വാഷിംഗ്ടണ്‍ ഡി.സി: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് വേണ്ടി അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള്‍ വര്‍ഷം തോറും ദേശവ്യാപകമായി നടത്തിവരാറുള്ള വാര്‍ഷിക നവനാള്‍ നൊവേന ജനുവരി 19ന് ആരംഭിക്കും. ‘ജീവന് വേണ്ടി ഒൻപത് ദിവസം’ എന്ന് പേരിട്ടിരിക്കുന്ന തുടര്‍ച്ചയായുള്ള 9 ദിവസത്തെ നൊവേന സമര്‍പ്പണം അമേരിക്കയില്‍ അബോര്ഷന് നിയമപരമാക്കിയതിന് കാരണമായ ‘റോ വി. വേഡ്’ കേസിന് മേലുള്ള സുപ്രീം കോടതി വിവാദ വിധിപ്രസ്താവത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് സംഘടിപ്പിക്കുന്നത്. അമേരിക്കന്‍ മെത്രാന് സമിതിയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കമ്മിറ്റിയാണ് നവനാള്‍ നൊവേനയുടെ സംഘാടകര്‍.
ഭ്രൂണഹത്യ അവസാനിപ്പിക്കുക എന്നതാണ് നവനാള്‍ നൊവേന അര്‍പ്പണത്തിന്റെ പ്രധാന നിയോഗം. അബോര്‍ഷനുമായി ബന്ധപ്പെട്ട വിഷയവും അതിനെ ആസ്പദമാക്കിയുള്ള വിചിന്തനവും, പ്രബോധനങ്ങളും, നിര്‍ദ്ദേശിക്കപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് ഓരോ ദിവസത്തിന്റേയും പ്രത്യേകത. ‘ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകളുടെ നിയമപരമായ സംരക്ഷണത്തിന് വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാദിനത്തിന് വേണ്ടിയുള്ള നൊവേന ജനുവരി 22-നായിരിക്കും നടക്കുക. റോ വി. വേഡ് വിധിപ്രസ്താവത്തിന്റെ നാല്പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് 2013-ലാണ് നവനാള്‍ നൊവേന അര്‍പ്പണത്തിന് തുടക്കം കുറിച്ചത്. പത്താമത് നവനാള്‍ നൊവേനയാണ് ഇക്കൊല്ലം നടക്കുക.
നൊവേനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ‘9ഡെയ്സ്ഫോര്‍ലൈഫ്.കോം’ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇംഗ്ലീഷിലും, സ്പാനിഷ് ഭാഷയിലുമുള്ള നൊവേന ഇ-മെയില്‍ വഴിയോ, എസ്.എം.എസ് വഴിയോ, ഓണ്‍ലൈന്‍ വഴിയോ ലഭ്യമാകും. നൊവേനയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ പ്രോലൈഫ് സാക്ഷ്യങ്ങള്‍ പങ്കുവെക്കുവാൻ അവസരമുണ്ട്. #9dayforlife എന്ന ഹാഷ്ടാഗ് വഴി സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യാം. ദിവസം തോറുമുള്ള നിയോഗങ്ങളും, ചിത്രങ്ങളും അടങ്ങിയ റിസോഴ്സ് കിറ്റും, പ്രസ്സ്കിറ്റും ലഭ്യമാണ്. ഈ മാസം 27-നാണ് നവനാള്‍ നൊവേനയുടെ സമാപനം.