ജീവിതത്തിൽ നാം ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയില്‍ നമ്മള്‍ അനുഗ്രഹിക്കപ്പെടാന്‍ ഒത്തിരി ആഗ്രഹിക്കുന്ന നല്ല അപ്പനാണ് ദൈവപിതാവ്.. അത് കൊണ്ടാണ് കുരിശില്‍ എല്ലാ മേഖലകള്‍ക്കും ഉള്ള വിടുതല്‍ ദാനമായി അവിടുന്ന് നല്കുന്നത്. നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടാന്‍ ആ കുരിശിലേ സ്‌നേഹം ഒന്ന് തിരിച്ചറിഞ്ഞാല്‍ മാത്രം മതി. നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തരം ആൽമീയവും, ഭൗതികവുമായ എല്ലാ മേഖലയിലും വിജയം വരിക്കും എന്ന് വചനം സാക്ഷ്യം നല്‍കുന്നു.
ജീവിതത്തിൽ ഉണ്ടാകുന്ന ചില തടസങ്ങൾ, പ്രതിസന്ധികൾ എന്നിവ, എപ്പോഴും നമ്മുടെ കൂടെ നടക്കുന്ന ക്രൂശിതനായ ക്രിസ്തുവിനെ കണ്ടെത്താനുള്ള അവസരങ്ങളാണ്. ഫറവോയെ ഇസ്രായേൽക്കാർക്കെതിരായി ഉയർത്തിയതും, ഫറവോയുടെ ഹൃദയം കഠിനമാക്കിയതും ഇസ്രായേല്‍ ജനത്തെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാന്‍ ആയിരുന്നു. അതുപോലെ തന്നെ ചില വേദനകളിലൂടെ ക്രൂശിതനെ കാണാനായി നമ്മുടെ ഹൃദയ കണ്ണുകള്‍ തുറക്കപ്പെടുന്നു. യേശുവിന്റെ കുരിശിലെ സ്‌നേഹം തിരിച്ചറിഞ്ഞ് ആ സ്‌നേഹത്തില്‍ ആഴപ്പെടുമ്പോള്‍, കർത്താവിൽ നിന്നും അളവില്ലാതെ നമ്മുക്കായി ഒഴുകുന്ന അനുഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തിലേയ്കും കടന്നു വരുന്നു. നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കാന്‍ വേണ്ടതെല്ലാം അവിടുന്ന് കുരിശില്‍ പൂര്‍ത്തീകരിച്ചതാണ്. വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു. (റോമാ 10 : 4)
യേശു കര്‍ത്താവാണ് അവിടുന്ന് കുരിശില്‍ എന്റെ രക്ഷ പൂര്‍ത്തീകരിച്ചു എന്ന് വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുന്ന ഏതൊരുവനിലേയ്കും ജാതിമതഭേദമന്യേ കർത്താവിൽ നിന്നും അനന്തമായ ദൈവകൃപ കടന്നു വരും. യേശു ലോകം മുഴുവന്റേയും രക്ഷകനും നാഥനുമാണ്…അവനില്‍ വിശ്വസിക്കുന്നവന്, അവന്റെ നാമം ഏറ്റു പറയുന്നവന് ആരുടെ മുന്നിലും ലജ്ജിക്കേണ്ടി വരുകയില്ല. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ