ഓരോ ദിനവും വീണ്ടും ജനിക്കാന്‍ തീരുമാനിക്കുമ്പോൾ നീ ക്രിസ്തുമസ് ആകുന്നു.

ജീവിതത്തിലെ കൊടുങ്കാറ്റുകളെ ചെറുക്കുമ്പോള്‍ നീ ക്രിസ്തുമസ് മരമാകുന്നു.

നന്മകള്‍ കൊണ്ടു ജീവിതത്തെ വര്‍ണാഭമാക്കുമ്പോള്‍ നീ ക്രിസ്തുമസ് അലങ്കാരമാകുന്നു.

സര്‍വരേയും വിളിച്ചു കൂട്ടി ഒന്നിപ്പിക്കുമ്പോള്‍ നീ ക്രിസ്തുമസ് മണിനാദമാകുന്നു.

അനുകമ്പയും ക്ഷമയും ഔദാര്യവും കൊണ്ടു മറ്റുള്ളവരുടെ ജീവിതങ്ങളെ പ്രകാശഭരിതമാക്കുമ്പോൾ നീ ക്രിസ്തുമസ് ദീപമാകുന്നു.

സമാധാനത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും സന്ദേശം ലോകത്തിനു പാടിക്കൊടുക്കുമ്പോള്‍ നീ ക്രിസ്തുമസ് മാലാഖയാകുന്നു.

മറ്റൊരാള്‍ക്കു ദൈവത്തിങ്കലേയ്ക്കു വഴി കാട്ടുമ്പോള്‍ നീ ക്രിസ്തുമസ് നക്ഷത്രമാകുന്നു.

ഓരോ മനുഷ്യനും ആത്മാര്‍ത്ഥ മിത്രമാകുമ്പോള്‍ നീ ക്രിസ്തുമസ് സമ്മാനമാകുന്നു.

കരുണ കരങ്ങളില്‍ എഴുതപ്പെടുമ്പോൾ നീ ക്രിസ്തുമസ് കാര്‍ഡാകുന്നു.

സഹിക്കുമ്പോള്‍ പോലും ക്ഷമിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യുമ്പോള്‍ നീ ക്രിസ്തുമസ് ആശംസയാകുന്നു.

അരികത്തുള്ള പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ നീ ക്രിസ്തുമസ് വിരുന്നാകുന്നു.

രാത്രിയുടെ നിശബ്ദതയില്‍ ശബ്ദഘോഷങ്ങളില്ലാതെ രക്ഷകനെ സ്വീകരിക്കുമ്പോള്‍ നീ ക്രിസ്തുമസ് രാത്രിയുമാകുന്നു.

എങ്കിൽ നിനക്കിനിയെന്തിനു ഇനിയും മറ്റൊരു ക്രിസ്തുമസ് ആശംസ ?

(ഫ്രാൻസീസ് മാർപാപ്പായുടെ പഴയ ഒരു ക്രിസ്മസ് സന്ദേശത്തിന്റെ സ്വതന്ത്ര – സംക്ഷിപ്ത പുനരാഖ്യാനം.)