” ഒരു ശിശു അവൻ്റെ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനല്ലെങ്കിൽ ലോകത്ത് എവിടെയാണ് അവന് സുരക്ഷിതനായിരിക്കാൻ കഴിയുന്നത്?” എന്ന ഫിൽ ബോസ്മാൻസിൻ്റെ ചോദ്യത്തിനൊപ്പം,”ഗർഭസ്ഥശിശുവിൽ കണ്ടെത്തുന്ന അംഗവൈകല്യം ഗർഭഛിദ്രത്തിന് കാരണമായിക്കൂടാ. എന്തെന്നാൽ അത്തരമൊരു പരിമിതിയോടെയുള്ള ജീവനും ദൈവം ആഗ്രഹിച്ചതും വിലമതിക്കുന്നതാണ്. ലോകത്തിൽ ശാരീരികമോ ആത്മീയമായ പരിമിതികൾ കൂടാതെ ജീവിക്കാമെന്ന് ഭൂമിയിൽ ഒരു വ്യക്തിക്കും തീർച്ചയുണ്ടാവുക സാധ്യമല്ല” എന്ന ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വാക്കുകളും പെട്ടെന്ന് ഓർമയിൽ ഓടിയെത്തി. ധാർമികത ഇങ്ങനെ അയഞ്ഞു വലിഞ്ഞു നീണ്ടു നീണ്ടങ്ങുപോയാൽ 2099 ലെ പത്രത്തിൽ പ്രസവാനന്തരവും ശിശുവിന് ഇത്ര വയസ്സുവരെ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ ജീവിക്കാൻ അനുവദിക്കണോ, വേണ്ടയോ എന്ന് കാർന്നോമ്മാർക്ക് തീരുമാനിക്കാം എന്ന വിധി വന്നേക്കാം
വായിച്ചു വേദനിക്കാൻ അന്ന് നമ്മളൊന്നും ജീവിച്ചിരിക്കില്ലല്ലോ എന്നൊരു ആശ്വാസം മാത്രം ബാക്കി.സത്യത്തിൽ, ജീവൻ്റെമേൽ നിനക്കോ, നിൻ്റെ മാതാപിതാക്കൾക്കോ എന്ത് അധികാരമാണ് ഉള്ളത്?
നിനക്ക് ജീവൻ കിട്ടിയത് നിൻ്റെ കഴിവു കൊണ്ടാണോ? നിൻ്റെ ജീവൻ അധികാരമുള്ളവൻ എന്ന് തിരികെ എടുക്കും എന്ന് നിനക്ക് മുൻകൂട്ടി പറയാനാകുമോ? ഇത്രയും ദുർബല/നാ/യ നിനക്ക് മറ്റുള്ളവരുടെ ജീവനെടുക്കാൻ എന്താണ് അധികാരം?
അധികാരമുള്ളവൻ ഇങ്ങനെ അരുളിയിട്ടുണ്ട്:“മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ” (ജെറ 1:5)സങ്കീർത്തകൻ ഇങ്ങനെ അനുസ്മരിക്കുന്നു:“ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല”(സങ്കീ 139:15)
സഭയുടെ പ്രബോധനം അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാണ്, ഗർഭഛിദ്രവും, ശിശുഹത്യയും ഏതൊക്കെ ഓമനപ്പേരുകളിൽ അറിയപ്പെട്ടാലും “ഗർഹണീയമായ കുറ്റകൃത്യങ്ങളാണ്””
നീ ഗർഭച്ഛിദ്രത്താൽ ഭ്രൂണത്തെ കൊല്ലുകയോ നവജാതശിശു നശിക്കുവാൻ ഇടവരുത്തുകയോ ചെയ്യരുത്. ” (ദിദാക്കെ 2: 2)”ജീവൻ സംരക്ഷിക്കുക എന്ന മഹനീയ ദൗത്യം ജീവൻ്റെ നാഥനായ ദൈവം മനുഷ്യർക്ക് നൽകിയിരിക്കുന്നു… ഗർഭധാരണത്തിൻ്റെ നിമിഷം മുതൽ അതീവശ്രദ്ധയോടെ ജീവൻ സംരക്ഷിക്കപ്പെടണം. ഗർഭഛിദ്രവും ശിശുഹത്യയും വെറുക്കപ്പെടേണ്ട പാപങ്ങളാണ്” ( GS 51)
– സൈ
Simon Varghese