വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ പൗരോഹിത്യം അസാധ്യമായ കാര്യമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. പൗരോഹിത്യം പുരുഷന്മാർക്ക് മാത്രമായി മാറ്റിയിട്ടുള്ളതാണെന്നും അതിനാല്‍ തന്നെ ആദിമ സഭയിലെ ചില സ്ത്രീകൾ ഡീക്കൻ പദവിയുള്ളവരോ ബിഷപ്പുമാരുടെ ഏതെങ്കിലും തരത്തിലുള്ള സഹായികളോ ആയിരുന്നോ എന്ന ചോദ്യം പ്രസക്തമല്ലായെന്നു പാപ്പ പറഞ്ഞു. കഴിഞ്ഞ ജൂൺ മാസം സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലാണ് സ്ത്രീകളുടെ സഭയിലെ ഭാഗധേയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ നൽകിയ ഉത്തരങ്ങളില്‍ വനിത പൗരോഹിത്യവും പ്രമേയമായിരിക്കുന്നത്. ഇതിന്റെ ഇറ്റാലിയൻ പരിഭാഷ ഇക്കഴിഞ്ഞ ഒക്ടോബർ 24-നാണ് പുറത്തിറക്കിയത്.

കത്തോലിക്ക സഭയിലെ പൗരോഹിത്യ തലങ്ങളിലെ ഉത്തരവുകളുടെ ആദ്യ പടിയാണ് ഡീക്കന്‍ പട്ടം. തുടർന്ന് പൗരോഹിത്യവും ഒടുവിൽ എപ്പിസ്കോപ്പല്‍ പദവിയും. ആദിമ സഭയിലെ വനിതകളുടെ ഡീക്കന്മാര്‍ക്ക് തുല്യമായ പദവി കന്യാസ്ത്രീ മഠങ്ങളിലെ ആശ്രമത്തിന്റെ അധ്യക്ഷയ്ക്കു സമാനമായിരിന്നുവെന്ന് 1980ൽ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ 2016-ലും 2020-ലും താൻ കമ്മീഷനുകൾ രൂപീകരിച്ചിരുന്നുവെന്ന് പാപ്പ പറഞ്ഞു. എന്തുകൊണ്ടാണ് പാപ്പ, വനിതാ പൗരോഹിത്യത്തിന് എതിരായിരിക്കുന്നത് എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് അതൊരു ദൈവശാസ്ത്ര പ്രശ്നമാണെന്നായിരിന്നു പാപ്പയുടെ മറുപടി.

വനിതാ പൗരോഹിത്യത്തിൽ മാത്രം ശ്രദ്ധയൂന്നിയാൽ നമ്മൾ സഭയുടെ അന്തസത്തയെ മനസ്സിലാക്കാതെ പോകുമെന്നാണ് ഞാൻ കരുതുന്നത്. ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെ പ്രതിബിംബിക്കുന്നവരാണ് സ്ത്രീകൾ. ശുശ്രൂഷാ പൗരോഹിത്യം വനിതകൾക്ക് ലഭ്യമല്ല എന്നത് ഒരു വേർതിരിവായി കാണേണ്ടതില്ല. അവരുടെ സഭയിലെ സ്ഥാനം അതിലും പ്രധാനമാണെന്നും പാപ്പ പറഞ്ഞു. വനിതകളുടെ പൗരോഹിത്യം കൂടുതൽ ആളുകളെ സഭയിലേക്ക് ആകർഷിക്കുകയില്ലേ എന്നും പൗരോഹിത്യ ബ്രഹ്‌മചര്യം ഐച്ഛികമാക്കിയാൽ വൈദിക ദൗർലഭ്യം പരിഹരിക്കാൻ സാധിക്കുകയില്ലേ എന്നുമുള്ള ചോദ്യങ്ങൾക്ക് തനിക്ക് അതിനോട് വിയോജിപ്പുണ്ടെന്ന് മാർപാപ്പ പറഞ്ഞു.

ലൂഥറൻ വിഭാഗം വനിതകൾക്ക് പൗരോഹിത്യം നൽകുന്നു. എന്നിട്ടും പള്ളിയിൽ പോകുന്നവർ കുറവാണ്. അവരുടെ പുരോഹിതര്‍ക്ക് വിവാഹം കഴിക്കാം. എന്നാലും പുരോഹിതരുടെ എണ്ണം കൂട്ടാൻ അവർക്ക് സാധിക്കുന്നില്ല. സഭാ ഭരണ സംവിധാനത്തിലെ നവീകരണങ്ങൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ഇതിൽ അന്തർലീനമായിരിക്കുന്ന പ്രശ്നങ്ങൾ. ഘടനാപരമായ മാറ്റങ്ങളാണ് ആവശ്യമായിരിക്കുന്നതെന്നും പാപ്പ പറഞ്ഞു. സഭയുടെ നേതൃ സ്ഥാനങ്ങളില്‍ ചരിത്രം കുറിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ നിരവധി വനിത നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സഭാപാരമ്പര്യത്തിന്  വിരുദ്ധമായ വനിത പൗരോഹിത്യത്തെ പാപ്പ നേരത്തെയും തള്ളിപറഞ്ഞിരിന്നു

നിങ്ങൾ വിട്ടുപോയത്