വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം നാളെ ഒക്ടോബർ 27 വെള്ളിയാഴ്ച ആഗോള കത്തോലിക്ക സഭയില്‍ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുന്നു.
ഇസ്രായേൽ – ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് ലോക സമാധാനത്തിന് വേണ്ടി നാളെ പ്രത്യേക പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നത്.
നാളെ വൈകുന്നേരം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരു മണിക്കൂർ പ്രാർത്ഥന നടത്തുമെന്നു വത്തിക്കാന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള എല്ലാ സഭകളോടും ദൈവജനത്തെ ഉൾപ്പെടുത്തി സമാനമായ ശുശ്രൂഷകള്‍ ക്രമീകരിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നു പാപ്പ ഇക്കഴിഞ്ഞ ആഴ്ച പറഞ്ഞിരിന്നു.
യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. അത് മരണവും നാശവുമാണ് വിതയ്ക്കുന്നതെന്നും യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യുമെന്നും പാപ്പ പറഞ്ഞു. നേരത്തെ വിശുദ്ധ നാട്ടില്‍ സമാധാനം കൈവരുന്നതിനായി ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുവാന്‍ ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല ആഹ്വാനം ചെയ്തിരിന്നു. ഇതില്‍ പങ്കുചേരാന്‍ പിന്നീട് ഫ്രാന്‍സിസ് പാപ്പയും ആഹ്വാനം നല്കി. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രാര്‍ത്ഥനാദിനം കൂടി പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.
പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടു ഒക്ടോബർ ഇരുപത്തിയേഴാം തിയതി ഉപവാസപ്രാർത്ഥനാദിനമായി ആചരിക്കുകയും യുദ്ധത്തിനെതിരേയുള്ള എല്ലാ സമാധാനപരിശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യണമെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവിച്ചു.
ഗോവയിലെയും ദാമനിലെയും ആർച്ച് ബിഷപ്പായ കർദ്ദിനാൾ ഫിലിപ്പ് നേരി, പ്രാര്‍ത്ഥന ദിനാചരണത്തില്‍ പങ്കുചേരണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വിശുദ്ധനാട്ടിലെ സമാധാനത്തിനായി എല്ലാ ക്രൈസ്തവരും ഒന്നായി പ്രാർത്ഥിക്കണമെന്ന പാപ്പയുടെ ആഹ്വാനം അദ്ദേഹം ആവർത്തിച്ചു. അതേസമയം ദിവ്യകാരുണ്യ ആരാധനയുമായി പ്രാര്‍ത്ഥന ദിനാചരണത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം പങ്കുചേരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.