സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല. ദൈവം ദാനമായി തന്ന നമ്മുടെ ജീവനെ സംരക്ഷിക്കാൻ നാമെല്ലാവരും കടപ്പെട്ടവരും ആണ്. എന്നാൽ, നമ്മൾ നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ ആകരുത് എന്നാണ് ഈശോ നമ്മോടു പറയുന്നത്. ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തിൽ അധിഷ്ഠിതമായ കടമകൾ മറന്നുകൊണ്ട്, നമ്മൾ ഈ ലോകത്തിൽ നേടുന്നതൊന്നും ഒരു നേട്ടമല്ല. കാരണം, “തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആർക്കും കഴിയുകയില്ല. (സങ്കീർത്തനങ്ങൾ 49:7).
ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധത്തിൽ നമ്മുടെ ആത്മാവിനെ നശിപ്പിക്കുന്ന പ്രവൃത്തികളിലൂടെ നമ്മൾ ഈ ലോകത്തിൽ എന്തൊക്കെ സമ്പാദിച്ചുകൂട്ടിയാലും, അവയിലൂടെ എത്രയധികം സുഖങ്ങൾ അനുഭവിച്ചാലും, അവ ഒന്നും ആത്മാവിന്റെ നിത്യരക്ഷയിലൂടെ ദൈവം പ്രദാനം ചെയ്യുന്ന സൗഭാഗ്യങ്ങൾക്കു പകരം ആകുകയില്ല. ഈ തിരിച്ചറിവാണ് വി പൗലോസ് തനിക്കുള്ള സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരാൻ പ്രേരിപ്പിച്ച ഘടകം. “എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാൻ കണക്കാക്കി….എന്റെ കർത്താവായ യേശുക്രിസ്തുവിനെ പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ, സർവവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു. (ഫിലിപ്പി 3:7-8).
അന്യായമായി സമ്പാദിക്കാനും നമുക്കുള്ളത് ആവശ്യമുള്ളവർക്ക് നൽകാതിരിക്കാനും നമ്മെ സഹായിക്കുന്നത് നമ്മിലെ സ്വാർത്ഥതയാണ്. ഈ സ്വാർത്ഥതമൂലം തന്നെയാണ് നമ്മൾ പലപ്പോഴും ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാതെ ഒഴിഞ്ഞുമാറുന്നത്; ദൈവം എല്ലാ മനുഷ്യർക്കും നല്കിയിരിക്കുന്ന സ്വാതന്ത്ര്യം ദൈവസന്നിധിയിൽ സമർപ്പിച്ച്, സ്വന്തം ഹിതത്തിനു പകരം ദൈവഹിതം അനുവർത്തിക്കുന്നവർ ആകുമ്പോൾ മാത്രമേ ദൈവത്തോടോപ്പമുള്ള നിത്യാനന്ദത്തിലേക്ക് നമുക്ക് പ്രവേശനം ലഭിക്കുന്നുള്ളൂ. നമ്മുടെ ജീവനെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ