വിശ്വാസത്തിന്റെ കാതൽ കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യമാണ്. ഈയൊരു വസ്തുത തന്നെയാണ് ദൈവത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് ഒട്ടേറെപ്പേരെ അകറ്റിനിർത്തുന്നതും. ദൈവവിശ്വാസികളെന്ന് അവകാശപ്പെടുന്ന നമ്മിൽ പലരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് കാണപ്പെടുന്നവയിൽ മാത്രമാണെന്നുള്ളതാണ് യാഥാർത്യം. നല്ലകാലങ്ങളിൽ ദൈവത്തെ മുറുകെപ്പിടിക്കാനും കഷ്ടകാലങ്ങളിൽ ദൈവമുണ്ടോ എന്ന് സംശയിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം നമ്മിലെ വിശ്വാസത്തിന്റെ അപര്യാപ്തത തന്നെയാണ്
വിശ്വാസം ഇല്ലാതെ ദൈവത്തെ പ്രസാധിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം (ഹെബ്രായർ 11:6). കാണാൻ സാധിക്കുന്നില്ലെങ്കിലും ദൈവം ഉണ്ടെന്നും, അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാനെന്നുമുള്ള നമ്മുടെ വിശ്വാസത്തിനു ഇളക്കം തട്ടുന്ന ഒട്ടേറെ കാര്യങ്ങൾ അനുദിനജീവിതത്തിൽ നമുക്ക് അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. നമുക്കൊരു ബുദ്ധിമുട്ട് വരുമ്പോൾ നാം ദൈവത്തിന്റെ അടുത്തു സഹായം ചോദിക്കുകയും ഒരുപക്ഷെ ആഗ്രഹിക്കുന്ന രീതിയിൽ ഉത്തരം കിട്ടാതെ വരുകയും ചെയ്തേക്കാം. ഒട്ടേറെപ്പേർ ദൈവത്തിൽ നിന്നു അകലുന്നത് ചോദിച്ചത് കിട്ടാതെ വരുമ്പോഴാണ്.
കാണപ്പെടുന്നവയിൽ മാത്രം പ്രത്യാശ അർപ്പിക്കുന്ന ഒരു അവസ്ഥയിൽ നിന്നും കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യത്തിലേക്കും വിശ്വാസത്തിലേക്കും നാം എത്തിച്ചേരണം എന്ന് പറയുന്ന ദൈവത്തിൽ നിന്ന് തന്നെയാണ് വിശ്വസിക്കാനുള്ള കൃപയും വരുന്നത്. നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുമെന്നു വിശുദ്ധ യാക്കോബും നമ്മെ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന അവസരങ്ങളിലെല്ലാം “എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്ന് പ്രാർത്ഥിക്കാൻ നമുക്കാവണം. ഏത് സാഹചര്യത്തിലും പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കാനുള്ള ദൈവക്യപ ഉണ്ടാകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ