എറണാകുളം : കേരളത്തിന്റെ യഥാർത്ഥ നവോഥാന നായകൻ ചാവറയച്ചനാണെന്നും യാഥാർഥ്യത്തെ തമസ്കരിച്ച് ചരിത്രത്തെ വളച്ചൊടിച്ചു സാക്ഷര കേരളത്തിന് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ രാംമോഹൻ പാലിയത്ത് അഭിപ്രായപ്പെട്ടു.
അക്ഷരങ്ങൾക്കും വായനയ്ക്കും ഇന്നത്തെ തലമുറ നൽകുന്ന പ്രാധാന്യം വലുതാണെന്നും അത് ഭാവിയിൽ വലിയ മാറ്റങ്ങൾക്കു വഴിതെളിക്കുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കെയ്റോസ് ജീസസ് യൂത്തിന്റെ ഇരുപത്തിയാറാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സി. ആസ്ഥാനമായ പി.ഒ.സിയിൽ നടന്ന യോഗം സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിൽ നല്ല ജീവിത മാതൃകകൾ ഉണ്ടാകണമെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലുംപെട്ടവരെ ചേർത്തുപിടിക്കാനുള്ള വിളി വലുതാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കാത്തലിക് മീഡിയ അസോസിയേഷന്റെ അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ എഴുത്തുകാരെ യോഗത്തിൽ ആദരിച്ചു. കെയ്റോസ് ഡയറക്ടർ ഡോ.ചാക്കോച്ചൻ ഞാവള്ളിൽ അധ്യക്ഷത വഹിച്ചു. ഫാ.വർഗ്ഗീസ് ചെമ്പോളി, അഡ്വ. ജോൺസൺ ജോസ്, പ്രൊഫ.സി.സി.ആലീസ്ക്കുട്ടി, അഡ്വ.റൈജു വർഗീസ്, മിഥുൻ പോൾ, പി.ജെ. ജസ്റ്റിൻ, സി.എ. സാജൻ, സുജ സിജു, ആന്റോ എൽ.പുത്തൂർ എന്നിവർ പ്രസംഗിച്ചു.
കെയ്റോസ് ജീസസ് യൂത്തിന്റെ ഇരുപത്തിയാറാം വാർഷിക പൊതുയോഗം സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ ഉദ്ഘാടനം ചെയ്യുന്നു