
കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല. കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. ദൈവ കൃപ മതി സാധാരണക്കാരായ, കുറവുകൾ ഉള്ളവരെയെല്ലാം വിശുദ്ധരാക്കി മാറ്റുവാൻ. മറ്റുള്ളവരോട് കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ കാണിക്കണം എന്നുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്. എന്നാൽ, പാപത്തോടുള്ള നമ്മിലെ ചായ്വ് നമ്മെ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവാന് അതിനനുവദിക്കുന്നില്ല.

ഈശോ അനുഭവിച്ച പീഡകൾ പിതാവായ ദൈവത്തിനു വേദനാജനകമായിരുന്നു. ഇതുപോലെത്തന്നെ, മറ്റുള്ളവരോട് യഥാർത്ഥത്തിൽ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ കാണിക്കുമ്പോൾ നമുക്കും വേദനിക്കും. യാതൊരു വ്യവസ്ഥകളുമില്ലാതെ മറ്റുള്ളവരോട് ക്ഷമിക്കുന്നതും, മറ്റുള്ളവരുടെ അയോഗ്യതകൾ പരിഗണിക്കാതെ അവരെ സഹായിക്കുന്നതും, നിസ്സംഗത വെടിഞ്ഞു മറ്റുള്ളവരുടെ കഷ്ടതകളിൽ അവരെ ആശ്വസിപ്പിക്കുന്നതും, മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോൾ സൗമ്യത കാണിക്കുമ്പോളും നമുക്ക് വേദനയും, , സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാക്കുന്ന പ്രവർത്തികളാണ്. മറ്റുള്ളവർക്കുവേണ്ടി അനുഭവിക്കുന്ന വേദനകളെ നമ്മുടെ കർത്താവിന്റെ കുരിശിനോട് ചേർത്തുനിർത്തു നിർത്തുമ്പോഴാണ് നമ്മുടെ ജീവിതം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു വിശുദ്ധീകരണത്തിനു വിധേയമാകുന്നത്.

ദൈവരാജ്യത്തിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുവാൻ കഴിഞ്ഞു എന്ന ആത്മ സംതൃപ്തിയിൽ നാം കുടുങ്ങിക്കിടക്കുകയാണെങ്കിൽ അവിടെ ദൈവ കാരുണ്യത്തിന് മഹത്വവും പുകഴ്ച്ചയുമുണ്ടാകില്ല. ദാസ മനോഭാവത്തോടെ എപ്പോഴും ദൈവഹിതത്തിന് ഏൽപ്പിച്ചു കൊടുത്തുകൊണ്ട് സദാ സന്നദ്ധനായി ദൈവരാജ്യ വേലയ്ക്കായിയുള്ള ഒരു വ്യഗ്രത എന്നിൽ ഉണ്ടാകുകയും പരിശുദ്ധാത്മാവിന്റെ ഇടപെടലിനെ തിരിച്ചറിയുകയും, പരിശുദ്ധാത്മ സ്വരത്തിന് ആമേൻ പറയുകയും ചെയ്യുമ്പോഴാണ് ദൈവഹിതം നമ്മിലൂടെ നിറവേറ്റപ്പെടുന്നത്. ആയതിനാൽ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.








