യേശു നമ്മുടെ ജീവിതത്തിൽ നിന്നു നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. യേശു തന്റെ ക്രൂശുമരണത്തിനു മുൻപായി ശിഷ്യൻമാരോട് പറയുകയാണ് നിങ്ങൾക്കെല്ലാവർക്കും മുന്നോട്ടുള്ള ജീവിതത്തിൽ ഇടർച്ചകൾ ഉണ്ടാകും എന്ന്. കാരണം ഇടയനായ യേശുവിനെ ക്രൂശുമരണത്തിനായി പിടിക്കപ്പെടുമ്പോൾ, തന്റെ പ്രിയപ്പെട്ട ശിഷ്യൻമാർക്കെല്ലാം, ആട്ടിൻ പറ്റത്തിന് ഇടയനെ നഷ്ടപ്പെട്ടാലുണ്ടാകുന്ന അവസ്ഥ ഉണ്ടായി. ആട്ടിൻ പറ്റത്തിന് ഇടയനെ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ അറിയാമല്ലോ. ആട്ടിൻപറ്റം ചിതറി പോകും. അതുപോലെ ആയിരിക്കും യേശുവിനെ നഷ്ടപ്പെടുമ്പോൾ ശിഷ്യൻമാർക്ക് ഉണ്ടാകുന്ന അവസ്ഥ.

നാം വചനത്തിൽ നോക്കിയാൽ പിന്നീട് കാണുന്നത്, യേശുവിന്റെ ശിഷ്യൻമാർ ചിതറുന്നതാണ് കണ്ടത്. പത്രോസ് യേശുവിനെ തള്ളി പറഞ്ഞു, യൂദാസ് ആൽമഹത്യ ചെയ്തു, ചില ശിഷ്യൻമാർ ജീവനിൽ ഭയന്ന് ഓടി ഒളിച്ചു. യേശുവിന്റെ കൂട്ടത്തിൽ നടന്നപ്പോൾ സമൂഹത്തിൽ നിലയും വിലയും ലഭിച്ചവരായിരുന്നു ശിഷ്യൻമാർ, എന്നാൽ യേശുവിനെ പിടിച്ചതോടുകൂടി കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു, യേശുവിനൊപ്പം അനുയായികളെയും നശിപ്പിക്കാൻ പ്രമാണിമാർ തുനിഞ്ഞു. എന്നാൽ യേശു ശിഷ്യൻമാർക്ക് ശക്തി പകരുവാൻ പരിശുദ്ധാൽമാവ് എന്ന സഹായകനെ ദാനമായി നൽകി. യോഹന്നാന്‍ 14 : 26 ൽ പറയുന്നു, എന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.

യേശുവിന്റെ കൂടെ മൂന്നര വർഷക്കാലം നടന്നിട്ടും, യേശുവിന്റെ മരണത്തിനു മുൻപിൽ ചിതറിക്കപ്പെട്ട ശിഷ്യൻമാർ, പരിശുദ്ധാൽമാവിന്റെ ശക്തി ലഭിച്ചപ്പോൾ, യേശുവിനു വേണ്ടി ധൈര്യത്തോടെ സുവിശേഷം പ്രസംഗിക്കുന്നവരും, യേശുവിനു വേണ്ടി മരിക്കാനും തയാറായി. നാം കർത്താവിനോട് കൂടെ നടക്കുമ്പോൾ ജീവിതത്തിൽ ഒറ്റപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും. ഒറ്റപ്പെടുത്തുന്ന അവസ്ഥകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്, കർത്താവിന്റെ മഹത്വം ജീവിതത്തിൽ ഇറങ്ങുവാൻ വേണ്ടി ആണ്. നമ്മുടെ ജീവിതത്തിൽ ഒറ്റപ്പെടുന്ന അവസ്ഥകളിൽ, ദൈവ വിശ്വാസത്തിൽ നിന്ന് മാറ്റപ്പെടാതെ പരിശുദ്ധാൽമാവിന്റെ ശക്തിയാൽ നയിക്കപ്പെടുവാൻ പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്