കർത്താവിന്റെ ഒരോ പ്രവർത്തിയും നീതി യുക്തമാണ്. ലോകത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ, നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നീതിമാനായ ദൈവം നമുക്ക് അർഹമായത് നൽകുന്നതിനെ വേണം ദൈവീകനീതി എന്നു വിളിക്കാൻ. എന്നാൽ നമുക്ക് ആശ്വാസത്തിനു വകനല്കുന്ന കാര്യം, ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്.
ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരുവിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി. ഈയർത്ഥത്തിൽ, ദൈവത്തിന്റെ നീതി നിഷ്പക്ഷമല്ല, തികച്ചും പക്ഷപാതപരമാണ്; അത് മനുഷ്യനെ എപ്പോഴും നീതീകരിക്കുന്നു.
യോഗ്യതകളും അർഹതയും നോക്കാതെ പക്ഷപാതപരമായി ദൈവം വിധിക്കുന്നതുകൊണ്ടു മാത്രമാണ് മനുഷ്യർ കൃപാവരങ്ങൾ സ്വീകരിക്കുന്നതും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതും. കാരണം, ദൈവത്തിനു മുൻപിൽ നീതീകരിക്കപ്പെടാൻ ആവശ്യമായ യാതൊരു മേന്മകളും മനുഷ്യനിലില്ല. എന്തെന്നാൽ, “എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി. അവർ അവിടുത്തെ കൃപയാൽ യേശുക്രിസ്തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു. നമ്മുടെ തെറ്റുകളെ നോക്കാതെ നീതികരിക്കുന്ന ദൈവത്തിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.