പ്രതിസന്ധികളിൽ ആശ്രയം ക്രൂശിതൻ്റെ അമ്മ മാത്രം:ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു.
19-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19- മത് മരിയന്‍ തീർത്ഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു.
വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശീര്‍വദിച്ച പതാകയേന്തി കിഴക്കന്‍ മേഖലയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ അതിരൂപത വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ നിര്‍വഹിച്ചു.
പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ നിന്ന് വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്തു.ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തുന്ന നാനാജാതി മതസ്ഥരായ തീർത്ഥാടകർ തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ പങ്കെടുത്തു.
അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളായി. ഫാ. ഡോ.മാര്‍ട്ടിന്‍ എന്‍. ആന്റണി വചന സന്ദേശം നല്‍കി. തുടര്‍ന്ന് വിശ്വാസികളെ ആര്‍ച്ച്ബിഷപ്പ് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു.
സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ ഫാ.എബ്രഹാം കടിയകുഴിയും ബ്രദര്‍ സാബു ആറുതൊട്ടിയിലും നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്‍വെന്‍ഷന്‍ വൈകീട്ട് 4. 30 മുതല്‍ 9 വരെ ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയും നടക്കും .എട്ടാമിടം ഒക്ടോബര്‍ 1 ന്.