വാർദ്ധ്യക്യവും മരണവും ഒരു സത്യമാണ്.
മാനസികമായി അല്പം തയാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

  1. പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. മാതാപിതാക്കളും അതിനുമുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് അവരുടെ ജീവിതപ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല. ഈ ഘട്ടത്തിൽ പലരുടെയും ജീവിതപങ്കാളിയും പ്രതിക്ഷിക്കുന്നതിനു മുൻപ് കടന്നു പോയെന്നു വരാം. അപ്പോഴാണ് ഏകാന്തതയും ശൂന്യതും പിടിമുറുക്കുന്നത്. അതുകൊണ്ടു ആദ്യത്തെ പാഠം ഇതാണ്. ഏകാന്തതയെ സ്നേഹിച്ചു ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ പഠിക്കുക.
  2. വാർദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നു തുടങ്ങും. ഏതു മഹാനായിരുന്നെങ്കിലും, വയസ്സായി കഴിഞ്ഞാൽ നിങ്ങൾ മറ്റു വൃദ്ധരിൽ ഒരുവനായിക്കഴിഞ്ഞു. ഇതുവരെയുണ്ടായിരുന്ന പ്രശസ്തിവലയമെല്ലാം ഇല്ലാതാകും . മറ്റുള്ളവർക്ക് മുൻഗണന കൊടുത്തുകൊണ്ട് ഒരു മൂലയിലേക്ക് മാറിനിൽക്കാൻ മാനസികമായി തയാറെടുക്കണം. കഴിയുമെങ്കിൽ പിന്നാലെ വരുന്നവരുടെ ആരവവും, കാഴ്ചപ്പാടുകളും കൗതുകത്തോടെ നോക്കിക്കാണുക. മുറുമുറുപ്പും അസൂയയും ഒക്കെ അതിജീവിക്കുന്നർ ഭാഗ്യവാന്മാർ. ഇതാണ് രണ്ടാമത്തെ ഏറ്റവും വലിയ പാഠം .
  3. തുടർന്നുള്ള ജീവിതം ആരോഗ്യപ്രശ്നങ്ങളുടെ കാലമാണ്. വീഴ്ച, ഒടിവ്, ഹൃദയ ധമനികൾക്കും തലച്ചോറിനും ഉണ്ടാകാവുന്ന ക്ഷതങ്ങൾ, ക്യാൻസർ. അങ്ങനെ തടുക്കാൻ കഴിയാത്ത രോഗങ്ങളും അസുഖങ്ങളുമൊക്കെ ഒഴിവാക്കാനാവാത്ത കൂട്ടുകാരെപ്പോലെ കൂടെ കൂടും. ഒരു രോഗങ്ങളും അലട്ടാത്ത ശാന്തസുന്ദരമായ വാർദ്ധക്യം സ്വപ്നം കാണുന്നത് വെറുതെയാണ്. മിതമായ വ്യായാമങ്ങളൊക്കെ കൃത്യമായി തുടർന്ന്, മുറുമുറുപ്പും പിണക്കങ്ങളുമില്ലാതെ ശിഷ്ടജീവിതത്തെ സന്തോഷത്തോടെ വരവേൽക്കാൻ നിങ്ങൾക്കാകുമെങ്കിൽ വാർദ്ധക്യം അനുഗ്രഹമാകും.
  4. അറുപതിനു ശേഷമുള്ള യാത്രയിൽ വഞ്ചകരും തട്ടിപ്പുകാരും അവസരം പാർത്തിരിക്കും. പ്രായമായർക്കു ധാരാളം സമ്പാദ്യവും ആസ്തിയുമുണ്ടാകുമെന്ന് ഇക്കൂട്ടർക്ക് നല്ലവണ്ണം അറിയാം. അതുകൊണ്ടു തന്നെ അത് തട്ടിയെടുക്കാനുള്ള തന്ത്രങ്ങൾ ഇവർ നിരന്തരം മെനഞ്ഞുകൊണ്ടേയിരിക്കും. വിവിധതരം ഉത്പന്നങ്ങൾ, പെട്ടന്ന് പണമുണ്ടാക്കാനുള്ള കുറുക്കു വഴികൾ, ആയുസ്സു കൂട്ടാനും, അസുഖങ്ങൾ മാറ്റാനുമുള്ള ഒറ്റമൂലികൾ…..

    സൂക്ഷിക്കുക, പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുക.
  5. അമ്മയുടെ സമീപത്തേക്കു പിറന്നു വീണ നിങ്ങൾ അനവധി ജീവിതാനുഭവങ്ങളിൽക്കൂടെ കടന്നു വീണ്ടും മറ്റുള്ളവർ ശുശ്രൂഷിക്കേണ്ട അവസ്ഥയിലേക്കെത്തിയിരിക്കുന്നു. ഒരു വ്യത്യാസം മാത്രം; അന്ന് നിങ്ങളെ സ്നേഹത്തോടെ പരിചരിക്കാൻ അമ്മയുണ്ടായിരുന്നെങ്കിൽ ഇന്ന് ആരും തന്നെ അടുത്ത് ഉണ്ടാകണമെന്നില്ല. ഏതെങ്കിലും ഐസിയുവിൽ ഒരു ബന്ധവുമില്ലാത്ത ഏതെങ്കിലും ഒരു നഴ്‌സായിരിക്കും ഒരുപക്ഷെ അവസാന നാളുകളിൽ നിങ്ങളെ പരിചരിക്കുന്നത്. പരാതികളില്ലാതെ എല്ലാത്തിനും നന്ദിയുള്ളവരാകാൻ ശ്രമിക്കുക.
  6. പ്രായമായെന്നു കരുതി മറ്റുള്ളവരെക്കാൾ അറിവുള്ളവരും ശ്രേഷ്ഠരുമാണെന്നു കരുതരുത്. മറ്റുള്ളവരുടെ പ്രശ്നങ്ങളോ, നിങ്ങളുടെ മക്കളുടെയോ കൊച്ചുമക്കളുടെയോ പ്രശ്ങ്ങളോ തലയിലേറ്റരുത്‌. അനാവശ്യമായി ആരുമായും വാഗ്‌വാദത്തിലേർപ്പെടരുത്. അത് മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നതിനോടൊപ്പം നിങ്ങളെയും മാനസിക പിരിമുറുക്കത്തിലെത്തിക്കും. ഗർവും അഹങ്കാരവും ഒഴിവാക്കി വിനയത്തോടെ ജീവിക്കാൻ പഠിക്കണം. പ്രായമാകുന്തോറും അന്യരെ ബഹുമാനിക്കുന്നതിനും സ്വയം ബഹുമാനിക്കപ്പെടുന്നതിന്റെയും പ്രാധാന്യം തിരിച്ചറിയാൻ സാധിക്കണം. ജീവിതത്തിന്റെ അവസാനകാലത്തു ലൗകിക ബന്ധങ്ങളോടുള്ള കെട്ടുപാടുകളില്ലാതെ നിർമലരായിരിക്കാൻ മാനസികമായി തയാറെടുക്കണം. ജീവിത യാത്ര സ്വാഭാവികമായ ഒഴുക്കാണ്, സമചിത്തതയോടെ അത് ജീവിച്ചു തീർക്കുക.
  7. അമിതമായി സമ്പാദിക്കാനുള്ള ആർത്തി ഒഴിവാക്കുക… ആർക്ക് വേണ്ടി ?….
    സമ്പാദിച്ചുവെച്ചതിൽ നിന്ന് ഒരു രൂപ നാണയംപോലും കൈ കൊണ്ട് സ്പർശിക്കാൻ കഴിയാത്ത ഒരവസ്ഥ പെട്ടന്ന് വന്നേക്കാം. സമ്പാദ്യം മറ്റുള്ളവർ പങ്കുവെച്ച് എടുക്കുന്നതും ദുർവ്യയം ചെയ്യുന്നതും നോക്കി കാണാനേ നമുക്ക് ദുഖത്തോടെ അപ്പോൾ കഴിയൂ. പിശുക്കു കാണിക്കാതെ നമുക്കു വേണ്ടി നാം അന്തസ്സോടെ ജീവിക്കുക.
  8. യാത്രയുടെ അവസാനമെത്തുമ്പോഴേക്കും പ്രകാശം മങ്ങി മങ്ങി ഇരുട്ട് മൂടി തുടങ്ങും. മുൻപോട്ടുള്ള വഴി അവ്യക്തമാകാൻ തുടങ്ങും. തുടർന്നുള്ള യാത്രയും ദുഷ്കരമാവും. അതുകൊണ്ടു അറുപതിലെത്തുമ്പോൾ തന്നെ നമുക്കുള്ളതിലൊക്കെ സന്തോഷിക്കാൻ പഠിക്കണം, ജീവിതം ആഘോഷിക്കാൻ തുടങ്ങണം. എല്ലാ ആശകളും പൂർത്തികരിച്ച് തൃപ്തിയായി ജീവിച്ചാൽ അത് കാര്യം.

ഇവിടെ മരിച്ചു പോയവരേ കുറിച്ച് ഒരു തിരിഞ്ഞുനോട്ടം നടത്തുക ! നല്ലപോലെ ആസ്വദിച്ച് ജീവിച്ചവൻ ബുദ്ധിമാൻ !!
എപ്പോഴും ഓർക്കുക:
“മനുഷ്യജന്മം ദൈവത്തിന്റെ അമൂല്യമായ വരദാനമാണ്‌. അതേ ആദരവോടെയും ബഹുമാനത്തോടെയും അത്‌ അനുഭവിച്ച്‌ തീർക്കുക.”🙏

നിങ്ങൾ വിട്ടുപോയത്