ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് പ്രാർത്ഥനയുടെ ജീവശക്തി. നമ്മളുടെ പ്രാർത്ഥനയുടെ അഥവാ യാചനയുടെ സ്വരം ശ്രവിക്കുന്നവനാണ് കർത്താവ്. യഹൂദര്‍ ദിവസത്തില്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. സാബത്തു ദിവസങ്ങള്‍ അവര്‍ നാല് തവണയും യോം കിപ്പൂര്‍ തിരുനാളില്‍ അഞ്ചു തവണയും അവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ യേശു എപ്പോള്‍ പ്രാര്‍ത്ഥിക്കണം എന്ന് ഒരു സമയം നിശ്ചയിച്ചു നല്‍കിയിട്ടില്ല. എപ്പോഴും നാം പ്രാര്‍ത്ഥിക്കണം എന്നാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കരുണയില്ലാത്ത പ്രാര്‍ത്ഥന കൊണ്ട് അര്‍ത്ഥമില്ല എന്ന് അവിടുന്ന് പറയുന്നുണ്ട് (മത്താ 9. 13). പ്രാർത്ഥനയും, കരുണയും കൈ കോര്‍ത്തു പോകണം എന്നതാണ് യേശുവിന്റെ സന്ദേശം.

പിതാവായ ദൈവത്തോടു യേശുക്രിസ്തുവിന്റെ നാമത്തില്‍ കഴിക്കുന്ന അപേക്ഷയായിട്ടാണു പുതിയനിയമത്തില്‍ പ്രാര്‍ത്ഥന നിര്‍വ്വചിക്കപ്പെട്ടിരുന്നതെങ്കിലും, പഴയനിയമകാലത്തും പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയായി മനസിലാക്കിയിരുന്നു. മനുഷ്യന് ദൈവത്തില്‍ ആശ്രയിക്കുന്നതിന്റെ ഒരു വെളിപ്പെടുത്തലാണു പ്രാര്‍ത്ഥനയില്‍ ദര്‍ശിക്കുന്നത്. ‘പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം’ (സങ്കീ. 65:2) എന്നതു യിസ്രായേലിന്റെ ഒരു പ്രത്യാശയുടെ ചിന്തയായിരുന്നു

ദൈവം ദാനമായി തരുന്ന സൗഭാഗ്യമാണ്, പ്രാർത്ഥനയാൽ ലഭിക്കുന്ന അനുഗ്രഹം, മറിച്ച് നമ്മളുടെ കഴിവിനാൽ നേടിയതല്ല. പ്രാർത്ഥനയാൽ ലഭിക്കുന്ന അനുഗ്രഹം എന്ത് തന്നെ ആയാലും, മറ്റുള്ളവരുമായി പങ്കിട്ട് അനുഭവിക്കാനുള്ള മനസ്ഥിതി നമുക്ക് ഉണ്ടാകണം. സഹോദരന്റെ നൻമയെ ലക്ഷ്യം വച്ചിട്ട് ഉള്ളതാകണം നമ്മുടെ പ്രാർത്ഥനയും, പ്രവർത്തിയും. അതുപോലെ പ്രവർത്തി കൂടാതെയുള്ള പ്രാർത്ഥന നിരർത്ഥകമാണ്. നാം പ്രാർത്ഥിക്കുന്നതു എന്താണോ, അത് ദൈവത്തിന്റെ ഹിതം ആകണം എന്നും ആഗ്രഹിക്കുക, അപ്പോൾ ദൈവം നമ്മളുടെ പ്രാർത്ഥനയുടെ സ്വരം ശ്രവിക്കും.ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.








