്യുന്ന ഒരു ചിന്താധാര ക്രിസ്തീയ വിശ്വാസത്തിന് അനുയോജ്യമായതല്ല. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധ്യതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവന്നു നമുക്കറിയാമല്ലോ” (റോമാ 8:28). കേവലം ചില കാര്യങ്ങളല്ല, എല്ലാക്കാര്യങ്ങളും നൻന്മയ്ക്കായി മാറ്റാൻ കഴിവുള്ളവനാണ് ദൈവം.