ദൈവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ലോകദൃഷ്ടിക്ക് അജ്ഞാതമാണ്. ദൈവം കൽപിച്ചപ്പോൾ നോഹ പെട്ടകം ഉണ്ടാക്കിയതായി നാം വായിക്കുന്നില്ലേ? നോഹയും കുടുംബവും ഈ പെട്ടകത്തിൽ പ്രവേശിച്ചപ്പോൾ കണ്ടവരെല്ലാം പരിഹസിച്ചു. കാരണം അന്ന് പ്രളയത്തിന്റെ യാതൊരു ലക്ഷണവും ഭൂമിയിൽ ഉണ്ടായിരുന്നില്ല. നോഹ പെട്ടകത്തിൽ കയറി ഏഴുദിവസം കഴിഞ്ഞാണ് ഭൂമിയിൽ പ്രളയം തുടങ്ങിയത്. ദൈവവിളി തിരിച്ചറിഞ്ഞതിലൂടെ നോഹയും, കുടുംബവും രക്ഷനേടി. കർത്താവിന്റെ വാക്ക് വിശ്വസിച്ച് ഇസ്രായേൽക്കാർ ജറീക്കോപട്ടണത്തിനു ചുറ്റും ഏഴുദിവസം നടക്കാൻ തുടങ്ങി. എല്ലാവരും അവരെ പരിഹസിച്ചു. അവർക്ക് ഭ്രാന്തെന്ന് പറഞ്ഞു. എന്നാൽ പട്ടണത്തിന്റെ കോട്ട തകരുകയും ശത്രുക്കൾക്ക് മേൽ അവർ വിജയം നേടുകയും ചെയ്തു. ദൈവത്തിന്റെ സമയത്തിന് കാതോർക്കുക, അവിടുന്ന് നിങ്ങളെ ബലപ്പെടുത്തുകയും കരം പിടിച്ച് സംരക്ഷിക്കുകയും ചെയ്യും.

ദാവീദിന്റെ ഭരണ കാലയളവിൽ യുദ്ധങ്ങളില്‍ ദൈവഹിതം അന്വേഷിച്ചത് നാം വായിക്കുന്നു. രണ്ടാം തവണ യുദ്ധതന്ത്രം മാറ്റി പുറകില്‍ നിന്നും ആക്രമിക്കുവാന്‍ ദൈവം പറഞ്ഞു. എല്ലാ സമയവും ദൈവം തന്ത്രങ്ങള്‍ മാറ്റി പറഞ്ഞു കൊണ്ടിരുന്നു. എല്ലാ സമയത്തും അവനു യുദ്ധതന്ത്രങ്ങള്‍ ദൈവത്തില്‍ നിന്നും ലഭിച്ചു. അതിനാല്‍ അവന്‍ എല്ലായ്പോഴും വിജയിച്ചിരുന്നു. രാജ്യത്ത് ഒരു ക്ഷാമമുണ്ടായപ്പോഴും എന്തുകൊണ്ടാണ് ഇതുണ്ടായതെന്നു അവന്‍ ദൈവത്തോട് ചോദിച്ചു (2 സാമുവേല്‍ 21:1). ദൈവം അതിന് ഉത്തരവും നൽകി.

ദൈവഹിതം അന്വേഷിക്കാതിരുന്ന ചില കാര്യങ്ങളും ദാവീന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. മൂന്നു ഉദാഹരണങ്ങള്‍ : ഒന്നാമതായി ആറ്‌ പേരെ തന്റെ ഭാര്യമാരായി സ്വീകരിച്ചപ്പോള്‍, രണ്ടാമതായി ബെത്ശേബയെ തന്റെ അരമനയിലേക്കു ക്ഷണിച്ചപ്പോള്‍, (2 ശമുവേല്‍ 11). മൂന്നാമതായി ഇസ്രായേലിന്റെ ജനസംഖ്യ എടുത്തപ്പോള്‍ (2സാമുവേല്‍ 24). ദൈവഹിതം ഇല്ലാതെ ചെയ്തതുകൊണ്ട് മൂന്നു കാര്യങ്ങൾക്കും പരാജയം ഏൽക്കേണ്ടി വന്നു. ഈ മൂന്നു പരാജയങ്ങള്‍ക്കും ദാവീദ് വലിയ വില നല്‍കേണ്ടിവന്നു. എന്നാല്‍ ദൈവത്തിന്റെ നടത്തിപ്പിനായി കാത്തിരുന്ന അവസരങ്ങളിലൊന്നും അവന്‍ തെറ്റിപ്പോയില്ല.

ഇത് നമുക്കെല്ലാമുള്ള ഒരു പാഠവും മുന്നറിയിപ്പുമാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും കർത്താവിന്റെ പ്രവർത്തിക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400