ജൂൺ അഞ്ചാം തീയതി ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർക്ക് ആഹ്ലാദാരവങ്ങളുടേതായിരുന്നു. ദേശീയ ജേഴ്സിയിൽ തിളങ്ങുന്നില്ലെന്ന് പഴിച്ച തങ്ങളുടെ സൂപ്പർ താരം മാസങ്ങൾക്കപ്പുറമുള്ള ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിനു മുമ്പ് ഫോമിന്റെ ഉന്നതിയിലേക്കെത്തിയത് അവർ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു. അതിനും ദിവസങ്ങൾക്ക് മുമ്പ് വൻകര ചാമ്പ്യൻമാരുടെ പോരാട്ടത്തിൽ പേരുകേട്ട ഇറ്റാലിയൻ പ്രതിരോധത്തെ നിലംപരിശാക്കി അർജന്റീന കിരീടമുയർത്തിയപ്പോഴും വെള്ളയും നീലയും അഴക് ചാർത്തിയ ആ കുപ്പായത്തിൽ തങ്ങളുടെ മിശിഹയുടെ തിളക്കത്തിനൊപ്പം തന്നെ അർജന്റീനയുടെ കിരീട നേട്ടവും ആരാധകർ ആഘോഷമാക്കി.
മെസ്സിയുടെ ഈ ഫോമിനു പിന്നാലെ എല്ലാ കണ്ണുകളും പിന്നീട് നീണ്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന 37-കാരനിലേക്കായിരുന്നു. തൊട്ടടുത്ത ദിവസം സ്വിറ്റ്സർലൻഡിനെതിരേ റോണോ കളത്തിലിറങ്ങുന്നത് തന്നെയായിരുന്നു അതിന് കാരണം. അദ്ദേഹവും തന്റെ ആരാധകരെ നിരാശപ്പെടുത്തിയില്ല. 35-ാം മിനിറ്റിലും 39-ാം മിനിറ്റിലും പന്ത് വലയിലെത്തിച്ച് തന്റെ ആ സ്ട്രൈക്കിങ് മികവ് ഈ പ്രായത്തിലും കൈമോശം വന്നിട്ടില്ലെന്ന് അദ്ദേഹം തെളിയിച്ചു. എന്നാൽ ലിസ്ബണിലെ ജോസ് അൽവാൽഡെ സ്റ്റേഡിയത്തിൽ സ്വിറ്റ്സർലൻഡിനെ 4-0ന് തകർത്ത് പോർച്ചുഗീസ് പട തിരികെ കയറുമ്പോൾ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത് ഗാലറിയിൽ കണ്ണീർ പൊഴിക്കുന്ന, പോർച്ചുഗലിന്റെ ചുവന്ന ജേഴ്സി ധരിച്ച ഒരു മുഖമായിരുന്നു. നേരത്തെ ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന സൂപ്പർമാൻ രണ്ടു തവണ സ്വിസ് വല ചലിപ്പിച്ചപ്പോഴും കണ്ണീർ വാർത്ത ഇതേ മുഖം ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. ഇരട്ട ഗോളുകൾ നേടി റോണോ ആകാശത്തേക്ക് കൈ ഉയർത്തി നിൽക്കുന്ന ചിത്രത്തിനൊപ്പം നേരത്തെ കണ്ണീർ വാർത്ത ആ മുഖവും സോഷ്യൽ മീഡിയയിൽ വൈറലായി, ഒപ്പം സ്റ്റാറ്റസുകളിൽ നിന്ന് സ്റ്റാറ്റസുകളിലേക്ക് പാറിക്കളിക്കുകയും ചെയ്തു.
അത് മറ്റാരുമായിരുന്നില്ല ഒരു രാജ്യം ഒന്നടങ്കം നെഞ്ചിലേറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ അമ്മ മരിയ ഡോളോരെസ് ഡോ സാന്റോസ് അവെയ്റോ. തന്റെ മകൻ രാജ്യത്തിനായി 117-ാം ഗോൾ കുറിക്കുന്നതിനും ലോകമെമ്പാടുമുള്ള ആരാധകരുടെ സ്നേഹത്തിനുപാത്രമാകുന്നതിനും സാക്ഷിയായ ആ അമ്മയുടെ ഓർമകൾ ഒരു തെല്ലിട നേരത്തേക്കെങ്കിലും 37 വർഷങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ചിട്ടുണ്ടായിരിക്കില്ലേ. മകന്റെ വളർച്ചയ്ക്കായി യാതനകൾ സഹിച്ച നിരവധി അമ്മമാരുണ്ട് ഫുട്ബോൾ ലോകത്ത്. കളിക്കാർ മൈതാനത്ത് ഉപേക്ഷിച്ചുപോകുന്ന ജേഴ്സിയും മറ്റും മകനായി മാറ്റിവെച്ച സാക്ഷാൽ യൊഹാൻ ക്രൈഫിന്റെ അമ്മ പെട്രോനെല്ല ബെർണാഡ ഡ്രായിയർ മുതൽ ഇങ്ങ് ദൂരെ തൃശൂർ കോലോത്തുപാടത്ത് പഴയ കുപ്പിയും പാട്ടയും പെറുക്കിനടന്നിരുന്ന അയനി വളപ്പിൽ കൊച്ചമ്മുവെന്ന ഐ.എം വിജയനെന്ന ഇതിഹാസത്തിന്റെ അമ്മ വരെയുണ്ട് അക്കൂട്ടത്തിൽ.
എന്നാൽ മറ്റ് അമ്മമാർക്ക് മകന്റെ വളർച്ചയ്ക്കായി സഹിച്ച യാതനകളുടെ കഥകൾ പറയാനുള്ളപ്പോൾ പട്ടിണി മൂലം ഉദരത്തിൽ വളരുകയായിരുന്ന കുഞ്ഞിനെ ഇല്ലാതാക്കുന്നതിനെ കുറിച്ച് ചിന്തിച്ച കഥയാണ് മരിയ ഡോളോരെസ് ഡോ സാന്റോസ് അവെയ്റോ എന്ന പോർച്ചുഗീസുകാരിക്ക് പങ്കുവെയ്ക്കാനുണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് മദർ കറേജ് എന്ന തന്റെ ആത്മകഥയിലൂടെയാണ് ലോകം ഇന്ന് ആരാധിക്കുന്ന ആ ഇതിഹാസത്തെ ജനിക്കും മുമ്പ് തന്നെ ഇല്ലായ്മ ചെയ്യാൻ താൻ ആലോചിച്ചിരുന്ന കാര്യം മരിയ വെളിപ്പെടുത്തിയത്. ഒടുവിൽ ഡോക്ടറുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് മരിയക്ക് ആ കുഞ്ഞിന് ജന്മം നൽകേണ്ടിവന്നത്. കുടുംബത്തെ കുറിച്ച് ചിന്തിക്കാത്ത കടുത്ത മദ്യപാനിയായിരുന്ന ഭർത്താവ് ജോസ് ഡിനിസ് അവെയ്റോയാണ് ഒരു പരിധിവരെ അത്തരമൊരു തീരുമാനത്തിലേക്ക് അവരെ നയിച്ചതെന്ന് വേണമെങ്കിൽ പറയാം. മുതിർന്നു കഴിഞ്ഞ് ആ അമ്മ തന്നെയാണ് മകനെ ഇല്ലാതാക്കാൻ നോക്കിയ കാര്യം റോണോയോട് പറയുന്നത്. എന്നിട്ടുപോലും അയാൾക്ക് തന്റെ അമ്മയോടുള്ള സ്നേഹത്തിന് തെല്ലും കുറവുണ്ടായില്ല. ലോകമെമ്പാടും സിആർ 7 ഒരു ബ്രാൻഡായി വളർന്നപ്പോഴും ഈ രഹസ്യം രഹസ്യമായി തന്നെ തുടർന്നു. ഒടുവിൽ ആ മകന്റെ കൂടി സമ്മതത്തോടെയാണ് വർഷങ്ങൾക്ക് മുമ്പ് ഈ രഹസ്യം മരിയ ലോകത്തോട് പരസ്യമാക്കുന്നത്.
റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ വളർച്ചയിൽ മരിയയുടെ പങ്ക് തെല്ലും ചെറുതല്ല. മുഴുക്കുടിയനായ ഭർത്താവിനെ കൊണ്ട് കുടുംബത്തിന് യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. നന്നേ ചെറുപ്പത്തിൽ തന്നെ കന്റെ ഫുട്ബോൾ വാസനകൾക്ക് കരുത്ത് പകർന്നതും ഒപ്പം നിന്നതും മരിയ തന്നെയായിരുന്നു. വീട്ടുജോലിയെടുത്ത് ആ അമ്മ മിച്ചം വെയ്ക്കുന്ന പണമാണ് കുഞ്ഞ് റോണോയ്ക്ക് ജേഴ്സിയും ബൂട്ടുകളുമെല്ലാമായി മാറിയിരുന്നത്. കൗമാര പ്രായത്തിൽ തന്നെ പഠനം നിർത്തി ആ മകൻ ഫുട്ബോൾ എന്ന സ്വപ്നത്തിന് പിന്നാലെ പോയപ്പോൾ കുടുംബത്തിന് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് കരുതി അവരെ തടയാൻ ആ അമ്മ മുതിരാതിരുന്നതിന്റെ ഫലമാണ് ഇന്ന് നമ്മൾ കാണുന്ന ക്രിസ്റ്റ്യാനോ എന്ന ഇതിഹാസം. ഇന്ന് ജന്മനാടായ മെദീരയിൽ മരിയ വിമാനമിറങ്ങുന്ന വിമാനത്താവളത്തിന് ആ അമ്മയുടെ മകന്റെ പേരാണ്. 14-ാം വയസിൽ പഠനം നിർത്തേണ്ടി വന്ന ആ മകൻ സ്വന്തം നാട്ടിലെ നിരവധി സ്കൂളുൾക്കാണ് ഇന്ന് സാമ്പത്തിക സഹായം നൽകുന്നത്. അതെ, ലിസ്ബണിലെ ജോസ് അൽവാൽഡെ സ്റ്റേഡിയത്തിൽ മകനു മുന്നിൽ കണ്ണീർ വാർത്തപ്പോൾ ഈ ഓർമകളെല്ലാം ഒരുനിമിഷത്തേക്കെങ്കിലും ആ അമ്മയുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാകില്ലേ?
കടപ്പാട് : മാതൃഭൂമി
Thomas Kurian Btv