ഈശോ ശുദ്ധിയെക്കുറിച്ചും അശുദ്ധിയെക്കുറിച്ചുമുള്ള ദൈവഹിതം എന്തെന്ന് വചനത്തിലൂടെ അറിയിക്കുകയാണ്. ബാഹ്യമായ ശുദ്ധിയിൽ വളരെയധികം നിഷ്കർഷ പുലർത്തിയിരുന്നവരാണ് യഹൂദർ. ഭക്ഷണത്തിനു മുൻപുള്ള കൈകഴുകൽ മുതൽ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും അതു പാകംചെയ്യുന്ന രീതിയെക്കുറിച്ചും എല്ലാം നിരവധിയായ നിയമങ്ങൾ അവരുടെ ഇടയിൽ നിലനിന്നിരുന്നു. ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ. പുറംകഴുകി വെടിപ്പാക്കുന്നതുകൊണ്ടോ ബാഹ്യമായ അനുഷ്ഠാനങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ടോ മാത്രം മനുഷ്യൻ ശുദ്ധനാകുന്നില്ല, പകരം ഹ്യദയ ചിന്തകളിൽ നിന്നാണ് മനുഷ്യൻ അശുദ്ധനാകുന്നത് എന്നാണ് പ്രതിപാദിക്കുന്നത്.
ഓരോ മനുഷ്യനും തന്റെ ചിന്തകളിലും പ്രവൃത്തികളിലും, വാക്കിലും ഒളിഞ്ഞിരിക്കുന്ന ദുർമോഹങ്ങളെയും സ്വാർത്ഥതയേയും അഹങ്കാരത്തെയും നിയന്ത്രിക്കാൻ ശ്രമിക്കാത്തിടത്തോളംകാലം അവനു ദൈവഹിതപ്രകാരമുള്ള വിശുദ്ധമായ ഒരു ജീവിതം നയിക്കാൻ സാധിക്കുകയില്ല. നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ പാപങ്ങൾക്കും കാരണമായി നമ്മൾ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത് പിശാചിനെയും അവന്റെ കൂട്ടാളികളെയും ആണ്. എന്നാൽ, പലപ്പോഴും നമ്മൾ മറക്കുന്ന കാര്യം നമുക്ക് പാപം ചെയ്യാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരാനല്ലാതെ, നമ്മെക്കൊണ്ട് പാപം ചെയ്യിക്കാൻ സാത്താന് ആവില്ല എന്നതാണ്. സാത്താന്റെ പ്രവൃത്തികൾ നമ്മുടെ ചുറ്റുമാണ് നടക്കുന്നത്, ഉള്ളിലല്ല. പാപം ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കുന്നത് ഓരോ വ്യക്തിയുമാണ്.
നന്മയേയും തിന്മയേയും വേർതിരിച്ചറിഞ്ഞ് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള കൃപയും സ്വാതന്ത്ര്യവും ദൈവം നമുക്കെല്ലാവർക്കും നൽകിയിട്ടുണ്ട്. എത്ര വിശുദ്ധമായ വസ്തുക്കളെയും വ്യക്തികളെയും പാപകരമാക്കി മാറ്റാൻ മനുഷ്യനാകും. അതുപോലെ, എത്ര പാപകരമായ സാഹചര്യങ്ങളിലും പാപം ചെയ്യാതിരിക്കാനും മനുഷ്യനാകും. ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവാത്മാവിന്റെ സ്വരം ശ്രവിക്കാൻ വിസമ്മതിക്കുകവഴി, ദൈവത്തെയും സഹോദരരേയും സ്നേഹിക്കാൻ സാധിക്കാതെ പോകുന്നിടത്താണ് പാപത്തിന്റെ ഉത്ഭവസ്ഥാനം.നാം ഒരോരുത്തർക്കും നിർമ്മലമായ ഹൃദയശുദ്ധിക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ